കൊച്ചി: പ്രഥമ ഐഎസ്എൽ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായി നിന്ന പ്രതിരോധ താരം സന്ദേശ് ജിങ്കാൻ ടീം വിട്ടു. ജിങ്കാനുമായി പരസ്പര ധാരണയോടെ വഴിപിരിയുന്നതായി ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ അണിഞ്ഞിരുന്ന 21ാം നമ്പർ ജേഴ്സിയും വിരമിച്ചു.
2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഢ് സ്വദേശിയായ ജിങ്കാൻ ക്ലബിനൊപ്പമുള്ള ആറ് സീസണുകൾക്ക് ശേഷമാണ് വഴി പിരിഞ്ഞത്. ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന 26കാരനായ ജിങ്കാൻ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.
‘ആദ്യ ദിവസം മുതല്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചെങ്കിലും ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ചില മികച്ച ഓര്‍മ്മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു. ക്ലബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമര്‍ശം, നിങ്ങള്‍ എന്നോടും, കെബിഎഫ്‌സിയോടും കാണിച്ച എല്ലാ സ്‌നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങള്‍ ക്ലബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബും ആരാധകരും എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തും. നന്ദി!‘ - ജിങ്കാൻ വ്യക്തമാക്കി.
‘ക്ലബിനോടും അതിന്റെ പിന്തുണക്കാരോടും സന്ദേശിനുള്ള പ്രതിബദ്ധത, വിശ്വസ്തത, അഭിനിവേശം എന്നിവയ്ക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പുതിയ വെല്ലുവിളി പിന്തുടരാനുള്ള സന്ദേശിന്റെ ആഗ്രഹത്തെ കെബിഎഫ്‌സി മാനിക്കുന്നു. ഈ പുതിയ യാത്രയ്ക്ക് ഞങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും ഹൃദയത്തില്‍ ഒരു ബ്ലാസ്റ്ററായി തുടരും. ക്ലബിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പര്‍ 21 ഇനി ടീമില്‍ ഉണ്ടാകില്ല, അതും സ്ഥിരമായി വിരമിക്കും.‘കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates