

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരം ശക്തമാകുന്നതിനിടെ പുതിയ രണ്ട് എഐ മോഡലുകള്‍ അവതരിപ്പിച്ച് ആന്ത്രോപിക്. ക്ലോഡ് ഫേബിള്‍ 5.2, ക്ലോഡ് മിത്തോസ് 5.2 എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. എഐയുടെ വികസനം മന്ദഗതിയിലാക്കണമെന്ന് കമ്പനി സിഇഒ ഡാരിയോ അമോഡെയ് ആവശ്യപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ പ്രധാന മോഡല്‍ അവതരണമാണിത്. കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയായ ഐപിഒ സംബന്ധിച്ച ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം.
മുന്‍ പതിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം വരെ വേഗത്തില്‍ മറുപടികള്‍ നല്കാന് പുതിയ മോഡലുകള്‍ക്ക് കഴിയുമെന്നാണ് ആന്ത്രോപിക്കിന്റെ അവകാശവാദം. ഫേബിള്‍ 5.1, മിത്തോസ് 5.1 പതിപ്പുകളെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞ ചെലവിലും ഇവ ഉപയോഗിക്കാം. ഒരു ദശലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് എട്ട് ഡോളറും ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 40 ഡോളറുമാണ് പുതിയ നിരക്ക്. കോഡിങ്, യുക്തിപരമായ വിശകലനം, ചിത്രങ്ങള്‍ തിരിച്ചറിയുന്നതിനും മനസിലാക്കുന്നതിനുമുള്ള കഴിവ് തുടങ്ങിയ മേഖലകളില്‍ പുതിയ മോഡലുകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതായും കമ്പനി പറയുന്നു.
പരീക്ഷണഘട്ടത്തില്‍ സങ്കീര്‍ണമായ സോഫ്റ്റ്വെയര് മാറ്റങ്ങള്‍ പൂര്‍ത്തിയാക്കാനും തുടക്കം മുതല്‍ മൂന്ന് പ്രവര്‍ത്തനക്ഷമമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ രൂപകല്പന ചെയ്യാനും ഇവ സഹായിച്ചു. തമോഗര്‍ത്തങ്ങളുടെ ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത രണ്ട് പ്രശ്നങ്ങളില്‍ പുരോഗതി കൈവരിക്കാനും റോബോട്ടിക്സ് പരീക്ഷണങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മോഡലുകള്‍ക്ക് സാധിച്ചു. ഫെര്‍മാറ്റിന്റെ അവസാന സിദ്ധാന്തത്തിന്റെ തെളിവ് ഗണിതശാസ്ത്രപരമായി ഔപചാരികമാക്കാന്‍ 30 മണിക്കൂര്‍ മാത്രമാണ് വേണ്ടിവന്നതെന്നും ആന്ത്രോപിക് അവകാശപ്പെടുന്നു.
രണ്ട് മോഡലുകളും ഒരേ അടിസ്ഥാന എഐ സാങ്കേതികവിദ്യയിലാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും സുരക്ഷാ നിയന്ത്രണങ്ങളിലും ലഭ്യതയിലും വ്യത്യാസമുണ്ട്. അപകടസാധ്യതയുള്ള സൈബര്‍ സുരക്ഷാ, ജൈവശാസ്ത്ര ഗവേഷണ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗം പരിമിതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് ഫേബിള്‍ 5.2 എത്തുന്നത്. അതിനാല്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാകും. എന്നാല്‍ താരതമ്യേന കുറഞ്ഞ സുരക്ഷാ നിയന്ത്രണങ്ങളുള്ള മിത്തോസ് 5.2, സൈബര്‍ സുരക്ഷാ, ബയോമെഡിക്കല്‍ ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനയ്ക്ക് വിധേയമായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുക.
പരമ്പരാഗത ചാറ്റ്ബോട്ട് ഉപയോഗത്തിനപ്പുറം സങ്കീര്‍ണമായ ജോലികള്‍ ചെയ്യുന്നതിനാണ് പുതിയ മോഡലുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഒരേസമയം നിരവധി എഐ ഏജന്റുകളെ ഉപയോഗിച്ച് കോഡ് എഴുതാനും പരിശോധിക്കാനും തിരുത്താനും ഫേബിള്‍ 5.2ന് സാധിക്കും. ആയിരത്തിലധികം എഐ ഏജന്റുകളെ ഉപയോഗിച്ച് എട്ട് ദിവസംകൊണ്ട് പ്രവര്‍ത്തനക്ഷമമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിച്ചതായും കമ്പനി വെളിപ്പെടുത്തി. ഇതേ രീതിയില്‍ ആയിരം ഏജന്റുകളെ ഉപയോഗിച്ച് ഫെര്‍മാറ്റിന്റെ അവസാന സിദ്ധാന്തത്തിന്റെ തെളിവ് ഔപചാരികമാക്കുന്നതിനും ശാസ്ത്രജ്ഞരെ സഹായിച്ചു.
സൈബര്‍ സുരക്ഷാ ഗവേഷണത്തിനും സോഫ്റ്റ്വെയറുകളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനും മിത്തോസ് 5.2 കൂടുതല്‍ അനുയോജ്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ജീന്‍ തെറാപ്പി ഗവേഷണങ്ങളില്‍ ഉപയോഗിക്കുന്ന അഡിനോ അസോസിയേറ്റഡ് വൈറസുകളുമായി ബന്ധപ്പെട്ട 34 പ്രോട്ടീന്‍ ഘടനകളില്‍ 28 എണ്ണവും വിജയകരമായി മാതൃകയാക്കാനും മോഡലിന് സാധിച്ചു.
നിലവില്‍ ക്ലോഡ്, ക്ലോഡ് കോഡ്, എപിഐ എന്നിവയുള്‍പ്പെടെയുള്ള ആന്ത്രോപിക്കിന്റെ പ്ലാറ്റ്ഫോമുകളില്‍ ഫേബിള്‍ 5.2 ലഭ്യമാണ്. ആമസോണ്‍ വെബ് സര്‍വീസസ്, ഗൂഗിള്‍ ക്ലൗഡ്, മൈക്രോസോഫ്റ്റ് അസ്യൂര്‍ എന്നിവ വഴിയും ഡെവലപ്പര്‍മാര്‍ക്ക് ഇത് ഉപയോഗിക്കാം. അതേസമയം, മിത്തോസ് 5.2 എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടില്ല. ആന്ത്രോപിക് നടത്തുന്ന പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ ഇതിലേക്ക് പ്രവേശനം അനുവദിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates