കോട്ടയം എന്നത് വെറുമൊരു സ്ഥലപ്പേര് മാത്രമല്ല. ഭാഷയുടെ ശൈലി മാത്രമല്ല, സ്വന്തമായ പലഹാരങ്ങളും കോട്ടയത്തിന്റേത് ആയിട്ടുണ്ട്. ചുരുട്ടാണു അതില് വേറെങ്ങും അധികം കണ്ടിട്ടില്ലാത്ത സാധനം. അതുപോലെ പനങ്കള്ള് പറ്റിച്ചെടുക്കുന്ന തേനുപോലിരിക്കുന്ന പാനി. പണ്ട് സുറിയാനിക്കാരടെ കല്യാണത്തിന് വിരുന്നുകാര്‍ക്ക് കൊടുക്കാന്‍ നല്ല കദളിപ്പഴോം പിന്നെ ഈ പാനീം നിര്‍ബന്ധമാരുന്നു. കദളിപ്പഴോന്നു പറഞ്ഞാ, ഈ പൂജയ്‌ക്കൊക്കെ വയ്ക്കുന്ന പഴം. ചെലടത്ത് രസകദളീന്നു പേരൊള്ള ഞാലിപ്പൂവനാ അതിനോട് അടുത്തെങ്കിലും എത്തുന്ന രുചിയൊള്ളത്. ഇപ്പോ പാനീം കിട്ടാനില്ല കദളിവാഴേം കാണാനില്ല. എന്തിനു പറയുന്നു, നല്ല തേന്‍വരിക്കപോലും കണ്ടുകിട്ടാന്‍ പാടാ. മൊത്തം റബറായില്ലേ?
കോട്ടയത്തിന്റെ തനത് പലഹാരങ്ങളാരുന്ന അച്ചപ്പം, കൊഴലപ്പം, ചീപ്പപ്പം, ഡയമണ്ട് കട്ട്‌സ്, അവലോസുണ്ട തൊടങ്ങി പലതും ഇപ്പോ വേറേടത്തും കിട്ടും. പെരുന്നാളിനും ഉത്സവത്തിനുമൊക്കെ കുറവിലങ്ങാട്ടൂന്നും മറ്റും വാഴനാരീക്കെട്ടി വില്‍ക്കാന്‍ കൊണ്ടുവന്നിരുന്ന ഉഴുന്താടേം ഇപ്പോ കാണാതായി. അതെടുത്തു പണ്ട് പിള്ളേര് കൈയേ മോതിരം കോര്‍ത്തു നടക്കുവാരുന്നു. എന്നിട്ട് ഓരോന്നെടുത്തു കഴിക്കും. എങ്കിലും പാലപ്പം വേണേ കോട്ടയത്തൂന്ന് കഴിക്കണം.. അതും കൊമരകത്തേ കരിമീനിട്ടുവച്ച നല്ല മീന്‍മപ്പാസുകൂട്ടി. എന്നാ രുചിയാ! പറയാമ്മറന്നു. തിന്നുകാന്ന് ഞങ്ങളങ്ങനെ പറയത്തില്ല. അതെന്തോ മോശമാ, ഇവിടെ പലര്‍ക്കും. പശൂം ആടുമൊക്കെയാത്രേ തിന്നുന്നത്. കഴിക്കുകാന്ന് പറയുന്നതാ വെല. തിരുവന്തപുരത്താ ചോറു തിന്നുന്നെ. കോട്ടയത്ത് ചോറുണ്ണുകേയൊള്ളൂ.
ബാഷേലങ്ങനെ എന്തൊക്കെ വലിപ്പച്ചെറുപ്പങ്ങളാ...ഇന്നിപ്പം ഈ അറബിച്ചൊവയൊള്ള ഹോട്ടലുകളുടെ മുമ്പീ കെടന്ന് കറങ്ങുന്ന നരകക്കോഴിയില്ലേ? ഷവായീന്ന് പറയുന്ന സാധനം. അതേജാതി സാധനത്തേ പണ്ടേ കോട്ടേംകാര് ഒണ്ടാക്കുവാരുന്നു. പക്ഷേ, വേറേ ടേസ്റ്റാ. കോഴിയെ അതേപടി, ഉള്ളില് മസാലയൊക്കെ സ്റ്റഫ് ചെയ്ത് തീയില് ചുട്ടെടുക്കുന്ന പരിപാടി. നല്ല രസാ ഈ പഴേ മലയാളമൊക്കെ വായിക്കാന്‍. പഴേ സന്മാര്‍ഗപാടപൊസ്തകത്തിലെ വരികളൊക്കെ കാണണം. സൂചീം നൂലും തുന്നുന്ന ഒരു കത വായിച്ചതോര്‍മയൊണ്ട്. കഥയൊന്നുമല്ല, ഓര്‍മ. അയിലെ ബാഷയാ. അതിങ്ങനെ ഒരു നൂലേ കോര്‍ത്തപോലെ ഒറ്റവരീലിങ്ങനെ ഫുള്‍സ്‌റ്റോപ്പൊന്നുമില്ലാത പോകുവാ. ഓര്‍ക്കുമ്പോ ഒരു കൗതുകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates