ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ല; ധൈര്യമുള്ളവര്‍ കണക്ഷന്‍ വിച്ഛേദിക്കട്ടെ: മമത

ഫോണ്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം പോലും നേരെ ബിജെപി ഓഫിസിലെത്തും
ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ല; ധൈര്യമുള്ളവര്‍ കണക്ഷന്‍ വിച്ഛേദിക്കട്ടെ: മമത

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോലെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധൈര്യമുണ്ടെങ്കില്‍ കണക്്ഷന്‍ വിച്ഛേദിക്കാന്‍ മമത അധികൃതരെ വെല്ലുവിളിച്ചു. കൊല്‍ക്കത്തയില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ബംഗാള്‍ മുഖ്യമന്ത്രി.

മൂവായിരത്തോളം പാര്‍ട്ടി നേതാക്കളെ സാക്ഷിയാക്കിയാണ് മമത ബാനര്‍ജി പ്രഖ്യാപനം നടത്തിയത്. ആരും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കരുതെന്ന് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും മമത ആഹ്വാനം ചെയ്തു.

''ഞാന്‍ എന്റെ ടെലിഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിച്ഛേക്കാനാണ് അവരുടെ പരിപാടിയെങ്കില്‍ അതു നടക്കട്ടെ. സത്യത്തില്‍ ഫോണ്‍ ഇല്ലാതാവുന്നതോടെ എന്റെ തലവേദന കുറയുകയേയുള്ളൂ.''- മമത പറഞ്ഞു.

ഇതൊരു പ്രതിഷേധ മാര്‍ഗമാണ്. എല്ലാവരും ഈ രീതി തിരഞ്ഞെടുക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. എത്ര കണക്ഷനുകള്‍ അവര്‍ വിച്ഛേദിക്കുമെന്ന് കാണാമല്ലോ.''- മമത പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു. ബംഗാളി ജനതയ്ക്കു മുന്നിലും ഇതേ ആവശ്യം തന്നെ മുന്നോട്ടുവയ്ക്കുമെന്ന് മമത വ്യക്തമാക്കി. 

എന്താണ് ബിജെപിക്കു വേണ്ടത്? ജനങ്ങളുടെ രഹസ്യങ്ങള്‍ അറിയാനാണോ അവര്‍ ആഗ്രഹിക്കുന്നത്. സ്വകാര്യയ്ക്കു മേലുള്ള പ്രത്യക്ഷമായ കടന്നുകയറ്റമാണ് കേന്ദ്ര നടപടിയെന്ന് മമത ആരോപിച്ചു.

എന്റെ സ്വകാര്യ സംഭാഷണങ്ങള്‍ പരസ്യമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫോണ്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം പോലും നേരെ ബിജെപി ഓഫിസിലെത്തും. പാര്‍ലമെന്റിന് അകത്തും പുറത്തും ഇക്കാര്യം ഉന്നയിക്കും. വേണ്ടിവന്നാല്‍ ഇതിനെ നിയമപരമായും നേരിടുമെന്ന് മമത വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com