

ബ്യൂണസ് അയേഴ്സ്: അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിംപിക്സിൽ ഇന്ത്യയുടെ മനു ഭക്കറിന് ഷൂട്ടിങിൽ സ്വർണം. 10 മീറ്റർ എയർ പിസ്റ്റളിളാണ് താരം ഇന്ത്യക്കായി സ്വർണം വെടിവച്ചിട്ടത്. ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. 236.5 പോയിന്റ് സ്വന്തമാക്കിയാണ് മനു സ്വർണം നേടിയത്. റഷ്യൻ താരം ഇയാന എനീന വെള്ളിയും നിനോ ഖുട്സിബെറീട്സ് വെങ്കലവും നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ അഞ്ചായി ഉയർന്നു. യൂത്ത് ഒളിംപിക്സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2014ൽ ഇന്ത്യ ഒരു വെള്ളിയും വെങ്കലവും നേടിയിരുന്നു. ഈ നേട്ടം മറികടക്കാൻ 46 അംഗ ഇന്ത്യൻ സംഘത്തിന് ഇത്തവണ സാധിച്ചു.
ഇക്കുറി ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരമാണ് പതിനാറുകാരിയായ മനു ഭക്കർ. കഴിഞ്ഞ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിലും മനു സ്വർണം നേടിയിരുന്നു. ഷൂട്ടിങ് ലോകകപ്പിൽ രണ്ട് സ്വർണവും സ്വന്തമാക്കി. അതേസമയം, ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. ഈ നിരാശ മറക്കുന്ന പ്രകടനമാണ് യൂത്ത് ഒളിംപിക്സിൽ മനുവിന്റെ സുവർണ നേട്ടം.
നേരത്തെ പുരുഷ വിഭാഗം 62 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുംഗയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. പുരുഷ വിഭാഗം ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിളിൽ തുഷാർ മാനെ, വനിതാ വിഭാഗം ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിളിൽ മെഹൂലി ഘോഷ്, ജൂഡോ വനിതാ വിഭാഗം 44 കിലോഗ്രാമിൽ ടബാബി ദേവി എന്നിവരാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ സമ്മാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates