'ഏത് നേരവും ഫോണില്‍ തന്നെ, കാന്‍സര്‍ വരും!', ഈ 5 തെറ്റിധാരണകള്‍ ഇനിയെങ്കിലും മാറ്റാം 

കാൻസറിനെക്കുറിച്ച് തെറ്റായ പല വിവരങ്ങളും ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. നമ്മൾ സത്യമാണെന്ന് വിശ്വസിക്കുന്ന അഞ്ച് തെറ്റിദ്ധാരണകള്‍ ഇതാ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗനിര്‍ണയം, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ന് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്യൂഎച്ച്ഒ) കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് കാന്‍സര്‍, 2020ല്‍ മാത്രം 10 ദശലക്ഷത്തിലധികം പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. കാന്‍സറിനെക്കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് വ്യക്തമായ വിവരങ്ങള്‍ എത്തികാന്‍ അധികാരികള്‍ ശ്രമിക്കുമ്പോഴും തെറ്റായ പല വിവരങ്ങളും ഇതുസംബന്ധിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ നമ്മളില്‍ പലരും സത്യമാണെന്ന് വിശ്വസിക്കുകയും മറ്റ് പലരോടും പങ്കുവയ്ക്കുകയും ചെയ്ത അഞ്ച് തെറ്റിദ്ധാരണകള്‍...

ഡിയോഡ്രന്റുകള്‍ അഥവാ പെര്‍ഫ്യൂം സ്തനാര്‍ബുദത്തിന് കാരണമാകും

ഡിയോഡ്രന്റുകളിലും കക്ഷത്തിലുപയോഗിക്കുന്ന പെര്‍ഫ്യൂമുകളിലും ഹാനീകരമായ അലുമിനിയം സംയുക്തങ്ങളും പാരബെന്‍ പോലുള്ളവയും അടങ്ങിയിട്ടുണ്ടെന്നും ഇത് ചര്‍മ്മം വലിച്ചെടുക്കുകയോ ഷേവ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെറിയ സുഷിരങ്ങളിലൂടെ അകത്ത് പ്രവേശിക്കുകയോ ചെയ്യും എന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്. എന്നാല്‍ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇല്ല. 

കാന്‍സര്‍ സ്ഥിരീകരിച്ചവര്‍ പഞ്ചസാര കഴിക്കരുത്, കാന്‍സര്‍ പെട്ടെന്ന് വളരും

പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പിഇടി) സ്‌കാനുകളില്‍ ചെറിയ അളവില്‍ റേഡിയോ ആക്ടീവ് ട്രേസര്‍ ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന തെറ്റായ ധാരണയാകാം ഇങ്ങനെ ചിന്തിക്കാന്‍ കാരണമെന്നാണ് മായോ ക്ലിനിക്ക് പറയുന്നത്. ഈ ട്രേസറില്‍ ചിലത് ശരീരത്തിലെ എല്ലാ ടിഷ്യൂകളും ആഗിരണം ചെയ്യുമെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന ടിഷ്യുകള്‍ വലിയ അളവില്‍ ഇവയെ ആഗിരണം ചെയ്യും. അതുകൊണ്ടാണ് കാന്‍സര്‍ കോശങ്ങള്‍ പഞ്ചസാരയുടെ സാന്നിധ്യത്തില്‍ പെട്ടെന്ന് വേഗത്തില്‍ വളരുമെന്ന നിഗമനത്തില്‍ പലരുമെത്തിയത്. എന്നാല്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നത് അന്നനാള ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില അര്‍ബുദങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം കൂട്ടാനും പൊണ്ണത്തടി, പ്രമേഹം എന്നിവയുടെ സാധ്യതയും വര്‍ദ്ധിപ്പിക്കും. അതുവഴി കാന്‍സര്‍ സാധ്യതയും കൂടും. 

കാന്‍സര്‍ പകരും

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനമനുസരിച്ച് വളരെ അടുത്തിടപഴുകിയാല്‍ പോലും കാന്‍സര്‍ പകരില്ല. അതായത് സെക്‌സ്, ചുംബനം, ഭക്ഷണം പങ്കിടുക, ഓരേ വായൂ ശ്വസിക്കുക തുടങ്ങിയ കാര്യങ്ങള്‍ പോലും അര്‍ബുദം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ ഇടയാക്കില്ല. കാന്‍സര്‍ ബാധിതനായ ഒരു വ്യക്തിയുടെ ശരീരത്തിലുളള അര്‍ബുദ കോശങ്ങള്‍ക്ക് ആരോഗ്യമുള്ള മറ്റൊരാളുടെ ശരീരത്തില്‍ ജിവിക്കാനാവില്ല. 

സ്മാര്‍ട്ട്‌ഫോണുകള്‍ കാന്‍സറിന് കാരണമാകും

സെല്‍ഫോണ്‍ ഉപയോഗം കാന്‍സറിന് കാരണമാകുമെന്നതിന് ഒരു തെളിവുകളുമില്ലെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. ഈ വിഷയം പരിശോധിക്കാന്‍ ഇക്കാലത്തിനിടയില്‍ നിരവധി പഠനങ്ങള്‍ നടന്നെങ്കിലും ഇതുവരെ നിര്‍ണ്ണായക കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ല. 

കാന്‍സര്‍ ഒരു ജീവപര്യന്തം

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. ഇത് മാരകമായ ഒരു രോഗമാണെങ്കിലും നൂതന ചികിത്സകളിലൂടെ രോഗിയെ സുഖപ്പെടുത്താന്‍ ഇന്ന് കഴിയും. രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കൂടുതല്‍ കാലം ജീവിച്ചിരിക്കാനും സഹായിക്കുന്ന സംഭവവികാസങ്ങള്‍ കാന്‍സര്‍ ചികിത്സില്‍ ഇന്നുണ്ട്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com