തണുപ്പ് തുടങ്ങിയാല്‍ തൈരിനോട് ഗുഡ്‌ബൈ പറയണോ? വേണ്ട, കാരണമിത് 

തണുപ്പുകാലം തുടങ്ങുമ്പോള്‍ പലരും തൈരിനെ അകറ്റിനിര്‍ത്താന്‍ തുടങ്ങും. ചുമ, ജലദോഷം പോലെയുള്ള ബുദ്ധിമുട്ടുകള്‍ പേടിച്ചാണ് ഇത്. പക്ഷെ ശൈത്യകാലത്ത് തൈര് കുടിക്കുന്നതിന് കുഴപ്പമുണ്ടോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവയും അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് തൈര്. ഭക്ഷണത്തോടൊപ്പം മോര്, റായ്ത്ത, തൈര് അങ്ങനെ ഏത് രൂപത്തിലും കഴിച്ച് ഭക്ഷണത്തിന്റെ രൂചി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ദഹനം എളുപ്പത്തിലാക്കാനും കഴിയും. പക്ഷെ തണുപ്പുകാലം തുടങ്ങുമ്പോള്‍ പല ആളുകളും തൈരിനെ അകറ്റിനിര്‍ത്താന്‍ തുടങ്ങും. ചുമ, ജലദോഷം പോലെയുള്ള ബുദ്ധിമുട്ടുകള്‍ പേടിച്ചാണ് തൈര് ഒഴിവാക്കുന്നത്. 

ശൈത്യകാലത്ത് തൈര് കുടിക്കുന്നതിന് കുഴപ്പമുണ്ടോ? ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നല്ല ബാക്ടീരിയകളും നല്ല ഗുണമേന്മയുള്ള പ്രോട്ടീനും അടങ്ങിയിട്ടുള്ള മികച്ച പോഷക ഭക്ഷണമാണ് തൈര്. ഇതിനുപുറമേ കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി 2, ബി 12 എന്നിവ കൂടിയാകുമ്പോള്‍ പോഷകങ്ങളുടെ ഒരു കലവറയായി തൈരിനെ കണക്കാക്കാം. 

തൈര് കുടിച്ചാല്‍ ചുമയും ജലദോഷവും വരുമോ?

ഏത് കാലാവസ്ഥയിലും നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റുന്ന ഒന്നുതന്നെയാണ് ഇത്. പക്ഷെ എപ്പോള്‍ തൈര് കുടിക്കുച്ചാലും റൂം ടെംപറേച്ചറില്‍ ആണെന്ന് ഉറപ്പാക്കണം. 

രാത്രിയില്‍ തൈര് കുടിക്കാന്‍ പാടില്ലേ?

ഇതൊരു തെറ്റിദ്ധാരണയാണ്. അത്താഴത്തോടൊപ്പം ഉള്‍പ്പെടുത്താവുന്ന ഒന്നുതന്നെയാണ് തൈര്. ഇത് തലച്ചോറില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പുറപ്പെടുവിക്കും. ഇത് നമ്മളെ ശാന്തരാക്കുകയും കൂടുതല്‍ വ്യക്തതയോടെ ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ട്രിപ്‌റ്റോഫാന്‍ കാരണം ന്യൂറോണുകള്‍ക്ക് അല്‍പസമയം വിശ്രമിക്കാനും റീച്ചാര്‍ജ്ജ് ചെയ്യാനും അവസരം ലഭിക്കും. 

മുലയൂട്ടുന്ന അമ്മമാര്‍ തൈര് കുടിക്കരുത്?

മുലയൂട്ടുന്ന അമ്മമാര്‍ തൈര് കുടിക്കുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ജലദോഷമുണ്ടാകും എന്നാണ് കരുതുന്നത്. പക്ഷെ ഇത് തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുലപ്പാലിലൂടെ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പോഷകങ്ങള്‍ മാത്രമാണ് കൈമാറപ്പെടുന്നത്. മുലപ്പാലില്‍ ഇമ്യൂണോഗ്ലോബുലിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ജലദോഷമോ മറ്റു അണുബാധയോ ഉണ്ടാകില്ല. തൈരിലുള്ള ബാക്ടീരിയകള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. 

തണുപ്പുകാലത്ത് കുട്ടികള്‍ക്ക് തൈര് നല്‍കരുത്?

മികച്ച രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് തൈര്. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഏറെയുള്ള തൈര് ഡബ്യൂ ബി സി സിന്തസിസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ തൈര് കഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാം. പക്ഷെ തണുത്ത തൈരല്ല എന്ന് ഉറപ്പാക്കണം, റൂം ടെംപറേച്ചറില്‍ വേണം തൈര് കുടിക്കാന്‍. പഴങ്ങളോ പച്ചക്കറികളോ ചോര്‍ത്ത് കഴിക്കുകയാണെങ്കില്‍ കൂടുതല്‍ രുചികരവും പോഷകസമ്പന്നവുമാകും. 

ശരീരഭാരം കുറയ്ക്കണമെങ്കില്‍ തൈര് ഒഴിവാക്കണോ?

ഈ ധാരണയും തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും വെയ്റ്റ് ലോസ് യാത്രയില്‍ പ്രധാനമാണ്. കൊഴുപ്പു കുറഞ്ഞ പാലുപയോഗിച്ച് തയ്യാറാക്കിയ തൈര് കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കൂട്ടില്ല.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com