മഴക്കാല രോഗങ്ങളോട് നോ പറയാനാകട്ടേ മലയാളിക്ക്

മഴക്കാലം തുടങ്ങി, ഒപ്പം രോഗങ്ങളുടെ കാലവും
മഴക്കാല രോഗങ്ങളോട് നോ പറയാനാകട്ടേ മലയാളിക്ക്

മഴക്കാലം തുടങ്ങി, ഒപ്പം രോഗങ്ങളുടെ കാലവും തുടങ്ങി. കേരളം പനിച്ചു വിറയ്ക്കാനുള്ള പുറപ്പാടിലാണ്. പെട്ടെന്ന് കടുത്ത ചൂട് എന്ന അവസ്ഥ മാറി തണുക്കാന്‍ തുടങ്ങുമ്പോള്‍ സ്വാഭാവികമായും രോഗങ്ങള്‍ വരും. മലയാളികള്‍ക്ക് ഭയപ്പെടാനുള്ള പകര്‍ച്ചവ്യാധികളുടെ എണ്ണം
 കൂടിവരികയാണ്. സിക്ക വൈറസ് പോലെയുള്ള അതീവ ഗുരുതരമായവ വരെ പടിക്കലെത്തി നില്‍ക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള പ്രതിരോധ നടപടിപടികള്‍ ഓരോരുത്തരും കൈക്കൊള്ളുക എന്നതാണ് ആദ്യപടിയായി ചെയ്യാവുന്ന കാര്യം.

മഴക്കാലരോഗങ്ങള്‍ വരാതിരിക്കാനുള്ള തയാറെടുപ്പുകളാണ് ആദ്യം വേണ്ടത്. പ്രാണിജന്യരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ മഴക്കാല രോഗങ്ങളെ തരംതിരിക്കാമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോക്ടര്‍ വിജയകുമാര്‍ പറയുന്നു. 

നമ്മുടെ നാട്ടില്‍ പടരുന്ന അധികം രോഗങ്ങളും ആഹാരത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ പടരുന്നവയാണ്. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ വൃത്തിയായി കഴുകണം. ഭക്ഷണപദാര്‍ഥത്തില്‍ ഒരിക്കലും ഈച്ചയോ മറ്റു പ്രാണികളോ വന്നിരിക്കാവുന്ന അവസ്ഥ ഉണ്ടാക്കരുത്. വലിയ പാത്രത്തില്‍ നിന്ന് കൈയിട്ട് വെള്ളം എടുക്കരുത്.. അങ്ങനെയങ്ങനെ വൃത്തിക്കാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

ഈഡിസ് എന്ന വില്ലന്‍
പ്രാണിജന്യരോഗങ്ങളെന്നാല്‍ കൊതു, ഈച്ച തുടങ്ങിയ പ്രാണികള്‍ പരത്തുന്ന രോഗങ്ങളാണ്. രോഗം പരത്തുന്ന പലതരം കൊതുകളുണ്ട്. അതില്‍ ഈഡിസ് കൊതു നമുക്കൊരു വെല്ലുവിളി തന്നെയാണെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, സിക്ക വൈറസ് തുടങ്ങിയ മാരക രോഗങ്ങളെല്ലാം പരത്തുന്നത് ഈഡിസ് കൊതുകാണ്. 

സിക്ക വൈറസ്
സിക്ക വൈറസ് ഇന്ത്യയിലില്ലായിരുന്നു. ഇത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍ മൂന്ന്, നാല് മാസം മുന്‍പ് അഹമ്മാദാബാദില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വൈറസ് കേരളത്തിലേക്ക് വണ്ടി പിടിച്ച് വരാന്‍ അധിക സമയമൊന്നും വേണ്ടെന്ന് ഡോക്ടര്‍. നിനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഈ വൈറസ് പിടിപെട്ടാല്‍ തുടക്കത്തില്‍ മനസിലാവില്ല. കാരണം ഇത് ബാധിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയാണ്. ഗര്‍ഭിണികളായ സ്ത്രീകളാണ് രോഗത്തെ ഏറ്റവുമധികം ഭയക്കേണ്ടത്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികസനത്തെ ബാധിക്കുന്ന ഈ അസുഖത്തെ അതീവ ഗൗരവമായാണ് കാണേണ്ടത്. 

വീടും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രാണിജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ ആകെ ചെയ്യാവുന്ന കാര്യം. ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ അടിഭാഗം, വാട്ടര്‍ട്ടാങ്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം  വെള്ളമില്ലെന്നുറപ്പു വരുത്തണം. കഴിവതും ചെളിവെള്ളം കാലില്‍പ്പറ്റാതെ ശ്രദ്ധിച്ചും മറ്റും എലിപ്പനി വരാതെ സൂക്ഷിക്കാം. വെള്ളം ആരോഗ്യകരമായി സംഭരിച്ചുനിര്‍ത്താനുള്ള തയാറെടുപ്പ്, വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നില്ലെന്ന് ഉറപ്പു വരുത്തുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ആരോഗ്യകരമായി ആഹാര പാനീയ കൈകാര്യം ചെയ്യുക. 
രോഗം വന്നാലുടനെ ചികിത്സ തേടുക എന്നതാണ് ആകെ ചെയ്യാവുന്ന കാര്യം. ചികിത്സ തേടാതിരിക്കുന്തോറും രോഗം കൂടുതല്‍ മാരകമാവുമെന്നതു മാത്രമാണ് ഫലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com