ഇംഗ്ലണ്ട് ലോകകപ്പില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്നു കീവീസ്. പക്ഷേ ജീവന്‍ നിലനിര്‍ത്താനുള്ള പാകിസ്ഥാന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍ കീവീസ് വീണു. ബാബര്‍ അസമിന്റെ മുന്‍പില്‍ വില്യംസണും സംഘവും വീണുവെന്ന് പറയുന്നതാവും കൂടുതല്‍ ശരി.
സ്ലോയും, ടേണിങ്ങുമുള്ള പിച്ചിലായിരുന്നു പാകിസ്ഥാന് ചെയ്‌സ് ചെയ്യേണ്ടി വന്നത്. ടൂര്‍ണമെന്റിലെ തന്നെ വേഗക്കാരന്‍ ഫെര്‍ഗൂസനും, ബോള്‍ട്ടുമെല്ലാം നേതൃത്വം നല്‍കിയ കീവീസ് ബൗളിങ് നിരയെ അതിജീവിക്കുക, അതും ജയം അനിവാര്യം എന്ന നിലയില്‍ സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന ഘട്ടത്തില്‍. ബാബര്‍ അസമിനെ തന്നെ കയ്യടിക്കണം.
തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഇതെന്നാണ് പാകിസ്ഥാന്റെ കോഹ് ലി പറയുന്നത്. ബാറ്റിങ്ങ് ദുഷ്‌കരമായ പിച്ചായിരുന്നു അത്. പക്ഷേ അവിടെ 50 ഓവറും പിടിച്ചു നില്‍ക്കണം എന്ന് ബാബര്‍ അസം ഉറപ്പിച്ചിരുന്നു. കീവീസിന്റെ ഫാസ്റ്റ് ബൗളര്‍മാരെ അതിജീവിക്കാനാണ് ആദ്യം ശ്രമിച്ചത്. പിച്ചിലെ ടേണ്‍ മനസിലാക്കിയതോടെ സ്പിന്നര്‍ സാന്തനറിനെ മറികടക്കാനുള്ള വഴികളാണ് ഞാനും ഹഫീസും ചേര്‍ന്ന് തിരഞ്ഞത്, കളിക്ക് ശേഷം ബാബര്‍ അസം പറഞ്ഞു.
പാകിസ്ഥാനെ ജയത്തിലേക്കെത്തിച്ച ഇന്നിങ്‌സിന് ഇടയില്‍ മറ്റൊരു നേട്ടം കൂടി അസം പിന്നിട്ടു. ഏകദിനത്തില്‍ വേഗത്തില്‍ 3000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ താരമായി ബാബര്‍. 68 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ ഈ നേട്ടം പിന്നിട്ടത്. 69 ഇന്നിങ്‌സില്‍ നിന്നും 3000 റണ്‍സ് പിന്നിട്ട വിവ് റിച്ചാര്‍ഡ്‌സിനെയാണ് ബാബര്‍ അസം മറികടന്നത്.
മണ്‍റോ, വില്യംസന്‍, ടെയ്‌ലര്‍, ലാതം എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഷഹീന്‍ അഫ്രീദിയും ജയം നേടിയെടുക്കാന്‍ പാകിസ്ഥാനെ തുണച്ചു.
പാകിസ്ഥാന്റെ ജയത്തോടെ ലോകകപ്പ് കൂടുതല്‍ ആവേശകരമായ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. ജയത്തോടെ പാകിസ്ഥാന്‍ പോയിന്റ് ടേബിളില്‍ ആറാമതേക്കെത്തി. ബംഗ്ലാദേശിനും പാകിസ്ഥാനും ഏഴ് പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ബംഗ്ലാദേശ് അഞ്ചാം സ്ഥാനം പിടിച്ചു.
അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും എതിരെയാണ് പാകിസ്ഥാന്റെ ഇനിയുള്ള കളികള്‍. ഇംഗ്ലണ്ടിന്റെ ഇനിയുള്ള രണ്ട് കളികള്‍ ശക്തരായ ഇന്ത്യയ്ക്കും കീവീസിനും എതിരെയാണ്. അവിടെ ഇംഗ്ലണ്ട് പതറിയാല്‍, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം നിര്‍ണായകമാവും. ശ്രീലങ്കയുടെ ഇനിയുള്ള മൂന്ന് മത്സരങ്ങളും നിര്‍ണായകമാണ് സൗത്ത് ആഫ്രിക്ക, വിന്‍ഡിസ്, ഇന്ത്യ എന്നിവരാണ് ലങ്കയുടെ എതിരാളികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates