

ന്യൂഡല്‍ഹി: 36 മണിക്കൂറിലേറെ നീണ്ട ആഗോള സേവനതകരാര്‍ പരിഹരിച്ച് മൈക്രോസോഫ്റ്റ്. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ് ഉള്‍പ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങളെല്ലാം പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു. വ്യാഴാഴ്ച ആരംഭിച്ച തകരാര്‍ 70ലേറെ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും ബാധിച്ചിരുന്നു. സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ശനിയാഴ്ച മൈക്രോസോഫ്റ്റ് അറിയിച്ചു. സംഭവത്തില്‍ ഉപയോക്താക്കളോട് മൈക്രോസോഫ്റ്റ് ക്ഷമാപണം നടത്തുകയും തകരാറിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് അറിയിക്കുകയും ചെയ്തു.
വ്യാഴാഴ്ചയാണ് മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ മെയില്‍ബോക്‌സുകള്‍ ഉപയോഗിക്കുന്നതില്‍ ഉപയോക്താക്കള്‍ ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഔട്ട്‌ലുക്ക്, ടീംസ്, കോപൈലറ്റ്, ഷെയര്‍പോയിന്റ്, പ്ലാനര്‍, ടു ഡു തുടങ്ങിയ മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലേക്കും തകരാര്‍ വ്യാപിച്ചു. ടീംസിലെ അടിസ്ഥാന സന്ദേശ കൈമാറ്റവും ഓണ്‍ലൈന്‍ മീറ്റിങ് സംവിധാനങ്ങളും മിക്കവാറും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും എക്‌സ്‌ചേഞ്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട കലണ്ടര്‍, മീറ്റിങ് ഷെഡ്യൂളിങ് തുടങ്ങിയ ഫീച്ചറുകളെ തകരാര്‍ ബാധിച്ചു.
ഇമെയിലുകള്‍, കലണ്ടറുകള്‍, ഫയലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും കോപൈലറ്റ് ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളുണ്ടായി. നേരത്തേ നടത്തിയ നെറ്റ്വര്‍ക്ക് കപാസ്റ്റി അപ്‌ഗ്രേഡുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണ് തകരാറിന് കാരണമെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. പിന്നീട് നടത്തിയ മറ്റൊരു നെറ്റ്വര്‍ക്ക് മാറ്റത്തിന് പിന്നാലെയാണ് പ്രശ്‌നം പ്രകടമായത്. സൈബര്‍ ആക്രമണമോ എഐ ഏജന്റുകളോ അല്ല തകരാറിന് കാരണമെന്നും കമ്പനി വ്യക്തമാക്കി.
എല്ലാ സേവനങ്ങളും ഒരേസമയം പുനഃസ്ഥാപിക്കുന്നതിന് പകരം ഘട്ടംഘട്ടമായാണ് മൈക്രോസോഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കിയത്. ഓരോ ഘട്ടത്തിലും സംവിധാനങ്ങളുടെ സ്ഥിരത ഉറപ്പാക്കിയ ശേഷമാണ് അടുത്ത നടപടികളിലേക്ക് കടന്നത്. തകരാര്‍ സമയത്ത് അയക്കാന്‍ കഴിയാതെ വൈകിയ ഇമെയിലുകള്‍ നഷ്ടപ്പെടാതിരിക്കാനായി ഇമെയില്‍ ടൈംഔട്ട് പരിധി 48 മണിക്കൂറായി നീട്ടുകയും ചെയ്തു. നിരവധി സ്ഥാപനങ്ങള്‍ ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, ബദല്‍ സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകതയും സംഭവം ചര്‍ച്ചയാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates