ഓരോ കാലഘട്ടം പിന്നിടുമ്പോഴും സ്ത്രീകൾ പല തരത്തിലുള്ള ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകാറുണ്ട്. നാൽപതിനും 49നും ഇടയിലുള്ള കാലഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിൽ അർബുദ കോശങ്ങൾ വളരാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ ആർത്തവവിരാമം സംഭവിക്കുന്നവർ, ആർത്തവവിരാമത്തോട് അനുബന്ധിച്ച് സങ്കീർണതകൾ ഉള്ളവർ, കുടുംബത്തിൽ അർബുദ ചരിത്രമുള്ളവർ എന്നിവർക്കൊക്കെ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ 40 വയസ്സ് പിന്നിടുമ്പോൾ സ്ത്രീകൾ നിർബന്ധമായും ചില പരിശോധനകൾക്ക് വിധേയരാകണം.
മാമോഗ്രാം: ഇന്ത്യയിലെ സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറിൽ 4 ശതമാനവും സ്തനാർബുദമാണെന്നാണ് കണക്കുകൾ. ഓരോ നാലു മിനിറ്റിലും ഒരാൾക്ക് എന്ന കണക്കിലാണ് ഇന്ത്യയിലെ സ്ത്രീകളിൽ സ്തനാർബുദം നിർണയിക്കപ്പെടുന്നത്. 40 കഴിഞ്ഞ സ്ത്രീകൾ ഇടയ്ക്കിടെ മാമോഗ്രാം പരിശോധന നടത്തുന്നത് സ്തനാർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കും. കുടുംബത്തിൽ അർബുദ ചരിത്രമുള്ളവരാണെങ്കിൽ ബിആർസിഎ ജീൻ ടെസ്റ്റിങ്ങും നടത്താം.
പാപ് സ്മിയർ ടെസ്റ്റ്: ഗർഭപാത്രത്തെയും ഗർഭാശയമുഖത്തെയും ബാധിക്കുന്ന അർബുദം ഇന്ത്യയിലെ അർബുദങ്ങളിൽ മൂന്നാം സ്ഥാനത്തുളളതാണ്. 40 കഴിഞ്ഞാൽ മൂന്ന് വർഷത്തിലൊരിക്കൽ പാപ് സ്മിയർ പരിശോധനയ്ക്ക് വിധേയരാകുന്നത് ഈ അർബുദം കണ്ടെത്താൻ സഹായിക്കും. കൗമാരകാലത്ത് എച്ച്പിവി വാക്സിൻ ഇത്തരം കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതാണ്.
കൊളണോസ്കോപ്പി: കോളോൺ അർബുദവും കോളോറെക്ടൽ അർബുദവുമൊക്കെ മലദ്വാരത്തിലും കോളോണിലും ചെറിയ മുഴകളായിട്ടാണ് തുടങ്ങുന്നത്. കൊളണോസ്കോപ്പി ചെയ്ത് ഇത് നേരത്തെ തിരിച്ചറിയാൻ സാധിക്കും. ഇവ അർബുദമുഴകളായി മാറുന്നതിന് മുൻപ് അവയെ നീക്കം ചെയ്യാനും പരിശോധന സഹായിക്കും.
അടിവയറ്റിലെ അൾട്രാസൗണ്ട്: ശരീരത്തിന്റെ ഹോർമോണൽ മാറ്റങ്ങൾ അടിവയറ്റിലും അർബുദ വളർച്ചയ്ക്ക് കാരണമാകും. അൾട്രാസൗണ്ട് സ്കാൻ വഴി അടിവയറ്റിലെ അവയവങ്ങളെയും രക്തക്കുഴലുകളെയും പരിശോധിച്ച് ഇത്തരം വളർച്ചകൾ കണ്ടെത്താൻ കഴിയും. വർഷത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്താം.
തൈറോയ്ഡ് ടെസ്റ്റ്: ശരീരഭാരം വർദ്ധിക്കുക, മുടികൊഴിച്ചിൽ, നഖം പൊട്ടൽ, ക്ഷീണം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ 40 കഴിഞ്ഞ സ്ത്രീകളെ അലട്ടാറുണ്ട്. അതുകൊണ്ട് ഓരോ മൂന്ന് വർഷം കൂടുമ്പോഴും 40 കഴിയുന്ന സ്ത്രീകൾ തൈറോയ്ഡ് പരിശോധന നടത്തുന്നത് നല്ലതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates