

പ്രാരംഭഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് കുടല്‍ അര്‍ബുദം. എന്നാല്‍ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഈ രോഗം തുടക്കത്തില്‍ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണിത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനപ്രകാരം 95500ലധികം ആളുകള്‍ കുടലിലെ അര്‍ബുദം മൂലം കഷ്ടപ്പെടുന്നുണ്ട്. അതില്‍ 50000 പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശരിയായ ഭക്ഷണശീലം കാന്‍സറിനെ ഒരു പരിധി വരെ മാറ്റി നിര്‍ത്തും. വന്നു കഴിഞ്ഞാലും ചിലതരം പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാം. മുന്തിരി തൊലിയിലും മുന്തിരിക്കുരുവിലും അടങ്ങിയ ചില സംയുക്തങ്ങള്‍ കുടലിലെ അര്‍ബുദം തടയാന്‍ ഫലപ്രദമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ബിഎംസി കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുന്തിരി തെലിയും കുരുവും ചേര്‍ന്ന മിശ്രിതം അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും അര്‍ബുദ ചികിത്സയില്‍ സഹായകമാകുകയും ചെയ്യും. മുന്തിരിതൊലിയില്‍ ധാരാളമായി കാണുന്ന റെസ്‌വെറാട്രോളും മുന്തിരിക്കുരുവിന്റെ സത്തും ചേര്‍ന്ന് കുടലിലെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നു. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് ഇവ ദോഷം ചെയ്യില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
അര്‍ബുദത്തിന്റെ മൂലകോശങ്ങളാണ് അര്‍ബുദ മുഴകള്‍ക്ക് ആക്കം കൂട്ടുന്നതെന്നാണ് അര്‍ബുദ മൂല കോശ സിദ്ധാന്തം പറയുന്നത്. അതുകൊണ്ടുതന്നെ ഗവേഷകര്‍ മൂലകോശങ്ങളിലാണ് പഠനം നടത്തിയത്. കുടലിലെ അര്‍ബുദത്തിന്റെ മൂല കോശങ്ങളെ മുന്തിരി സംയുക്തം നശിപ്പിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഇത് വിജയിച്ചാല്‍ കുടല്‍ അര്‍ബുദം തടയാനും രോഗം മാറിയവരില്‍ വീണ്ടും രോഗം വരാതെ തടയാനുമുള്ള മരുന്നില്‍ ഈ സംയുക്തം ഉപയോഗിക്കാന്‍ കഴിയും.
നിറമുള്ള പഴങ്ങളും പച്ചക്കറികളിലുമടങ്ങിയ ബീറ്റാകരോളിനും ആന്റിഓര്‌സിഡന്റുകളും കാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അര്‍ബുദം തടയാനുള്ള കഴിവിനെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്‌റ്റേറ്റ് സര്‍വകലാശാല ഫുഡ് സയന്‍സ് അസോസിയേറ്റ് പ്രൊഫസറും പെന്‍സ്‌റ്റേറ്റ് ഹെര്‍ഷ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫാക്കല്‍റ്റി അംഗവുമായ ജയറാം കെപി വനമാല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates