ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

സെർവിക്കൽ കാൻസറിന് ഇന്ത്യൻ വാക്സിൻ; വില 400 ൽ താഴെ; ഉടൻ വിപണിയിൽ

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം
Published on

ന്യൂഡല്‍ഹി: സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( ക്യുഎച്ച്പിവി) വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കകം വിപണിയില്‍ ലഭ്യമാകും. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന തരത്തില്‍ 200-400 രൂപ നിരക്കിനുള്ളില്‍  വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞു. വാക്‌സിന്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍ പൂര്‍ത്തിയായി. സാധാരണ ജനങ്ങള്‍ക്ക് വാക്‌സിന്റെ ഗുണഫലം ലഭിക്കുക ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. 

കോവിഡ് മഹാമാരി ഉയര്‍ത്തിയ ആശങ്കയാണ് രോഗപ്രതിരോധ വാക്‌സിന്‍ എന്ന ആശയത്തിന് ബലമേകിയത്. ഇതിന്റെ ഫലമാണ് സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിലേക്ക് എത്തിച്ചത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ഇതിന് ചുക്കാന്‍ പിടിച്ചെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി. 

ആദ്യഘട്ടത്തില്‍ 200 ദശലക്ഷം ഡോസ് വാക്‌സിനാണ് നിര്‍മ്മിക്കുകയെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. ഇന്ത്യയിലാകും വിതരണം ചെയ്യുക. രാജ്യത്തിന്റെ ആവശ്യം നിറവേറ്റിയശേഷം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് പരിഗണിക്കുമെന്നും പൂനാവാലെ പറഞ്ഞു.  സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം.

കുത്തിവെപ്പ് 9 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്

90 ശതമാനം ഫലപ്രാപ്‌തി അവകാശപ്പെടുന്ന വാക്സിൻ ഒമ്പതുമുതൽ പതിന്നാലുവരെ വയസ്സുള്ള പെൺകുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാംവയസ്സിലും അടുത്ത ഡോസ് 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കിൽ മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിക്കണം. ക്യൂഎച്ച്പിവിയിൽ വൈറസിന്റെ ഡിഎൻഎയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com