'ആണിന് മാത്രമല്ലല്ലോ ഈ പറഞ്ഞ വികാരമുള്ളത്, പെണ്ണിനുമുണ്ട്'; കുറിപ്പ്  

നിങ്ങളുടെ യഥാര്‍ത്ഥ ലൈംഗികാവയവം ഏതാണ്?
സിഇടി കോളജിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം/ ഫേയ്സ്ബുക്ക്
സിഇടി കോളജിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം/ ഫേയ്സ്ബുക്ക്

തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടങ്ങള്‍ വെട്ടിപ്പൊളിച്ചതും അതിനോടുള്ള വിദ്യാര്‍ഥികളുടെ പ്രതികരണങ്ങളുമെല്ലാം വലിയ ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടാക്കിയത്. എന്തിന്റെ പേരിലായാലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നതു ശരിയോ എന്നതായിരുന്നു അതിലൊന്ന്. ആണ്‍കുട്ടികളില്‍ അതു ലൈംഗിക വികാരം ഉണ്ടാക്കും എന്നാണ്, പ്രതിഷേധത്തെ എതിര്‍ത്തുകൊണ്ട് ഈ ദിശയില്‍ ചിന്തിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. അത് എത്രമാത്രം ശരിയാണെന്നു വിലയിരുത്തുകയാണ് ഡോ. മനോജ് വെള്ളനാട് ഈ കുറിപ്പില്‍. 

കുറിപ്പു വായിക്കാം:

നിങ്ങളുടെ യഥാര്‍ത്ഥ ലൈംഗികാവയവം ഏതാണ്?

ആണും പെണ്ണും അടുത്തിരുന്നാല്‍, അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാളുടെ മടിയിലിരുന്നാല്‍ ആണിന് ലൈംഗിക വികാരം ഉണരുമെന്നതാണ് ഇന്നത്തെ ഹോട്ട് ടോപ്പിക്. എന്നാലത് തെറ്റാണ്. ആണിന് മാത്രമല്ലല്ലോ ഈ പറഞ്ഞ വികാരമുള്ളത്, പെണ്ണിനുമുണ്ട്. അവര്‍ക്കുമുണരാം. അപ്പൊ പറയുമ്പോ എല്ലാവരെയും ഉള്‍ക്കൊണ്ട് പറയണം. അതൊന്ന്. രണ്ടാമത്തെ കാര്യം, ഏത് ജെന്‍ഡറില്‍ പെട്ട ആളായാലും മറ്റൊരാള്‍ ഒന്ന് തൊട്ടാലോ, അടുത്തിരുന്നാലോ ഒന്നും ഈ പറഞ്ഞ വികാരം ഉണരണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
കാരണം, ഒരാളുടെ യഥാര്‍ത്ഥ ലൈംഗികാവയവം രണ്ടു കാലുകള്‍ക്കിടയിലല്ല ഇരിക്കുന്നത്, രണ്ടു ചെവികള്‍ക്കിടയിലാണ്. അതിന്റെ പേരാണ് തലച്ചോര്‍. തലച്ചോറാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നത് കൊണ്ടാണ് മനുഷ്യന്മാര്‍ക്കിടയില്‍ ഹെറ്ററോ സെക്‌സ്വാലിറ്റിയും ഹോമോ സെക്‌സ്വാലിറ്റിയും ബൈസെക്‌സ്വാലിറ്റിയും നിരവധി ജെന്‍ഡറുകളും ഒക്കെ ഉണ്ടാവുന്നത്. കാലുകള്‍ക്കിടയിലെ ഓര്‍ഗനാണ് തീരുമാനമെടുക്കുന്നതെങ്കില്‍ മനുഷ്യനെന്നാല്‍ രണ്ടു ജെന്‍ഡറുകള്‍ മാത്രമുള്ള ഹെറ്ററോസെക്‌സ്വല്‍ ജീവി മാത്രമായിരുന്നേനെ. മാത്രമല്ല, ഒരാളുടെ ലൈംഗിക വികാരത്തെ ഉണര്‍ത്താന്‍ മറ്റൊരാളുടെ ശരീരം പോലും ആവശ്യമില്ലാ എന്നും എല്ലാവര്‍ക്കുമറിയാം. ശബ്ദമോ കാഴ്ചയോ എന്തിന് ഭാവനയോ പോലും മതി. ഒക്കെ തലച്ചോറിന്റെ മാത്രം കളിയാണ്.
ഇനി വിഷയത്തിലേക്ക് വന്നാല്‍, അമ്മയെയോ അച്ഛനെയോ സഹോദരനെയോ സഹോദരിയെയോ മക്കളേയോ കസിന്‍സിനെയോ ഒക്കെ മടിയിലിരുത്തുകയോ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയോ എന്തിന് അവരുടെ നഗ്‌നത കാണുകയോ ചെയ്താല്‍ പോലും ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും ഈ പറയുന്ന ലൈംഗിക വികാരങ്ങള്‍ ഉണരാത്തത് തലച്ചോര്‍ അങ്ങനെ ചിന്തിക്കാത്തത് കൊണ്ടാണ്. അല്ലാതെ ലൈംഗികശേഷിക്ക് പ്രശ്‌നമുള്ളത് കൊണ്ടല്ലാ. ഇതേ തരം ബന്ധം സുഹൃത്തുക്കള്‍ തമ്മിലും ഉണ്ടാവും. ഉണ്ടാവണം. അപ്പൊഴാണവര്‍ നല്ല സുഹൃത്തുക്കള്‍ ആവുന്നത്. അങ്ങനെയുള്ള ഒരു സുഹൃത്തിന്റെ മടിയിലിരിക്കുകയോ  ആലിംഗനം ചെയ്യുകയോ ഒന്നും ആരുടെയും വികാരത്തെ ഉണര്‍ത്തില്ല. അഥവാ ഉണര്‍ന്നാലും ഇതേ തലച്ചോറ് ശരിതെറ്റുകളെ വിശകലനം ചെയ്ത് ശരിയായത് തെരെഞ്ഞെടുക്കുകയും ചെയ്യും.
പിന്നെ ഇതൊക്കെ കണ്ടു നില്‍ക്കുന്ന ചിലരുടെ ഞരമ്പുകള്‍ക്കുണ്ടാവുന്ന പ്രത്യേകതരം വ്രണമാണ് പ്രശ്‌നം. ആ വ്രണമാണ് സദാചാരമായി പുറത്തേക്ക് പൊട്ടിയൊലിക്കുന്നത്. ലൈംഗികത എന്നു കേള്‍ക്കുമ്പൊഴേ കാലുകള്‍ക്കിടയിലെ അവയവം മാത്രം ഓര്‍മ്മ വരുന്നത് കൊണ്ടുണ്ടാവുന്ന ഈ മാരകരോഗത്തെയും രോഗിയെയും ഒരു സാമൂഹിക വിപത്തായി കണ്ട് അവരെ നമ്മുടെ ജീവിത പരിസരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയേ തല്‍ക്കാലം വഴിയുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com