

ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ഔദ്യോഗികമായി ചുവടുവെച്ച് ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ 'ഗ്രോക്ക്' (Grok). മസ്‌ക് വാഗ്ദാനം ചെയ്ത ചരിത്രപ്രധാനമായ എഐ ചലച്ചിത്രത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍, ഗ്രോക്കിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടായ 'ഗ്രോക്ക് ഇമാജിന്‍', ഗ്രീക്ക് ഇതിഹാസമായ 'ഒഡിസി'യെ അടിസ്ഥാനമാക്കിയുള്ള 7 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തിറക്കി. മുഴുവന്‍ ഫീച്ചര്‍ ഫിലിമിന് പകരം, വരാനിരിക്കുന്ന പരമ്പരയിലെ ആദ്യ എപ്പിസോഡായാണ് ഈ ഹ്രസ്വചിത്രം പുറത്തുവിട്ടത്.
വണ്ടര്‍ സ്റ്റുഡിയോസും സംവിധായകന്‍ ദേവ് വാക്കറും ചേര്‍ന്ന് ഗ്രോക്കുമായി സഹകരിച്ചാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രക്രിയയും കൈകാര്യം ചെയ്തത് ഗ്രോക്ക് ആണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എക്‌സ്എഐയുടെ എഐ ഇമേജ് ആന്‍ഡ് വിഡിയോ ടൂളായ 'ഗ്രോക്ക് ഇമാജിന്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ സ്‌ക്രിപ്റ്റ്, ദൃശ്യങ്ങള്‍, ശബ്ദം, ക്യാമറ വര്‍ക്ക് എന്നിവ എങ്ങനെയാണ് ചെയ്തത് എന്നതിനെ കുറിച്ച് കൃത്യമായ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
ട്രോജന്‍ യുദ്ധത്തിനായി പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഗ്രീക്ക് നായകനായ ഒഡിസിയസിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. യുദ്ധത്തിന് പോകാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യ പെനെലോപ്, സമുദ്രത്തിലൂടെ നീങ്ങുന്ന ഗ്രീക്ക് കപ്പലുകള്‍, യുദ്ധ പരിശീലനം നടത്തുന്ന മകന്‍ ടെലിമാക്കസ് എന്നിവരെല്ലാം ചിത്രത്തിലുണ്ട്. കപ്പലുകളുടെ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് തോന്നിപ്പിക്കും വിധം മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എങ്കിലും മസ്‌ക് മുന്‍പ് അവകാശപ്പെട്ടതുപോലെ കഥാപാത്രങ്ങള്‍ പൗരാണിക ഗ്രീക്ക് ഭാഷയിലല്ല സംസാരിക്കുന്നത്. പകരം, വിഡിയോ ഗെയിമിലേതുപോലെ സാധാരണ ബ്രിട്ടീഷ് ഉച്ചാരണത്തിലാണ് കഥാപാത്രങ്ങളും സംസാരിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ തന്റേതായ 'ഒഡിസി' പതിപ്പ് പുറത്തിറക്കിയിരുന്നു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായ ചിത്രം മാസങ്ങളോളം ഐമാക്‌സ് തിയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി ഓടിയിരുന്നു. ആറ് രാജ്യങ്ങളിലായി ആയിരക്കണക്കിന് അണിയറപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നോളന്‍ ഈ വലിയ പ്രോജക്ട് പൂര്‍ത്തിയാക്കിയത്. എന്നാല്‍ നോളന്‍ തന്റെ ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെയും വെള്ളക്കാരല്ലാത്ത അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയതിനെ മസ്‌ക് വിമര്‍ശിച്ചിരുന്നു. ഇതിനുള്ള ന്യായീകരണമെന്നോണം ഗ്രോക്കിന്റെ എഐ പതിപ്പില്‍ മസ്‌കിന്റെ താല്‍പ്പര്യത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം താനൊരു 'ടെക്‌നോ-സ്‌കെപ്റ്റിക്' ആണെന്ന് വ്യക്തമാക്കിയ നോളന്‍, എഐയോട് സമൂഹം പുലര്‍ത്തുന്ന അമിത ചായ്വിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുമുണ്ട്.
എഐ വിഡിയോ കാഴ്ചയില്‍ കൊള്ളാമെങ്കിലും പൊതുവെ വലിയ വിമര്‍ശനങ്ങളാണ് ഇതിന് ലഭിക്കുന്നത്. മനുഷ്യന്റെ സ്പര്‍ശമോ വൈകാരിക തലങ്ങളോ ഇതിലില്ലെന്ന് നിരൂപകരും സമൂഹ മാധ്യമ ഉപയോക്താക്കളും ചൂണ്ടിക്കാണിക്കുന്നു. സംഭാഷണങ്ങള്‍ കൃത്രിമമാണെന്നും പശ്ചാത്തല വിവരണം അനാവശ്യമായി നീണ്ടുപോയെന്നും വിമര്‍ശകര്‍ പറയുന്നു. നോളന്റെ മൂന്ന് മണിക്കൂര്‍ സിനിമ കാണികളെ പിടിച്ചിരുത്തിയപ്പോള്‍, ഗ്രോക്കിന്റെ 7 മിനിറ്റ് ക്ലിപ്പ് പാതിവഴി എത്തുമ്പോഴേക്കും ബോറടിപ്പിക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. എക്‌സിലെ നിരവധി ഉപയോക്താക്കള്‍ ഇതിന്റെ വേഗതയെ വിമര്‍ശിക്കുകയും, ഗെയിമുകളില്‍ ഒഴിവാക്കി വിടുന്ന കട്ട്‌സീനുകള്‍ പോലെയാണ് ഇതെന്നും പരിഹസിക്കുന്നുണ്ട്.
ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത മുഴുനീള ചിത്രം എപ്പോഴാണ് പുറത്തിറങ്ങുക എന്ന കാര്യം ഇനിയും വ്യക്തമല്ല. യഥാര്‍ത്ഥ മനുഷ്യരായ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും പകരമാവാന്‍ എഐക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates