ഒമൈക്രോണിന്റെ ഈ വകഭേദം തന്ത്രശാലി, ബി.എ.2 കണ്ടെത്തുക തന്നെ ശ്രമകരം; അറിയേണ്ടതെല്ലാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2022 04:57 PM  |  

Last Updated: 29th January 2022 04:58 PM  |   A+A-   |  

omicron

പ്രതീകാത്മക ചിത്രം

 

കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദത്തിന്റെ ബി.എ.1, ബി.എ.2, ബി.എ.3 എന്നിങ്ങനെ മൂന്ന്  ഉപവകഭേദങ്ങളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽതന്നെ അധികം കേസുകളും ബി.എ.2 വകഭേദം സ്ഥിരീകരിക്കുന്നതാണ്. യുഎസ് അടക്കം അൻപതോളം രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഈ ഉപവിഭാഗമാണ് യഥാർത്ഥ ഒമൈക്രോൺ പതിപ്പിനേക്കാൾ തന്ത്രശാലി. യഥാർത്ഥ ഒമൈക്രോൺ വകഭേദത്തേക്കാൾ ഒന്നരമടങ്ങ് അധികവ്യാപന ശേഷിയുള്ളതാണ് ബി.എ.2 വിഭാഗത്തിലുള്ളവ. 

തരംഗങ്ങൾ ഫെബ്രുവരിക്ക് ശേഷവും തുടരും

ഏഷ്യയിലും യൂറോപ്പിലുമാണ് ബി.എ.2 കൂടുതലായി കാണപ്പെടുന്നത്. ഇതിന്റെ പ്രത്യേക ജനിതക സ്വഭാവസവിശേഷതമൂലം ഇവയെ കണ്ടെത്തുന്നത് ഏറെ ശ്രമകരവുമാണ്. ഇതേക്കുറിച്ച് ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും ഇവ മറ്റ് അസുഖങ്ങൾക്ക് കാരണമാകുമോ എന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. കൂടുതൽ വ്യാപനശേഷി ഉള്ളതാണെങ്കിൽ തരംഗങ്ങൾ കൂടുതലായിരിക്കുമെന്നും ഇത് ഫെബ്രുവരിക്ക് ശേഷവും തുടരുമെന്നുമാണ് വിലയിരുത്തൽ. 

ബിഎ.2ന് ധാരാളം മ്യൂട്ടേഷനുകൾ ഉണ്ട്. വൈറസിന്റെ പുറത്തുള്ള സ്‌പൈക്ക് പ്രോട്ടീനുകളിൽ 20 എണ്ണം യഥാർത്ഥ ഒമൈക്രോണിന് സമാനമാണ്. അതേസമയം ഇതിൽ കാണാത്ത ചില ജനിതകമാറ്റങ്ങൾ ഈ ഉപവിഭാഗത്തിൽ ഉണ്ട്. യഥാർത്ഥ ഒമൈക്രോൺ വ്യാപിച്ച ഒരു പ്രദേശത്ത് ഈ മ്യൂട്ടേഷനുകൾ എത്രത്തോളം ആഘാതമുണ്ടാക്കുമെന്ന് വ്യക്തമല്ല. 

വാക്‌സിൻ എടുത്താൽ 70% ഫലപ്രാപ്തി

നിലവിൽ ബിഎ 1ഉം ബി.എ.2വും ഒമൈക്രോണിന്റെ ഉപവിഭാഗമായാണ് കണക്കാക്കുന്നത്. അതേസമയം ഇത് കൂടുതൽ ആശങ്കയുണ്ടാക്കിയാൽ ഒരുപക്ഷെ മറ്റു പേരുകൾ നൽകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ബിഎ 1ഉം ബിഎ2ഉം മൂലമുണ്ടാകുന്ന ലക്ഷണങ്ങളുള്ള അസുഖങ്ങൾക്കെതിരെ കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തി സമാനമാണ്. ബൂസ്റ്റർ ഷോട്ട് എടുത്തുകഴിഞ്ഞാൽ ബിഎ2 വൈറസിനെതിരെ വാക്‌സിന് 70ശതമാനം ഫലപ്രാപ്തി ഉണ്ടാകും എന്നാണ് കണ്ടെത്തൽ. 

ആശുപത്രി വാസം ആവശ്യമായി വരുന്ന കേസുകൾ പരിശോധിക്കുമ്പോൾ യഥാർത്ഥ ഒമൈക്രോൺ ബാധിച്ചവരും ബി.എ.2 ബാധിതരും തമ്മിൽ വ്യത്യാസമില്ല എന്നാൽ നിലവിലെ ചികിത്സാരീതി ഈ ഉപവിഭാഗത്തിനെതിരെ എത്രമാത്രം വിജയകരമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. യഥാർത്ഥ ഒമൈക്രോൺ ബാധിച്ച ഒരാളിൽ വീണ്ടും ബി.എ.2 ബാധിക്കുമോ എന്നതിനെക്കുറിച്ചും വ്യക്തത ആവശ്യമാണ്. എന്നാൽ ഒരിക്കൽ ഒമൈക്രോൺ ബാധിച്ചവരിൽ ഈ ഉപവിഭാഗം ഉണ്ടാക്കുന്ന ആഘാതം കുറവായിരിക്കുമെന്നാണ് കരുതുന്നത്. 

മുൻകരുതലുകൾ

വാക്‌സിൻ എടുക്കുക, പൊതു ആരോഗ്യ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ തന്നെയാണ് ഈ വൈറസിനെതിരെയും ഫലപ്രദമാകുക. മാസ്‌ക് ധരിക്കുകയും ആൾക്കൂട്ടം ഒഴിവാക്കി വീട്ടിൽ കഴിയുകയുമാണ് ഉത്തമം. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ മ്യൂട്ടേഷൻ എന്നും ശാസ്ത്രജ്ഞർ ഓർമ്മിപ്പിച്ചു.