ബ്രിട്ടീഷ് ഭരണത്തിന്റെ കറുപ്പും വെളുപ്പും

ചരിത്രസംഭവങ്ങളെ പല  മാനങ്ങളില്‍നിന്ന് നോക്കിക്കണ്ടാലേ അതിന്റെ ശരിയായ രൂപത്തില്‍ അതിലെ വ്യത്യസ്തങ്ങളായ അടരുകളോടെ മനസ്സിലാകൂ
സ്വാതന്ത്ര്യലബ്ധി വേളയില്‍ ന്യൂഡെല്‍ഹിയിലെ റെയ്‌സിനാ ഹില്ലില്‍ ഇന്ത്യക്കാരുടെ ആഹ്ലാദപ്രകടനം
സ്വാതന്ത്ര്യലബ്ധി വേളയില്‍ ന്യൂഡെല്‍ഹിയിലെ റെയ്‌സിനാ ഹില്ലില്‍ ഇന്ത്യക്കാരുടെ ആഹ്ലാദപ്രകടനം


   
To the memory of the British Empire in India,
Which conferred subjecthood upon us,
But withheld citizenship.
To which yet every one of us threw out the challenge:
'Civis Britannicus sum'
Because all that was good and living within us
Was made, shaped and quickened
By the same British rule.
 
സമര്‍പ്പണം നിരാദ് സി. ചൗധരിയുടെ The Autobiography of an Unknown Indian എന്ന ആത്മകഥയിലെയാണ്. 1897-ല്‍  ഇന്നത്തെ ബംഗ്ലാദേശിലെ കിഷോര്‍ഗഞ്ജിലാണ് നിരാദിന്റെ ജനനം. തനിക്ക് ഏതാണ്ട് അന്‍പതു വയസ്സുള്ളപ്പോള്‍ സ്വതന്ത്ര ഇന്ത്യ പിച്ചവച്ച് തുടങ്ങിയ സമയത്താണ് നിരാദിന്റെ ആത്മകഥ പുറത്തുവരുന്നത്. തന്റെ ജീവിതപശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജീവിതത്തിലെ പ്രത്യേകിച്ചും ബംഗാളിലെ ബ്രിട്ടീഷ് സ്വാധീനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ ഇതിലുണ്ട്. നിരാദിന്റെ പാണ്ഡിത്യവും ഇംഗ്ലീഷിലുള്ള അസാമാന്യമായ നൈപുണ്യവും വെളിവാക്കുന്ന ആത്മകഥ പക്ഷേ, പ്രസിദ്ധീകരിച്ച ഉടനെ വിവാദച്ചുഴിയില്‍ അകപ്പെട്ടു. 
അത് നഗ്‌നമായ ബ്രിട്ടീഷ് സ്തുതി എന്ന് വിലയിരുത്തപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ആകാശവാണിയില്‍ ഉണ്ടായിരുന്ന ജോലിയും പോയി. പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ നിരാദ്  1999-ല്‍ മരിക്കുന്നതു വരെ അവിടെത്തന്നെയാണ് കഴിഞ്ഞത്.

അടുത്തകാലത്ത് ശശി തരൂരിന്റെ  ബ്രിട്ടീഷ് കോളനിവാഴ്ചയെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളും പ്രസംഗങ്ങളും വളരെയേറെ ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. കോളനിവാഴ്ചയെ വിമര്‍ശിച്ചുകൊണ്ടുള്ള  ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ പ്രസംഗം വൈറലായി. അവിടെയൊക്കെ  ഇംഗ്ലീഷ്  ഭരണം  ഇന്ത്യയുടെ വ്യാവസായിക വാണിജ്യ അടിത്തറ തകര്‍ത്ത ചരിത്രമാണ് അദ്ദേഹം വിവരിക്കുന്നത്. കോളനിവാഴ്ചയുടെ കോട്ടങ്ങളില്‍ ഊന്നിയുള്ള തരൂരിന്റെ വീക്ഷണവും നിരാദിന്റെ ഇംഗ്ലീഷ് ഭരണത്തോടുള്ള ആരാധനയും ഇന്ത്യയിലുണ്ടായ മാറ്റങ്ങളെ അധികരിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ അന്നത്തെ ഇന്ത്യ എന്തായിരുന്നു, അതിലെ കേരളം പോലുള്ള പ്രാദേശിക ഇടങ്ങള്‍ എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കൂടാതെ അത്  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ചും സംഭാവനകളെക്കുറിച്ചുമുള്ള  ചിത്രവും  നല്‍കും.

നിരാദ് സി. ചൗധരി
നിരാദ് സി. ചൗധരി

ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്ന് വിശേഷിപ്പിക്കുന്ന 1857-ലെ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെയുള്ള സമരത്തെ പല ചരിത്രകാരന്മാരും  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കാറുണ്ട്. നമ്മുടെ  പാഠപുസ്തകങ്ങള്‍ എല്ലാം തന്നെ അങ്ങനെയാണ് ആ സമരത്തെ വിവരിക്കുന്നത്. മാത്രമല്ല, അതിനെ   'മംഗള്‍ പാണ്ഡെ' പോലുള്ള ഹിറ്റ്  സിനിമകള്‍  ഇന്ത്യന്‍ ദേശീയതയുടെ കടുത്ത നിറം ചാര്‍ത്തി  വികാരോജ്ജ്വലമായാണ് അവതരിപ്പിച്ചിട്ടുള്ളത് . അങ്ങനെ ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം  ഝാന്‍സിറാണിയുടേയും നാനാ സാഹിബിന്റേയും ഒക്കെ നേതൃത്വത്തില്‍ അരങ്ങേറിയ ലഹള  സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള ആദ്യ സമരമായി മാറി. എന്നാല്‍ ചരിത്രസംഭവങ്ങളെ പല  മാനങ്ങളില്‍നിന്ന് നോക്കിക്കണ്ടാലേ അതിന്റെ ശരിയായ രൂപത്തില്‍ അതിലെ വ്യത്യസ്തങ്ങളായ അടരുകളോടെ മനസ്സിലാവുകയുള്ളു.  ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടുവെന്നും അവരെ ഇവിടുന്ന് കെട്ടുകെട്ടിച്ചെന്നും കരുതുക. അങ്ങനെയെങ്കില്‍ അതോടെ ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രയായി ഇന്നത്തെപ്പോലൊരു ഇന്ത്യ ഉണ്ടാകുമായിരുന്നോ? ഇംഗ്ലീഷുകാരുടെ  കൊള്ളയടി അവസാനിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഇന്ത്യ കൂടുതല്‍ സമ്പന്നമാവുമായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ പ്രസക്തമാണ് .

1857-ല്‍  സമരക്കാര്‍ വയോവൃദ്ധനായ മുഗള്‍ ഭരണാധികാരി ബഹാദൂര്‍ ഷാ സഫറിനെ ഹിന്ദുസ്ഥാന്റെ ചക്രവര്‍ത്തിയായി വാഴിച്ചെങ്കിലും സമരം ജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്  മേഖലകളിലെ കുറേ നാട്ടുരാജാക്കന്മാര്‍ ഭരണം പങ്കിട്ടെടുത്തേനെ. മാത്രമല്ല,  ഈ സമരം കമ്പനിയുടെ അധീനതയിലുള്ള മദ്രാസ്, ബോംബെ, ബംഗാള്‍ പ്രസിഡന്‍സികളില്‍ കാര്യമായ ചലനം ഒന്നുംതന്നെ ഉണ്ടാക്കിയില്ല. നാട്ടുരാജ്യങ്ങളായ ഹൈദരാബാദും മൈസൂറും നമ്മുടെ തിരുവിതാംകൂറുമൊക്കെ ബ്രിട്ടീഷുകാരുടെ പക്ഷമായിരുന്നു താനും. അതുപോലെ സിഖുകാരും പഠാണികളും ബ്രിട്ടീഷുകാരുടെ ഒപ്പമായിരുന്നു. ആ ഒരു സാഹചര്യത്തില്‍ അവര്‍  പരാജയപ്പെട്ടിരുന്നെങ്കില്‍  മിക്കവാറും  പരസ്പര കലഹങ്ങളുടെ തുടര്‍ക്കഥയാകുമായിരുന്നു ഇന്ത്യന്‍ ചരിത്രം. 

ഒന്നുചേരാത്ത അതിര്‍ത്തികള്‍
അന്നത്തെ  രാജാക്കന്മാരും നാടുവാഴികളും എന്നെങ്കിലും ഒരുമിച്ചു ഒരു കേന്ദ്രാധികാരത്തിന്റെ കീഴില്‍ വരാനും സ്വമേധയാ ഒരു ജനാധിപത്യ ഭരണത്തിന് വഴിമാറി കൊടുക്കാനുമുള്ള സാധ്യത ഇല്ല എന്നുതന്നെ പറയാം.  ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കുശേഷം രാജ്യമാകെ ദേശീയ പ്രസ്ഥാനം ഏറ്റവും ശക്തിയാര്‍ജ്ജിച്ച സമയത്ത് പോലും  സര്‍ദാര്‍ പട്ടേലും  വി.പി. മേനോനും നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ പെട്ട പെടാപ്പാട് ചരിത്രത്തില്‍ മായാതെ കിടപ്പമുണ്ട്. 1857-ലെ സമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതോടെ ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയാതിരുകള്‍ ഏതാണ്ട്  തീരുമാനമാക്കപ്പെട്ടു. എന്നുമാത്രമല്ല,  1896-ലെ ഡുറാന്റ്  ലൈനായാലും  1914-ലെ  മക്മോഹന്‍ ലൈനായാലും   പ്രധാനമായും ബ്രിട്ടീഷ്  നയത്തിന് അനുസരിച്ചാണ് നിലവില്‍ വന്നത്.

ഇന്ത്യ എന്ന വിശാലമായ ഭൂമികയില്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള പൊരുത്തക്കേടുകള്‍ സ്വാഭാവികമാണെന്ന് വേണമെങ്കില്‍ വാദിക്കാവുന്നതാണ്. എന്നാല്‍, കേരളത്തിന്റെ കാര്യമെടുത്താല്‍പ്പോലും  ഞാന്‍ കേരളീയനാണ് എന്ന ഒരു സാംസ്‌ക്കാരികവും ഭൂമിശാസ്ത്രപരവുമായ സ്വത്വബോധം ഭൂമിമലയാളത്തില്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ മാത്രമാണ്. പഴശ്ശിരാജയും വേലുത്തമ്പിയും പാലിയത്തച്ഛനുമൊക്കെ തീര്‍ച്ചയായും നമ്മുടെ വീരപുരുഷന്മാരാണ്. എന്നാല്‍ നേരത്തെ  പറഞ്ഞപോലെ  ചരിത്ര വസ്തുതകളെ പല മാനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

പഴശ്ശിക്ക് ടിപ്പും ബ്രിട്ടീഷുകാരും ഒരുപോലെ
പഴശ്ശിരാജയുടെ കാര്യം തന്നെ എടുക്കാം. പതിനേഴാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങളുടെ ആദ്യ  ഘട്ടത്തില്‍ പഴശ്ശിരാജയും തലശ്ശേരിയിലെ ബ്രിട്ടീഷുകാരും കൈകോര്‍ത്തപ്പോള്‍  ഹൈദര്‍ അലിയും ചിറക്കല്‍ രാജാവും മറുവശത്തായിരുന്നു. പിന്നീട് ടിപ്പുവുമായുള്ള പോരാട്ടത്തിലും  ബ്രിട്ടീഷുകാരും പഴശ്ശിരാജയും ഒരുമിച്ചായിരുന്നു. ടിപ്പുവിന്റെ പതനത്തിനുശേഷം താന്‍ പ്രതീക്ഷിച്ച  ഭരണസ്വാതന്ത്ര്യം  ഇംഗ്ലീഷുകാര്‍ തരാത്തപ്പോഴാണ് പഴശ്ശിക്ക്  ബ്രിട്ടീഷുകാരുടെ നേരെ തിരിയേണ്ടി വന്നത്. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം നെപ്പോളിയന്‍ ചക്രവര്‍ത്തിയെ തോല്‍പ്പിച്ച വെല്ലസ്ലി പ്രഭുവിനെ വിറപ്പിച്ച് വിട്ട പടനായകന്‍  ആയിരുന്നെങ്കിലും പഴശ്ശിയുടെ  യുദ്ധങ്ങള്‍ കോട്ടയം എന്ന തീരെ ചെറിയ നാട്ടുരാജ്യത്തെ സംബന്ധിച്ചിട്ടുള്ളതായിരുന്നു. അവിടെ കേരളമോ ഇന്ത്യയോ ഒന്നും വിദൂര സങ്കല്‍പ്പങ്ങളില്‍ പോലും ഉരുത്തിരിഞ്ഞിരുന്നില്ല. 

പഴശ്ശിയെ സംബന്ധിച്ചെടുത്തോളം മൈസൂര്‍ക്കാരനായ  ടിപ്പുവും കടല്‍ കടന്നെത്തിയ ഇംഗ്ലീഷുകാരും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല. നാട്ടു രാജാക്കന്മാരുടെ ഇംഗ്ലീഷുകാരോടുള്ള എതിര്‍പ്പില്‍ ഇന്ത്യന്‍ ദേശീയത എന്നൊരു സങ്കല്പം ഒട്ടുമേ ഇല്ലായിരുന്നു. നമ്മുടെ സകലമാന അന്തരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള  വിശാല  ഇന്ത്യന്‍ ദേശീയത  ഇവിടെ വളര്‍ന്നത് ഇംഗ്ലീഷ് ഭാഷ പഠിച്ച്  യൂറോപ്യന്‍  നവോത്ഥാനത്തിന്റെ അടിസ്ഥാന ശിലകളും ചിന്തകളും  മനസ്സിലാക്കിയ ആധുനിക ഇന്ത്യയുടെ ശില്‍പ്പികള്‍  എന്ന് പറയാവുന്ന ഒരു സമൂഹം ഇന്നാട്ടില്‍ ഉണ്ടായപ്പോഴാണ് .

1757-ലെ  പ്ലാസി യുദ്ധത്തിനുശേഷം ബംഗാളില്‍ സര്‍വ്വാധിപത്യം സ്ഥാപിച്ച ഇംഗ്ലീഷുകാര്‍ കൊല്‍ക്കത്ത ആസ്ഥാനമാക്കി ബ്രിട്ടീഷ് ഇന്ത്യ ഭരണം കെട്ടിപ്പടുത്തു. ഇതുകാരണം മറ്റേത്  പ്രദേശത്തെക്കാളും മുന്നേ തദ്ദേശീയരുമായി ആഴത്തിലുള്ള സാംസ്‌കാരിക വിനിമയം ബ്രിട്ടീഷുകാര്‍ക്ക് ബംഗാളിലുണ്ടായി. അങ്ങനെയാണ് ആധുനിക ഇന്ത്യയുടെ ബീജാവാപം ബംഗാളില്‍ നടക്കുന്നത്. തുടര്‍ന്നു വന്ന ബംഗാളി നവോത്ഥാനത്തിന്റെ മാറ്റൊലികള്‍ ഇന്ത്യയാകെ മുഴങ്ങി. ഗോപാലകൃഷ്ണ ഗോഖലെ  ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു എന്ന് പറഞ്ഞതില്‍ അതിശയോക്തിയല്ലായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സംസര്‍ഗ്ഗത്തിലൂടെയും  നവോത്ഥാന നായകരുടെ നീണ്ട നിര തന്നെ  ബംഗാളിലുണ്ടായി. നാടിനെ മാറ്റിമറിച്ച മാറ്റങ്ങളുടെ പരമ്പരയ്ക്ക്  തുടക്കം കുറിച്ചത് രാജാറാം മോഹന്‍ റോയ്  ആയിരുന്നു .
മഹാഭാരതത്തിലെ മാദ്രി തൊട്ട് കാണുന്ന സതി എന്ന ദുരാചാരത്തെ ചോദ്യം ചെയ്യാന്‍ രാജാറാം മോഹന്‍ റോയ്ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ ബ്രിട്ടീഷ്ബന്ധം കൊണ്ടാണ്. മോഹന്‍ റോയ് ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഉല്‍പ്പന്നമാണല്ലോ . അവസാനം നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു സതി നിരോധിച്ചത് ബ്രിട്ടീഷ് അധികാരത്തിന്റെ ബലം കൊണ്ട് മാത്രമാണ്. ഇതുപോലെ പുരോഗമനപരമായ  പല കാര്യങ്ങളുടേയും തുടക്കം ബ്രിട്ടീഷ്  ഭരണത്തിലാണ്. ഉദാഹരണത്തിനു പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് 1891-ലെ ഏജ്  ഓഫ് കണ്‍സെന്റ് ആക്ട് ബെഹ്റാംജി മലബാറി എന്ന പാഴ്സി എന്ന പരിഷ്‌കരണ വാദിയുടെ ഒക്കെ ശ്രമഫലമാണ്. ബ്രിട്ടീഷുകാരെ ഇന്ത്യന്‍ സ്ത്രീകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താനും ഇന്ത്യയിലെ അന്നത്തെ ബ്രിട്ടീഷ് സമൂഹത്തെ തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 

ശിപായി ലഹള
ശിപായി ലഹള

ഫുല്‍മോനി ദാസി എന്ന പതിനൊന്ന് വയസ്സുകാരി  ഭര്‍ത്തൃപീഡനത്തെ  തുടര്‍ന്ന് മരിച്ച സംഭവം വലിയ ചര്‍ച്ചാവിഷയമായതിനെത്തുടര്‍ന്ന് ബ്രിട്ടീഷ്  കൊളോണിയല്‍ ഗവണ്മെന്റ്  ശാരീരിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടാക്കിയുയര്‍ത്തി. എന്നാല്‍ ബാലഗംഗാധര തിലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. ഭാരത സംസ്‌കാരത്തിലും ആചാരങ്ങളിലുമുള്ള ഇംഗ്ലീഷുകാരുടെ കയ്യേറ്റമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇവിടെയുള്ള വിരോധാഭാസം  ഇംഗ്ലീഷുകാരുടെ ഇത്തരത്തിലുള്ള പരമ്പരാഗത പുരുഷാധികാര ഘടനയിലുള്ള പുരോഗമനപരമായ ഇടപെടലുകള്‍  ഇംഗ്ലീഷ് വിരുദ്ധ വികാരത്തേയും അതുവഴി ദേശീയ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തി എന്നതാണ്. അതുപോലെ ഹിന്ദു സമൂഹത്തില്‍ പ്രത്യേകിച്ചും ബ്രാഹ്മണ സമുദായത്തില്‍ വിധവാ വിവാഹം അംഗീകരിപ്പിക്കാനുള്ള   ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കിയത് ബ്രിട്ടീഷുകാരാണ് .  1856-ലാണ്  hindu widows remarriage act  ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിലുള്ള പ്രദേശങ്ങളിലെല്ലാം കൊണ്ടുവരുന്നത്. അതോടെയാണ് കൗമാരം വിട്ടൊഴിയുന്നതിനു മുന്‍പേ വിധവകളായി  ശേഷകാലം നരകതുല്യമായ ജീവിതം നയിക്കേണ്ടിവരുന്ന, അതില്‍നിന്ന്  രക്ഷപ്പെട്ട്  നഗര തെരുവുകളില്‍ എത്തപ്പെടുന്ന, ദുരന്തകഥകള്‍ കുറഞ്ഞ് തുടങ്ങുന്നത് . ബ്രിട്ടീഷുകാരുമായുള്ള അടുപ്പം കാരണം ഏറ്റവും കൂടുതല്‍ അഭിവൃദ്ധി ഉണ്ടായ കുടുംബങ്ങളിലൊന്നാണ് ടാഗോര്‍ കുടുംബം. ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച കൊല്‍ക്കത്തയിലെ ഹിന്ദു കോളേജിന്റെ സ്ഥാപകരില്‍ ഒരാള്‍ ടാഗോര്‍ കുടുംബത്തിലെ ഗോപിമോഹന്‍ ടാഗോര്‍ ആയിരുന്നു. ടാഗോര്‍ കുടുംബത്തില്‍ത്തന്നെ വിശ്വമഹാകവി രബീന്ദ്രനാഥ് ജനിച്ചത് വിധിയുടെ യാദൃച്ഛികതകൊണ്ട് മാത്രമല്ല, ടാഗോര്‍ കുടുംബത്തിലുണ്ടായിരുന്ന സവിശേഷമായ സാംസ്‌കാരിക ബൗദ്ധിക അന്തരീക്ഷം കൂടി അതിന് കാരണമാണ്. ആദ്യമായി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച  ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ് രബീന്ദ്രനാഥിന്റെ ജ്യേഷ്ഠസഹോദരന്‍ ആയിരുന്നല്ലോ.    

സമാനപരമായ രീതിയില്‍ ബ്രിട്ടീഷ് സംസ്‌ക്കാരത്തിന്റെ പുരോഗമനപരമായ സ്വാധീനം കേരളസമൂഹത്തില്‍  ദൃഷ്ടാന്തമാകുന്ന ചിത്രം ചന്തുമേനോന്റെ ഇന്ദുലേഖയിലുണ്ട്. അന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് സ്വാധീനം ഉണ്ടായിരുന്ന സ്ഥലങ്ങളിലൊന്നായ തലശ്ശേരിയിലാണ്  ചന്തുമേനോന്റെ വിദ്യാഭ്യാസം. മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്ല്യം ലോഗനാണ് ചന്തുമേനോനെ ഗുമസ്തനായി നിയമിക്കുന്നത്.  ഇംഗ്ലീഷ്  വിദ്യാഭ്യാസവും പരിചയവും കൊണ്ട് ചന്തുമേനോന് കിട്ടിയ ആധുനിക ചിന്തകളുടെ പ്രതിഫലനമാണ് ഇന്ദുലേഖയിലൂടെയും മാധവനിലൂടെയും നമുക്ക് കാണാന്‍ കഴിയുക. സൂരി നമ്പൂതിരിപ്പാടെന്ന അന്നത്തെ സാമൂഹ്യ  വ്യവസ്ഥയുടെ തലതൊട്ടപ്പനെ ചോദ്യം ചെയ്യുന്ന വഴി ആ വ്യവസ്ഥ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇംഗ്ലീഷ് പഠനം  തങ്ങളുടെ നിലയ്ക്ക്  മോശമായ ഒന്നായിട്ടാണ് അന്നത്തെ നമ്പൂതിരിമാര്‍ കണ്ടിരുന്നത്. ഈ ഇംഗ്ലീഷ് നിരാസം കാരണമാണ്  തങ്ങളുടെ  ഏതാണ്ട് കുത്തക ആയിരുന്ന  കേരളത്തിലെ ബൗദ്ധികമണ്ഡലത്തില്‍  ഒന്ന് രണ്ട് തലമുറകള്‍ക്കുള്ളില്‍  നമ്പൂതിരിമാര്‍ പിറകോട്ടു പോയത്. എന്നാല്‍  ഇംഗ്ലീഷ്  വിദ്യാഭ്യാസത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച തമിഴ് ബ്രാഹ്മണ സമുദായമാകട്ടെ, വിദ്യാഭ്യാസ ബൗദ്ധിക മണ്ഡലങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലായി .  

കേരളത്തിലെ ജാതിവ്യവസ്ഥയെ ഘടനാപരമായി പിടിച്ചുകുലുക്കിയത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ തണലില്‍ ഉണ്ടായ മാറിയ സാഹചര്യങ്ങളാണ്. നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് നാരായണഗുരു അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വാതിതിരുന്നാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് ഒരുപക്ഷേ, അദ്ദേഹം കേട്ടിട്ടുണ്ടായിരിക്കാം. അന്ന് മാറ്റങ്ങളുടെ അലകള്‍ ഇളക്കം വച്ച് തുടങ്ങിയട്ടേ  ഉണ്ടായിരുന്നുള്ളു. രൂഢമൂലമായ പല അന്ധവിശ്വാസങ്ങളും ജാതിവ്യവസ്ഥ പോലുള്ള അനാചാരങ്ങളും  തങ്ങളുടെ വിധിയാണെന്നും ദൈവഹിതമാണെന്നുമൊക്കെ കരുതി ഒരു സമൂഹമാകെ  ജീര്‍ണ്ണതയിലേക്കു കൂപ്പുകുത്തുമ്പോ അതിനൊരു മാറ്റം കൊണ്ടുവരുന്നത്  മിക്കപ്പോഴും ബാഹ്യശക്തികളും അന്യനാട്ടില്‍നിന്നുള്ള ചിന്തകളുമാണ്. അത്തരത്തില്‍ ഇവിടെ മാറ്റത്തിന്റെ പതാകകള്‍  ജനമധ്യത്തിലേക്കെത്തിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. ഇവരെല്ലാം തന്നെ യൂറോപ്യന്മാരായിരുന്നു. അതേസമയം തദ്ദേശീയ  ക്രിസ്തുമത വിശ്വാസികള്‍ ഇവിടുത്തെ പല ആചാരക്രമങ്ങളേയും  വിശ്വാസങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് പഴമയില്‍ത്തന്നെ ജീവിക്കുന്നവരായിരുന്നു. 

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ബ്രിട്ടീഷുകാരോട് സഹകരിച്ചവരും  അവര്‍ക്കു കീഴില്‍ ജോലി ചെയ്തവരുമാണ്  ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്കു വഴിവച്ചത്. ഇതില്‍  ബംഗാളിന്റെ കാര്യമാണല്ലോ ഏറ്റവും വലിയ ദൃഷ്ടാന്തം. മലയാള കവിതയില്‍  പുരാണങ്ങളുടെ പകര്‍ത്തെഴുത്തിന്  പോകാതെ  സാമൂഹിക വിഷയങ്ങള്‍ക്കും ചിന്തകള്‍ക്കും ആധുനിക സങ്കല്പങ്ങള്‍ക്കും  തുടക്കം കുറിക്കുന്നത് കുമാരനാശാനാണ്. നാരായണഗുരു ആശാനെ കൊല്‍ക്കത്തയില്‍ ഉന്നത വിദ്യാഭ്യാസത്തിനു അയയ്ക്കുന്നതിനു മുന്നേ  അദ്ദേഹം പരമ്പരാഗത രീതിയിലുള്ള സ്തോത്ര കവി ആയിരുന്നു. കൊല്‍ക്കത്തയിലെ പഠനവും  അവിടെ അദ്ദേഹം പരിചയപ്പെട്ട  ഇംഗ്ലീഷ്മൂശയിലുണ്ടായ ബംഗാളി നവോത്ഥാനവുമാണ്  ആശാനെ മലയാളത്തിലെ ആധുനിക കവികളില്‍ അഗ്രഗണ്യനാക്കിയത്. അതുപോലെ മദ്രാസിലെ മെഡിസിന്‍ പഠനവും മൈസൂരില്‍വച്ച് ബംഗാളിയായ സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയും ഡോ. പല്‍പ്പുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവാക്കാന്‍ സഹായിച്ച കാര്യങ്ങളാണ്. നേരത്തെ സൂചിപ്പിച്ചപോലെ  ഇന്ദുലേഖയുടെ കര്‍ത്താവായ ചന്തുമേനോന്‍ ബ്രിട്ടീഷുകാരുടെ കീഴില്‍ ക്ലാര്‍ക്ക് ആയിട്ടാണല്ലോ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സമൂഹത്തിലെ വ്യവസ്ഥാപിതമായ ദുരാചാരങ്ങളേയും  അന്ധവിശ്വാസങ്ങളേയും തുറന്ന് കാണിക്കുന്ന സാഹിത്യ സൃഷ്ടി നടത്താന്‍ അദ്ദേഹത്തിനു  പ്രേരണയായതും അതിനു  കഴിഞ്ഞതും ഈ സംസര്‍ഗ്ഗം കാരണമാണെന്ന്  നിസ്സംശയം പറയാം. മാത്രമല്ല, ഇന്ദുലേഖയുടെ കഥ പറയാന്‍ മലയാളത്തിലെ അന്നത്തെ  രീതിയനുസരിച്ചുള്ള  കാവ്യ വഴി തേടാതെ ഇംഗ്ലീഷ് രീതിയിലുള്ള ഒരു നോവല്‍ അദ്ദേഹം എഴുതുകയായിരുന്നു. 

ബ്രിട്ടീഷ് ആധിപത്യം കൊണ്ടുന്ന വലിയ സാമൂഹ്യ മാറ്റങ്ങളിലൊന്ന് തൊഴില്‍ സ്ഥലങ്ങളിലെ തുല്യനീതിയും അവസര സമത്വവുമാണ്. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാര്‍, ഇന്ത്യാക്കാര്‍ എന്ന വിഭജനം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുവരെ ഇന്ത്യയിലെ തൊഴില്‍ സ്ഥലങ്ങള്‍  ഓരോ ജാതിക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍  കഴിവിനനുസരിച്ചും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും തദ്ദേശീയരെ  സൈന്യത്തിലും മറ്റ് സര്‍ക്കാര്‍ ജോലിക്കും എടുത്തു.  അങ്ങനെ സൈനികസേവനം ചെയ്യാന്‍  അവസരം ഉണ്ടായ വ്യക്തികളില്‍ ഒരാളായിരുന്നു അംബേദ്കറിന്റെ പിതാവ്. ഒരുപക്ഷേ, തന്റെ  പിതാവിന് അങ്ങനെയൊരു അവസരം ഉണ്ടായത്  അംബേദ്കര്‍ എന്ന വ്യക്തി രൂപപ്പെടുന്നതിനുണ്ടായ നിമിത്തങ്ങളിലൊന്നാണ്. നാനാ ജാതി ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് ചുറ്റും തീര്‍ത്ത ഇരുമ്പ് മറകള്‍ ഉരുകിത്തുടങ്ങിയ ആദ്യ സ്ഥലങ്ങളിലൊന്ന്  ഇംഗ്ലീഷ് കന്റോണ്‍മെന്റുകളാണ് .

ഇന്ത്യയുടെ ആത്മാവ്  ഇന്ത്യയിലെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നതെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടല്ലോ. പ്രകൃതിയോട്  ഇഴചേര്‍ന്നു കഴിയാനുള്ള താല്‍പ്പര്യംകൊണ്ടും ഗ്രാമീണ ജീവിതത്തെ ഇകഴ്ത്തുന്നതിലുള്ള അതൃപ്തികൊണ്ടുമായിരിക്കാം അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്. പക്ഷേ, ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യയുടെ  ആത്മാവ് അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും വേര്‍തിരിവുകളുടേയും കൂടി ആത്മാവാണ്. ഇന്നുപോലും ഇത്തരത്തിലാണ് പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെയും അവസ്ഥ. ആ ആത്മാവ്  പഴമയുടെ അഴുക്കുകളെ കുറച്ചെങ്കിലും കഴുകിക്കളയുന്നത്  ഇംഗ്ലീഷ് സ്വാധീനത്തില്‍ ഉയര്‍ന്നുവന്ന നഗരങ്ങളിലും പട്ടണങ്ങളിലുമാണ്. കൊല്‍ക്കത്തയിലും ബോംബെയിലും ചെന്നൈയിലും ലാഹോറിലുമൊക്കെയാണ് ഇന്ന് നാം കാണുന്ന, മനസ്സിലാക്കുന്ന  ആധുനിക ഇന്ത്യ എന്ന ആശയം ഉരുത്തിരിയുന്നതും  അതിന്റെ രാഷ്ട്രീയ അതിരുകളെക്കുറിച്ചുള്ള ബോധ്യമുണ്ടാവുന്നതും.  ആത്മാവ് ഗ്രാമങ്ങളില്‍ത്തന്നെ തളക്കപ്പെട്ടിരുന്നെങ്കില്‍  ഇന്നത്തെ ഇന്ത്യ ആകുമായിരുന്നില്ല.

ബ്രിട്ടീഷുകാര്‍ ഇവിടെ വന്നത് ഇവിടം കൊള്ളയടിക്കാനാണ് എന്ന് പറഞ്ഞു കോളനി വാഴ്ചയെ പലരും കുറ്റപ്പെടുത്താറുണ്ട്. തീര്‍ച്ചയായും അവര്‍ ഇവിടെ വന്നത്  കച്ചവട താല്‍പ്പര്യങ്ങള്‍ മുന്നിട്ടുനിര്‍ത്തിയാണ്. ആധുനിക ഇന്ത്യയുടെ  സൃഷ്ടിയോ  ഭാരതീയരെ ഉദ്ധരിക്കലോ ഒന്നും അവരുടെ ചിന്തയുടേയോ ഉദ്ദേശ്യങ്ങളുടേയോ ഏഴയലത്ത് കൂടി പോയ കാര്യങ്ങളല്ല.   ബ്രിട്ടീഷുകാര്‍ മാത്രമല്ല, ഫ്രെഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഡച്ച്, സ്പാനിഷ് തുടങ്ങി ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ വരെയുള്ള എല്ലാ കോളനി ശക്തികളുടേയും ഉദ്ദേശ്യങ്ങള്‍ കച്ചവടവും അധിനിവേശവും ആയി കെട്ടുപിണഞ്ഞ് കിടക്കുന്നു. മാത്രമല്ല,  ശാസ്ത്രസാങ്കേതിക രംഗത്തെ അഭൂത പൂര്‍വ്വമായ കണ്ടുപിടുത്തങ്ങളും വ്യാവസായിക വിപ്ലവവും മുതലാളിത്ത സമ്പത്ത് വ്യവസ്ഥയും കൊളോണിയല്‍ ശക്തികളിലെ യുവാക്കളുടെ തൊഴിലന്വേഷണവും സാഹസികതയും ഒക്കെ കോളനിവാഴ്ചയെ ഒരു ചരിത്രസന്ധിയിലെ അനിവാര്യതയായിത്തീര്‍ത്തു. കൊള്ളയടിയല്ല ഇനി ഏത് സദ്ഭരണമായാലും ഒരു അധിനിവേശ ശക്തിയേയും  തദ്ദേശീയര്‍ക്ക് അംഗീകരിക്കാന്‍ ആവില്ല എന്നുള്ളത് മറ്റൊരു വശം. അതിനി സ്വന്തം വംശത്തില്‍പ്പെട്ടവര്‍ ആയാല്‍പ്പോലും. അമേരിക്കന്‍ ഐക്യനാടുകളിലെ സ്വാതന്ത്ര്യ സമരം ഉദാഹരണം. അവിടെ ഇംഗ്ലീഷുകാര്‍ ഇംഗ്ലീഷുകാരില്‍നിന്നു തന്നെ  സ്വാതന്ത്ര്യം  നേടുകയായിരുന്നു. അതുപോലെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയത് സ്വന്തക്കാരായ സ്പെയിന്‍കാരില്‍നിന്നും പോര്‍ച്ചുഗലില്‍ നിന്നുമാണ്.

  
ബ്രിട്ടീഷുകാരുടെ കൊള്ളയടിയുടെ കൂടെ പറയപ്പെടുന്ന  ഒന്നാണ് നമ്മുടെ ഗതകാല പ്രതാപം. ഇവിടെ  അവര്‍ വരുന്നതിന് മുന്നേ  ഇന്ത്യ ഒരു സമ്പന്ന രാജ്യമായിരുന്നെന്നും അന്നത്തെ ആഗോള വ്യാപാരത്തില്‍ ഇന്ത്യക്ക് പ്രമുഖ സ്ഥാനം ഉണ്ടായിരുന്നെന്നും കരുതപ്പെടുന്നു.    ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്ത് ലോക വാണിജ്യ ഭൂപടത്തില്‍ ഇന്ത്യക്കുണ്ടായിരുന്ന സ്ഥാനം തച്ചുടച്ചത്  എന്ന്  വിശ്വസിക്കുന്നവരുണ്ട്. ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്ത് ഇംഗ്ലണ്ടിലെ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ കമ്പോളമാക്കി ഇന്ത്യയെ മാറ്റിയതിന് തെളിവുകളുണ്ട്.  തീര്‍ച്ചയായും പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു ഇന്ത്യ. അന്നത്തെ ലോകവ്യാപാരത്തില്‍ മുഖ്യസ്ഥാനം ഉണ്ടായിരുന്ന സുഗന്ധ ദ്രവ്യങ്ങളുടെ ഏറ്റവും പ്രമുഖ കയറ്റുമതി രാജ്യം ഇന്ത്യ ആയിരുന്നു. മറ്റു പ്രധാന കയറ്റുമതി സാധനങ്ങള്‍ വസ്ത്രങ്ങളും തടിയും  ആനക്കൊമ്പുമൊക്കെ ആയിരുന്നു. 

എന്നിരുന്നാലും  ഇന്നത്തെ ഇന്ത്യയുമായി താരതമ്യം ചെയ്യാവുന്ന ഒരു രാഷ്ട്രീയ ഇന്ത്യ അന്നുണ്ടായിരുന്നില്ല.  സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം മലബാര്‍ തീരം കേന്ദ്രീകരിച്ചതാണ് കൂടുതലും നടന്നിരുന്നത്. എന്നാല്‍ മുഗള്‍ സാമ്രാജ്യം വ്യാപ്തിയില്‍ അതിന്റെ പരമോന്നതിയില്‍  എത്തിയ ഔറംഗസീബിന്റെ കാലത്തുപോലും മലബാര്‍ തീരം മുഗള്‍ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ആയിരുന്നില്ല. പിന്നെ ഇന്ത്യ സമ്പന്നമായിരുന്നു എന്ന് പറഞ്ഞാലും അന്നത്തെ ഇന്ത്യാക്കാര്‍ സമ്പന്നരായിരുന്നോ  എന്നത് ചര്‍ച്ചാവിഷയമാണ്.  അക്ബറിന്റെ കാലത്തോടെ സുസ്ഥിരമായ ഭരണം നടപ്പിലാക്കിയതോടെ വ്യാപാരത്തിനും  വ്യവസായത്തിനും  വളരെയേറെ  പുരോഗതിയുണ്ടായി. എങ്കിലും ഷാജഹാന്റെ കാലത്തോടെ താജ്മഹലും ചെങ്കോട്ടയും  പോലുള്ള വന്‍നിര്‍മ്മാണങ്ങളോടെ  ഖജനാവ് കാലിയാവാന്‍ തുടങ്ങി.   1707-ല്‍ ഔറംഗസീബിന്റെ  മരണത്തോടെ മുഗള്‍ സാമ്രാജ്യം ഭിന്നിച്ചുതുടങ്ങി. പതിനേഴും  പതിനെട്ടും  നൂറ്റാണ്ടുകളിലായി  ബ്രിട്ടീഷുകാര്‍ ഇവിടെ കാലുറപ്പിക്കുമ്പോള്‍  പരസ്പരം കലഹിക്കുന്ന നവാബുമാരുടേയും  രാജാക്കന്മാരുടേതും ആയിരുന്നു  ഇന്ത്യന്‍ ഉപഭൂഖണ്ഡം. അതുകൊണ്ടുതന്നെ അത്  സമ്പന്നമായിരുന്നു, ലോകവ്യാപാരത്തില്‍ മുന്‍പന്തിയിലായിരുന്നു എന്നുള്ള വാദങ്ങള്‍ ശരിക്കും  പഠിക്കേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല, ഉള്ള സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കൈപ്പിടിയിലും മഹാഭൂരിപക്ഷം വറുതിയിലുമായിരുന്നു. ഇങ്ങ് നമ്മുടെ തിരുവിതാംകൂറിന്റെ കാര്യമെടുത്താല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വന്‍ നിധിശേഖരം അവിടെ ഇരിക്കെത്തന്നെ  സാധാരണക്കാരെന്റെ  ദുരിതങ്ങള്‍ക്ക് വലിയ കുറവില്ലായിരുന്നു. ഇവിടെ മാത്രമല്ല, ആ കാലത്ത് പല പാശ്ചാത്യ രാജ്യങ്ങളിലേയും അവസ്ഥ ഇതുതന്നെ ആയിരുന്നു. ആ സാഹചര്യത്തിലാണ് ഫ്രെഞ്ച് വിപ്ലവം 1798-ല്‍ പൊട്ടിപ്പുറപ്പെടുന്നത്. അതോടെയാണ്  സ്വാതന്ത്ര്യം - സമത്വം - സാഹോദര്യം തുടങ്ങിയ ഇന്ന് നമ്മള്‍ കൊണ്ടാടുന്ന ചിന്തകള്‍ യൂറോപ്യന്‍ മണ്ണില്‍ വേരോടി തുടങ്ങുന്നത്. 

ഇതേ ചിന്ത യൂറോപ്യന്‍മാര്‍ വഴി ഇന്ത്യയില്‍ പടര്‍ന്ന് തുടങ്ങിയപ്പോഴാണ്  എല്ലാ ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന  ഇന്ത്യ എന്ന ആശയം അതിലെ വ്യത്യസ്ത സംസ്‌കകാരങ്ങളേയും ഭാഷകളേയും ഉള്‍ക്കൊണ്ടുകൊണ്ട് ബ്രിട്ടീഷുകാര്‍ വരച്ചിട്ട രാഷ്ട്രീയാതിര്‍ത്തിയില്‍ രൂപപ്പെടുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ  അതിപ്രബലതയോട് മല്ലിട്ടാണ് ആ ആശയം ബലപ്പെട്ട് ശക്തമായ ദേശീയപ്രസ്ഥാനമായി വളരുന്നത്. ബ്രിട്ടീഷുകാര്‍ക്ക് പകരം അല്‍പ്പം ദുര്‍ബ്ബലമായ ശക്തിയായിരുന്നു എതിര്‍സ്ഥാനെത്തെങ്കില്‍ ദേശീയ പ്രസ്ഥാനം അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിടുമായിരുന്നോ എന്നത്  ചിന്തനീയമാണ്. എതിരാളിയുടെ ശക്തി ആണല്ലോ നമ്മളേയും ആത്യന്തികമായി ശക്തരാക്കുന്നത് . 

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തുന്ന കാലത്തെ വ്യാപാരത്തിന്  ഇന്നത്തെ ലോക വ്യാപാരവുമായി അജഗജാന്തര വ്യത്യാസമുണ്ട്. ഇന്ന്  ശാസ്ത്രപുരോഗതിയുള്ള രാജ്യങ്ങളുടെ ശാസ്ത്ര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളിലാണ് ലോകവ്യാപാരം പ്രധാനമായും  അധിഷ്ഠിതമായിരിക്കുന്നത്. അതില്‍ പിന്നാക്കം പോയതുകൊണ്ടാണ് ഇന്ത്യ ലോക വാണിജ്യ ഭൂപടത്തില്‍ ചെറുതായിപ്പോയത്. അല്ലാതെ അത് ഇംഗ്ലീഷുകാരുടെ കൊള്ളയടി കാരണം കൊണ്ടുണ്ടായ ക്ഷീണമാണെന്ന് പറഞ്ഞാല്‍ അതു ബാലിശമായ വാദമാണ്. ജപ്പാന്‍കാരുടെ അതിഭീകരമായ കോളനിവാഴ്ചയ്ക്ക് ഇരയായ സ്ഥലമാണ് കൊറിയന്‍ ഉപദ്വീപ്. എന്നാല്‍, ഇന്നത്തെ ദക്ഷിണ കൊറിയ എന്ന വ്യാവസായിക ഭീമനില്‍ ജാപ്പനീസ് അധിനിവേശത്തിന്റെ തളര്‍ച്ചയോ വിളര്‍ച്ചയോ കാണാനില്ലല്ലോ. 

കഴിഞ്ഞ നൂറ്റാണ്ടിലെ നാല്പതുകള്‍ തൊട്ടുള്ള രണ്ട് മൂന്ന് ദശാബ്ദങ്ങളില്‍ കോളനിവാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും അതിനു മുന്നേ സ്വതന്ത്രമായ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും ഇന്ത്യ ഇന്ന് വേറിട്ടു നില്‍ക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കോ ജനാധിപത്യ സംവിധാനത്തിനോ പോറലേറ്റിട്ടില്ല എന്നുള്ളത്  നമുക്ക് വളരെ  അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ത്യാക്കാരുടെ ഭരണശേഷിയെ പുച്ഛിക്കുകയും ഇന്ത്യ സ്വാതന്ത്ര്യാനന്തരം പല കഷണങ്ങളാവുമെന്ന്  ഉറച്ച് വിശ്വസിക്കുകയും ചെയ്ത  ചര്‍ച്ചില്‍ പോലുള്ള പല നേതാക്കന്മാരും ഉണ്ടായിരുന്നു. കാലം ഇവരെല്ലാം തെറ്റാണെന്ന് തെളിയിച്ചു. നെഹ്റു, പട്ടേല്‍, അംബേദ്കര്‍  തുടങ്ങിയ നേതാക്കളെല്ലാം തന്നെ പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പങ്ങളും  മതേതര ചിന്തയും ശാസ്ത്രബോധവും ഇന്ത്യന്‍ സംവിധാനങ്ങളിലേക്ക് പരമാവധി പകര്‍ത്തി. ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ ഇംഗ്ലീഷ് പാരമ്പര്യം പിന്തുടര്‍ന്ന് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചു. കോളനിവാഴ്ച അരക്കിട്ടുറപ്പിക്കാന്‍ ഇംഗ്ലീഷുകാര്‍ ഉണ്ടാക്കിയ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് അതിന്റെ വ്യക്തമായ ചട്ടങ്ങളും രീതികളും കൊണ്ട് സ്വതന്ത്ര ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറി. 

ബ്രിട്ടീഷ് ഇന്ത്യയില്‍ 1860-ല്‍  ഇന്ത്യന്‍ പീനല്‍ കോഡ് നടപ്പാക്കിയതോടെയാണല്ലൊ നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നുള്ള ബോധം നമ്മുടെ നാട്ടില്‍ വേരുറക്കുന്നത്. ഇംഗ്ലീഷുകാര്‍  ഭരണം ഇന്ത്യന്‍ കരങ്ങളിലേക്ക് കൈമാറിയപ്പോള്‍ പുതിയ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജമായ നീതിന്യായ സംവിധാനം ഇവിടെ നിലവിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ നേതാക്കളില്‍ നല്ലൊരു ശതമാനം ഇംഗ്ലണ്ടില്‍നിന്നുള്ള  നിയമ ബിരുദധാരികളും ബ്രിട്ടീഷ് ഇന്ത്യന്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്തവരും ആയിരുന്നു. പാകിസ്താന്‍ എന്ന ആധുനിക ഇന്ത്യയുടെ കൂടപ്പിറപ്പിന്റെ കഥ ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. മുഹമ്മദാലി ജിന്ന  മതാടിസ്ഥാനത്തിലുള്ള പാകിസ്താനുവേണ്ടി വാദിച്ചുവെങ്കിലും നമ്മുടെ ദേശീയ നേതാക്കളെപ്പോലെ പാശ്ചാത്യ മതേതര ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വാസമുള്ള ശാസ്ത്രാഭിരുചിയുള്ള നേതാവായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ള  പലരുടേയും വിശ്വാസപ്രമാണങ്ങള്‍ വ്യത്യസ്തമായിരുന്നു. മതവും പട്ടാളവും പങ്കിട്ടെടുത്ത  പാകിസ്താന്റെ പിന്നീടുള്ള പോക്ക്  ജിന്നയുടേത് മാത്രമല്ല, ഇംഗ്ലീഷ്  ഭരണ രാഷ്ട്രീയ വ്യവസ്ഥിതികളുടെ തിരസ്‌ക്കാരത്തിന്റെ കൂടെ ചിത്രമാണ്.

ഇംഗ്ലീഷുകാര്‍ കേമന്മാരാണെനും  ഇന്നാട്ടുകാര്‍ മോശക്കാരാണെന്നുമല്ല. പഴമയില്‍ മുന്നിലും  തുടര്‍ച്ചയുള്ളതുമായ സംസ്‌ക്കാരമാണ് നമ്മുടേത്. സംസ്‌ക്കാരവും നാഗരികതയും പിച്ചവച്ച് തുടങ്ങിയ ഈജിപ്ഷ്യന്‍  മെസൊപ്പൊട്ടോമിയന്‍ സംസ്‌ക്കാരങ്ങളുടെ കണ്ണികള്‍ ഇടയ്ക്ക് മുറിഞ്ഞപ്പോള്‍ അതുപോലെ പ്രാചീനമായ ഇന്ത്യന്‍ സംസ്‌ക്കാരം  ഇന്നും നിലനില്‍ക്കുന്നു. ചൈനയിലെപ്പോലെ പഴമയെ ആകെ തുടച്ചുനീക്കുന്ന തരത്തിലുള്ള വിപ്ലവവും ഇന്ത്യയില്‍ നടന്നിട്ടില്ല. സിന്ധു നദീതട സംസ്‌ക്കാരത്തിന്റേയും ആര്യദ്രാവിഡ സംസ്‌ക്കാരങ്ങളുടേയും  ഗ്രീക്ക്, അറബ്, പേര്‍ഷ്യന്‍, മംഗോള്‍, തുര്‍ക്ക് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കടന്നുകയറ്റങ്ങളുടേയും ആക്രമണങ്ങളുടേയും  അഭയാര്‍ത്ഥി പ്രഭാവങ്ങളുടേയും ആകത്തുകയാണ് ഭാരതം.  അതില്‍ അവസാനത്തേതാണ് ഇന്ത്യ എന്ന നേഷന്‍ സ്റ്റേറ്റിന്  കാരണഭൂവായ ബ്രിട്ടീഷ് ഭരണം. 

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍  രാജ്യത്തിന്റെ വലുപ്പത്തിനും ജനസംഖ്യയ്ക്കും സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന അനുസ്യൂതമായ ഒരു സംസ്‌കാര പാരമ്പര്യത്തിനും അനുപൂരകമായ തലത്തിലേക്ക്  ഇന്ത്യക്ക് വളരാന്‍ കഴിയണം. ഇവിടെ ബ്രിട്ടീഷുകാര്‍ നമുക്കു നല്‍കിയ സംഭാവനകളെ അംഗീകരിക്കാന്‍ കഴിയുന്നത്  നമ്മുടെ ബലഹീനതയെ അല്ല മറിച്ച്, നമ്മുടെ ശക്തിയെ ആണ് കാണിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ നിരാദ് ചൗധരി പറഞ്ഞത്  അതിന്റെ ശരിയായ അര്‍ത്ഥത്തില്‍  വ്യക്തമാകും. അതിനു പകരം ഇരുനൂറ് വര്‍ഷത്തെ ബ്രിട്ടീഷ്ഭരണമാണ്  ഇന്ത്യയെ പാപ്പരാക്കിയത്  എന്നു പറഞ്ഞാല്‍  അത് ആരുടെ ഇന്ത്യ? ഏത് ഇന്ത്യ?എന്ന് സായിപ്പിന് ചോദിക്കാവുന്നതാണ്. അതുമാത്രമല്ല, ന്റുപ്പുപ്പായിക്ക്  ആനയുണ്ടായിരുന്നു എന്നു പറഞ്ഞ് നടന്നിട്ട് പ്രത്യേകിച്ച് ഒരു വിശേഷവുമില്ല. ഇപ്പോള്‍ ആന കയ്യിലുണ്ടോ എന്നതിലാണ്   കാര്യം . 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com