പനാജി; ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് കേരളാ ബ്ലാസ്റ്റേഴസ്. മത്സരഫലം തന്നെ നിര്‍ണയിക്കുമായിരുന്ന പെനാല്‍റ്റികിക്ക് തടഞ്ഞതോടെയാണ് മത്സരം സമനിലയിലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചത്. ആദ്യപകുതിയില്‍ ലഭിച്ച ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ നഷ്ടമാക്കിയ ചെന്നൈയിന്‍ താരങ്ങളുടെ പിഴവുകളും ബ്ലാസ്റ്റേഴ്‌സിന്റെ 'സമനില' തെറ്റാതെ കാത്തു. ഇതോടെ മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തു തുടരുന്നു.
പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം എതിരാളികളേക്കാള്‍ മുന്നില്‍ നിന്നെങ്കിലും മുന്നേറ്റത്തിലെ മൂര്‍ച്ചക്കുറവാണ് ഇക്കുറിയും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. എങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച കളിയാണ് പുറത്തെടുത്തത് എ്ന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു സമനിലകളും ഒരു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. പെനാല്‍ട്ടി സേവ് ചെയ്ത് ബ്ലാസ്റ്റേഴ്സിന്റെ താരമായി മാറിയ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
73-ാം മിനിട്ടില്‍ അനാവശ്യമായി പെനാല്‍ട്ടി ബോക്സില്‍ ഒരു ഫൗള്‍ നടത്തിയതിന് ബ്ലാസ്റ്റേഴ്സ് സിഡോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ റഫറി പെനാല്‍ട്ടിയും വിധിച്ചു. ചെന്നൈയ്ക്കായി കിക്കെടുത്തത് യാക്കൂബ് സില്‍വസ്റ്ററായിരുന്നു. എന്നാല്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് ബ്ലാസ്റ്റേഴ്സ് ഗോളി ആല്‍ബിനോ തകര്‍പ്പന്‍ സേവുമായി രക്ഷകനായി. ചെന്നൈയ്ക്ക് മുന്നില്‍ കയറാനുള്ള അവസരം മുതലാക്കാനുമായില്ല.
ഇന്‍ജുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് നായകന്‍ സിഡോ പരിക്കേറ്റ് പുറത്തുപോയി. പിന്നീടുള്ള അഞ്ചുമിനിട്ടില്‍ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates