സിഎംഎസ് കോളജും വിദ്യാസംഗ്രഹവും

സിഎംഎസ് കോളജും വിദ്യാസംഗ്രഹവും

നാട്ടുവര്‍ത്താനത്തിന്റെ പ്രത്യേകത, അതില് വ്യാകരണ നിയമങ്ങളൊന്നും വഴങ്ങില്ലാന്നാണ്
Published on

അക്ഷരനഗരി എന്നാണ് കോട്ടയത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. ആദ്യം അച്ചടി തൊടങ്ങിയതും പിന്നെ മനുഷമ്മാര് വായിക്കുന്ന വല്ലോം അച്ചടിച്ചെറക്കിയതും ഒക്കെ കോട്ടേത്തൂന്നല്ലേ?. നസ്രാണിദീപീകേടെ കാര്യമല്ല പറയുന്നെ. ഈ മാ പ്രസിദ്ധീകരണം മാ പ്രസിദ്ധീകരണം എന്നൊക്കെ പറയത്തില്ലേ? 'മനോരാജ്യം', 'മംഗളം', 'മലയാളമനോരമ' അങ്ങനെയങ്ങനെ...കേരളത്തിലെ ആദ്യ കോളജ് കോട്ടേത്താ വന്നതെന്നറിയാല്ലോ. സിയെമ്മസ് കോളേജ്. അവിടെത്തന്നെയാണ് കേരളത്തിലെ ആദ്യത്തെ കോളജ് മാഗസിനും ഇറങ്ങുന്നത്. വിദ്യാസംഗ്രഹോന്നാ പേര്. ഇപ്പഴും ആ പേരീ തന്നാ അവിടെ മാഗസിനിറങ്ങുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണി മുതല്‍ തുടങ്ങുന്ന ഗദ്യസാഹിത്യകാരന്മാരുടെ വലിയ നെരയൊണ്ട് കോട്ടയത്ത്. പൈങ്കിളിക്കാരെ മാറ്റിനിര്‍ത്തിയാല്‍ അയ്മനം ജോണ്‍, സക്കറിയ എന്നിവരൊക്കെ അടങ്ങുന്ന ഒരു രണ്ടാംഘട്ടമൊണ്ട്. പക്ഷേ, ഇവരാരും കോട്ടേംബാഷ അത്രയ്ക്കങ്ങ് ഉപയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അല്ലേലും സക്കറിയേടെ ദേശമേതാ? പാലായാണോ? മംഗലാപുരമാണോ? ഡല്‍ഹിയാണോ? തിരുവനന്തപുരമാണോ? ദേശാന്തര ദേശക്കാരനാണ് സക്കറിയ. ഒരിടത്തേക്കും പിടിച്ചുകെട്ടാന്‍ പറ്റത്തില്ല.

ബാബു കുഴിമറ്റോമൊക്കെയൊണ്ട്. പക്ഷേ, കോട്ടേംബാഷേക്കാളും വേദപുസ്തകത്തിലെ ഭാഷയാ പുള്ളി ഉപയോഗിച്ചേക്കുന്നെ. ഇയ്യോബിലേം ഉത്തമഗീതങ്ങളിലേം ഒക്കെ ബാഷ. പുനലൂരുകാരനോ മറ്റോ ആയ ഏബ്രഹാം മാത്യുവും ഇതൊക്കെ ഉപയോഗിച്ചു കണ്ടിട്ടൊണ്ട്. ഏറ്റോം പുതിയ തലമുറേല് അന്‍വറബ്ദുള്ളേം ശങ്കറും ഉണ്ണി ആറും സുരേഷ് പി തോമസുമൊക്കെയൊണ്ട്. അവര് പലതരം ക്രാഫ്റ്റുകളുടെയാള്‍ക്കാരാ. ബാഷേലൊന്നും തറഞ്ഞുകെടപ്പല്ല. സുരേഷൊക്കെ അച്ചടിമലയാളത്തിലാണെഴുത്ത്. എസ്. ജോസഫും എം.ആര്‍. രേണുകുമാറും മനോജ് കുറൂരും ഒരു പരിധിവരെ ക്രിസ്പിനും സണ്ണി കപിക്കാടും ഇടുക്കിക്കാരനാണേലും ഒത്തിരിയായി കോട്ടേത്തുള്ള എം.ബി. മനോജും ഒക്കെ കവിതേല് നാട്ടുഭാഷേലെ ചെലചെല പ്രയോഗങ്ങളൊക്കെ കൊണ്ടുവന്നിട്ടൊണ്ട്.

അച്ചടിമലയാളത്തീന്നും തെരുപ്പേച്ചീന്നും വ്യത്യാസമൊള്ള ഭാഷയല്ലേ കവിതേലേത്? അതിന്റെ ദേശത്തെ എവിടെ ഉള്‍ക്കൊള്ളിക്കും? ക്രാഫ്റ്റിന്റെ ഭാഗായിട്ട് കോട്ടയത്തെ പേച്ച് നന്നായിട്ടുപയോഗിച്ചത് കോട്ടേംകാരിയല്ലാത്ത ചന്ദ്രമതിയാവും. പിന്നെ കൊല്ലംകാരന്‍ ബി. മുരളിയും ചേര്‍ത്തലക്കാരിയും ഇപ്പോ വൈക്കത്ത് താമസിച്ച് മാന്നാനത്ത് ജോലി നോക്കുന്നയാളുമായ പ്രിയ എ.എസും ഒക്കെ ഉപായത്തില്‍ കോട്ടേംബാഷ ഉപയോഗിച്ചിട്ടൊണ്ട്. കോട്ടേംഭാഷ ഉപയോഗിച്ച്, പ്രത്യേകിച്ച് തിരുനക്കര മലയാളത്തില്‍ ദീര്‍ഘകാലമെഴുതിയിരുന്നു,  സി.ആര്‍. ഓമനക്കുട്ടന്‍ മാഷ്. സംവിധായകനായ അമല്‍നീരദിന്റെ പിതാവ്.

അതുപോലെ തന്നെ പ്രത്യേകതയുണ്ട് കോട്ടയത്തെ രാഷ്ട്രീയക്കാരുടെ ഭാഷ. കോട്ടയത്തെ തനി ടിപ്പിക്കല്‍ നസ്രാണി മൂപ്പില്‍സിന്റെ ഭാഷയാണ് പി സി ജോര്‍ജ്ജിന്റേത്. അത്യാവശ്യം അടീംതടേമൊക്കെ വശമൊള്ള, പെശകിയാല്‍ തനിപ്പെശകായ, തെറിപറയാനും വാടാപോടാ ലൈനില്‍ നില്‍ക്കാനും ചങ്കൊറപ്പൊള്ള ഒട്ടും ന്യൂട്രലല്ലാത്ത അസ്സല്‍ ആണ്‍മലയാളം. മദ്യപിച്ചുകഴിഞ്ഞാ പിന്നെ മിക്കവരും ഈ ഭാഷയാ. അതില്‍നിന്നു വ്യത്യസ്തമാ കെ.എം. മാണീടെ ഭാഷ. വളരെ സോഫ്റ്റാണെന്ന് തോന്നിപ്പിക്കുമ്പഴും വളരെ അസര്‍ട്ടീവായ, കര്‍ശനമായ വര്‍ത്തമാനം. അതിനൊരു രാജകലയൊണ്ട്. ആ വാക്കുകേട്ടാലറിയാം വെറും മാണിയല്ല, മാണിസാറാണെന്ന്. ശരിക്കും ഹെജിമണി ഒളിപ്പിച്ചുവച്ച ഭാഷ.

ഉമ്മന്‍ചാണ്ടീടേം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേം ഒക്ക ഭാഷേം കോട്ടേം ഭാഷ തന്നെ. പക്ഷേ, അവയേക്കാളൊക്കെ രസികന്‍ ഉഴവൂര്‍ വിജയന്റെ ഭാഷയാണ്. നാട്ടുതമാശകളുടെ വെടിപ്പുരയാണ് ഉഴവൂര്‍ വിജയന്റെ പ്രസംഗങ്ങള്‍. അതിനോടു കിടപിടിക്കാന്‍ കോട്ടയത്തുതന്നെ ഒരു തീപ്പൊരി കുര്യനുമുണ്ട് കുര്യന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ഒരു ഇം​ഗ്ലീഷ് പഠന സ്ഥാപനം നടത്തുന്ന തീപ്പൊരികുര്യന്‍. സിപിഎം നേതാവ് വൈക്കം വിശ്വന്റെ ഭാഷ കേട്ടിട്ടൊണ്ടോ? എത്ര സൗമ്യമായാണ് തുടക്കം. ഒരു ഘട്ടംകഴിഞ്ഞാല്‍ കത്തിക്കാളും. പിന്നവിടെ കാരിരുമ്പിന്റെ കരുത്താരിക്കും. അതേസമയം സുരേഷ്‌ക്കുറുപ്പിനെ കേട്ടിട്ടൊണ്ടോ? പതിഞ്ഞ ഊഞ്ഞാല്‍ത്താളമാണ്.

നാട്ടുവര്‍ത്താനത്തിന്റെ പ്രത്യേകത, അതില് വ്യാകരണ നിയമങ്ങളൊന്നും വഴങ്ങില്ലാന്നാണ്. ഈ വഴക്കമില്ലായ്മ ഉപയോഗിച്ചു ചിരിപ്പിച്ചിട്ടുണ്ട്, തിരുവില്യാമലക്കാരനായ  വികെഎന്‍. അതിനു കോട്ടയം ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിങ്ങനെയാണ്:''അങ്ങനെയൊന്നും ചെയ്യാന്‍ പറ്റത്തില്ല; പറ്റത്തുമോ?'വ്യാകരണം കൃത്യമായി നോക്കിയാല്‍ പറ്റത്തില്ല എന്ന പ്രയോഗത്തിനു വരുന്ന ടാഗ് ക്വസ്റ്റ്യന്‍ പറ്റത്തുമോ എന്നുതന്നെയാവണം. എന്നാലത് വായിച്ചാല്‍ കോട്ടേംകാര്‍ക്കുപോലും ചിരിവരും. ഭാഷേം വ്യാകരണോം തമ്മിലൊള്ള മല്‍പിടുത്തം ഒത്തിരിയെടത്ത് വി കെ എന്‍ കൊണ്ടുവന്നിട്ടൊണ്ട്. ഉദാഹരണത്തിന് ചെവികൂര്‍പ്പിക്കുക എന്ന പ്രയോഗം. ശകുന്തള ദുഷ്യന്തനോട് ചെവി കൂര്‍പ്പിക്കാന്‍ പിശാങ്കത്തിയോ മറ്റോ വേണോ എന്നു തിരക്കുന്നുണ്ട്. പൊടിപൂരം തിരുന്നാളില്‍ കോട്ടയം പത്രങ്ങളെപ്പറ്റിയും വി.കെ.എന്‍. എഴുതിയിട്ടൊണ്ട്.

സംസാരത്തില്‍ വ്യാകരണനിയമങ്ങള്‍ പോലും ലംഘിക്കപ്പെടുന്നു. അങ്ങനെയുള്ളപ്പഴും ഭാഷയ്ക്ക് ഒരു തനതായ സ്വത്വമുണ്ടെങ്കില്‍, പ്രയോഗത്തിനു നിലനില്പുണ്ടെങ്കില്‍ ഭാഷാനിയമം തന്നെ എന്തു മണ്ടത്തരമാണ്. അപ്പനോടുമമ്മയോടും സംസാരിക്കുന്ന ശൈലിയിലല്ല സഹപാഠികളോടും സുഹൃത്തക്കളോടും സംസാരിക്കുന്നത്. അതേ രീതിയിലല്ല പ്രൈവറ്റ് ബസ് കണ്ടക്റ്ററുമായി വഴക്കുണ്ടാക്കുമ്പോള്‍ സംസാരിക്കുന്നത്. കടയില്‍ പോയി നാരങ്ങാവെള്ളം മേടിച്ചുകുടിക്കുമ്പോ കടക്കാരനോട് സംസാരിക്കുന്നത് വേറൊരു മലയാളമാവും. ആറുമലയാളിക്ക് നൂറുമലയാളം എന്നാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com