

ആംസ്റ്റര്‍ഡാം: നിലവില്‍ ഹോളണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പ്രകടനം മികച്ചതാണ്. റൊണാള്‍ഡ് കോമാന്‍ ടീമിന്റെ പരിശീലകനായി വന്നതോടെയൊണ് ഓറഞ്ച് വസന്തം വീണ്ടും പൂക്കാനാരംഭിച്ചത്. 2018 ഫെബ്രുവരിയില്‍ പരിശീലകനായി സ്ഥാനമേറ്റ ശേഷം മുന്‍ താരം കൂടിയായ കോമാന്റെ കീഴില്‍ കളിച്ച ഹോളണ്ട് 18 മത്സരങ്ങളില്‍ 10ലും വിജയം സ്വന്തമാക്കി. നാല് മത്സരങ്ങളില്‍ സമനിലയും. യുവേഫ നേഷന്‍സ് ലീഗ് ഫൈനിലിലും അദ്ദേഹം ടീമിനെ എത്തിച്ചു.
ഇപ്പോഴിതാ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റ സമയത്ത് കോമാന്റെ കരാറില്‍ എഴുതി ചേര്‍ത്ത വിചിത്രമായ ഒരു കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ നിക്കോ ജാന്‍ ഹൂഗ്മ. സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ പരിശീലക സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചാല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും എന്നാണ് എഴുതി ചേര്‍ത്തിരിക്കുന്നത്.
നിലവില്‍ 2022ലെ ലോകകപ്പ് വരെയാണ് കോമാന്റെ കരാറുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പിനുള്ള യോഗ്യതയ്ക്ക് തൊട്ടരികിലാണ് ഹോളണ്ട്. കഴിഞ്ഞ നാല് യോഗ്യതാ പോരാട്ടങ്ങളും വിജയിച്ച അവര്‍ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. യോഗ്യതാ കടമ്പ കടക്കാന്‍ ഒരു പോയിന്റ് മാത്രമെ ഓറഞ്ച് പടയ്ക്ക് ആവശ്യമുള്ളു.
നിലവില്‍ നെതര്‍ലന്‍ഡ് ടീമിനൊപ്പം കോമാന്റെ പ്രകടനം മികച്ചതാണ് അതിനാല്‍ തന്നെ ഇതൊരു ദീര്‍ഘകാല ബന്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൂഗ്മ പറഞ്ഞു. എന്നാല്‍ ബാഴ്‌സലോണയില്‍ നിന്ന് താതപര്യം പ്രകടിപ്പിച്ചാല്‍ കോമാന് പോകാന്‍ അനുമതിയുണ്ട്. ഇക്കാര്യം കരാറില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബാഴ്‌സ അതിനായി പണം നല്‍കേണ്ടിവരുമെന്ന് മാത്രം, ഹൂഗ്മ വ്യക്തമാക്കി.
ബാഴ്‌സലോണയുടെ മുന്‍ സൂപ്പര്‍ താരം കൂടിയായിരുന്നു കോമാന്‍. 1989 മുതല്‍ 1995 വരെ അദ്ദേഹം ബാഴ്‌സയ്ക്കായി കളത്തിലിറങ്ങിയിരുന്നു.
നിലവില്‍ ലാ ലിഗയില്‍ ഒന്നാം സ്ഥാനക്കാരാണ് ബാഴ്‌സലോണ. സീസണിന്റെ തുടക്കത്തില്‍ അവര്‍ ക്ഷീണത്തിലായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിരത തിരിച്ചു പിടിച്ചാണ് തലപ്പത്തേക്ക് കയറിയത്. പരിശീലകന്‍ ഏണസ്റ്റോ വെല്‍വര്‍ഡെയുടെ സ്ഥാനത്തിന് ഇപ്പോള്‍ ഭീഷണിയൊന്നുമില്ല. അതേസമയം ഭാവിയില്‍ വെല്‍വര്‍ഡെയുടെ സ്ഥാനം നഷ്ടപ്പെട്ടാല്‍ കോമാനെ കറ്റാലന്‍ ടീം പരിഗണിക്കുമെന്നു തന്നെയാണ് വിലയിരുത്തലുകളുള്ളത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
