കുഞ്ഞിന് അഞ്ചാംപനിയുടെ വാക്സിൻ എടുത്തിട്ടുണ്ടോ? കോവിഡ് മൂന്നാം തരം​ഗത്തിൽ പേടിവേണ്ടെന്ന് ​ഗവേഷകർ 

എംഎംആർ വാക്സിൻ എടുത്ത കുട്ടികളിൽ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ വന്നുപോകുമെന്നാണ് കണ്ടെത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ ആശ്വാസവാർത്തയുമായി ഇന്ത്യൻ ​ഗവേഷകർ. അഞ്ചാംപനിയുടെ വാക്സിൻ (എംഎംആർ) എടുത്ത കുട്ടികളിൽ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.  സാർസ്-കോവ് 2വിലെ സ്പൈക്ക് പ്രോട്ടീനും മീസൽസ് വൈറസിലെ പ്രോട്ടീനിൽ അടങ്ങിയിട്ടുള്ള ഹീമോ​ഗ്ലൂട്ടിനും തമ്മിൽ സാമ്യമുണ്ട്. ഇതേ തുടർന്നാണ് പഠനം നടത്താൻ ​ഗവേഷകർ തീരുമാനിച്ചത്. 

സാർസ്-കോവ്-2 വൈറസിനെതിരെ അഞ്ചാംപനിയുടെ വാക്സിൻ 87.5 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്നും ​പഠനത്തിൽ പറയുന്നു. മീസൽസ് വാക്സിൻ കുട്ടികളിൽ കോവിഡ് ബാധയ്ക്കെതിരെ ദീർഘകാല സംരക്ഷണവും പ്രധാനം ചെയ്യാമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടി. കോവിഡ് ബാധിച്ച കുട്ടികളെ സൈറ്റോകിൻ സ്റ്റോം (പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥ) എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിൽ നിന്നും എംഎംആർ വാക്സിൻ സംരക്ഷിച്ചേക്കുമെന്നും ​ഗവേഷകർ പറഞ്ഞിട്ടുണ്ട്. 

കുട്ടികൾക്ക് 9-ാംമാസത്തിനും 12-ാം മാസത്തിനും ഇടയിലാണ് എംഎംആർ ആദ്യ ഡോസ് നൽകുന്നത്. 16-24 മാസത്തിനിടയിലാണ് രണ്ടാം ഡോസ്. കോവിഡ് 19 വാക്സിൻ ലഭ്യമാകുന്നതുവരെ ഇത് ഗുണം ചെയ്യും. ഇതുവരെ എംഎംആർ വാക്സിൻ എടുക്കാത്തവർ എത്രയുംപെട്ടെന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് മീസൽസിനെതിരെയും കോവിഡിനെതിരെയും പ്രതിരോധം നേടണമെന്ന് ​ഗവേഷകർ പറഞ്ഞു. 

ഒരു വയസ്സിനും 17 വയസ്സിനും ഇടയിലുള്ള 548 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരെ കോവിഡ് പോസിറ്റീവ് ആയവരെയും അല്ലാത്തവരെയും രണ്ട് വിഭാഗമായി തരംതിരിച്ചാണ് പഠനം നടത്തിയത്. ഇതിൽ എംഎംആർ വാക്‌സിൻ എടുത്തവരിൽ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ലക്ഷണങ്ങളോടുകൂടിയ കോവിഡ് കേസുകൾ കുറവായരുന്നെന്നും ഇതിന് പ്രായം ഒരു ഘടകമല്ലെന്നും പഠനത്തിൽ കണ്ടെത്തി. ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തേണ്ടതിന്റെ ആവശ്യകതയും ​ഗവേഷകർ പങ്കുവച്ചു. 

പൂനെയിലെ ബിജെ മെഡിക്കൽ കോളജിലാണ് പഠനം നടത്തിയത്. ഹുമൻ വാക്സിൻസ് ആൻഡ് ഇമ്യൂണോതെറാപ്യൂട്ടിക്സ് എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com