ന്യൂഡല്‍ഹി: ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡുവിനെ തഴഞ്ഞതില്‍ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടതിനു പിന്നാലെ റായുഡുവിനെ ഒഴിവാക്കിയ നടപടി ഹൃദയഭേദകം ആണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. അതേസമയം ഋഷഭ് പന്ത് പുറത്തായതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
''ഏകദിനത്തില്‍ 48 റണ്‍സ് ശരാശരിയുള്ള പ്രായം 33-ല്‍ എത്തിയ ഒരു താരത്തെ പുറത്താക്കിയ നടപടി നിര്‍ഭാഗ്യകരമാണ്. ഏകദിനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കളിക്കാരനാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് മറ്റേത് തീരുമാനത്തേക്കാളും ഹൃദയഭേദകമാണ് ഇക്കാര്യം'' - ഗംഭീര്‍ പറഞ്ഞു.
''എനിക്ക് അവനോട് സഹതാപം തോന്നുന്നു, കാരണം 2007-ല്‍ ഞാനും ഈ അവസ്ഥയില്‍ കൂടി കടന്നുപോയിട്ടുണ്ട്. അത് എത്രത്തോളം വേദനാജനകമാണെന്ന് എനിക്കറിയാം. സെലക്ടര്‍മാര്‍ എന്നെ ആ വര്‍ഷത്തെ ലോകകപ്പ് ടീമില്‍ എടുത്തിയുന്നില്ല'' - ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ടീമില്‍ റായുഡുവിന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറെയാണ് സെലക്ടർമാർ ടീമിലേക്ക് പരിഗണിച്ചത്. ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനമാണ് റായുഡുവിന് തിരിച്ചടിയായത്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ മേഖലകളിലെല്ലാം ഉപയോഗിക്കാം എന്നായിരുന്നു സെലക്ടർമാർ വിജയ് ശങ്കറിന്റെ സെലക്ഷനെ ന്യായീകരിച്ചത്. റായിഡുവിനെ തഴഞ്ഞതിനെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates