

കറാച്ചി: ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മിക്കി ആര്‍തറെ മാറ്റിയിരുന്നു. കരാര്‍ പ്രകാരം ആര്‍തര്‍ക്ക് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. എന്നാല്‍ ആര്‍തറേയും പരിശീലക സംഘത്തിലെ മറ്റുള്ളവരേയും മാറ്റാന്‍ പാക് ക്രിക്കറ്റ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ അവര്‍ക്ക് പരിശീലകരില്ല. പുതിയ പരിശീലകനെ ഉടന്‍ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക് അധികൃതര്‍.
അതിനിടെ മുന്‍ നായകനും ഇതിഹാസ താരവുമായ മിസ്ബ ഉള്‍ ഹഖ് പാകിസ്ഥാന്റെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. മുന്‍ പാകിസ്ഥാന്‍ താരങ്ങളും നിലവിലെ പാക് താരങ്ങളുമെല്ലാം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് മിസ്ബയുടേത്.
അതേസമയം മുന്‍ നായകന് പരിശീലകനെന്ന നിലയില്‍ ഒട്ടും പരിചയമില്ല. മിസ്ബയ്ക്ക് അവസരം നല്‍കിയാല്‍ അദ്ദേഹത്തിന്റെ ആദ്യ കരാര്‍ ആയിരിക്കും പാക് ടീമിന്റെ കോച്ചിങ് സ്ഥാനം.
രണ്ട് വര്‍ഷം മുന്‍പാണ് മിസ്ബ ഉള്‍ ഹഖ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പാകിസ്ഥആന് വേണ്ടി 75 ടെസ്റ്റുകളും 162 ഏകദിനങ്ങളും 29 ടി20 മത്സരങ്ങളും കളിച്ചു. പാക് ക്രിക്കറ്റ് സംഭാവന ചെയ്ത മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മിസ്ബ. 56 ടെസ്റ്റ് പോരാട്ടങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹത്തിന്റെ കീഴില്‍ 26 വിജയങ്ങളും 19 തോല്‍വികളും 11 സമനിലകളുമാണ് പാക് ടീം സ്വന്തമാക്കിയത്.
മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക് ഹെസ്സനും പാക് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എങ്കിലും നിലവിലെ പാക് ടീമിലുള്ള പലരും മിസ്ബയുടെ കീഴില്‍ കളിച്ചവരാണ്. അതിനാല്‍ തന്നെ മിസ്ബയ്ക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates