പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരോ തുള്ളി മദ്യവും അപകടകരം, സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ല; കാൻസർ സാധ്യത കൂട്ടുമെന്ന് ലോകാരോ​ഗ്യസംഘടന  

ആരോ​ഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോ​ഗ്യസംഘടനയുടെ മുന്നറിയിപ്പ്

കുറച്ചൊക്കെ കുടിച്ചാലും കുഴപ്പമൊന്നുമില്ലെന്നത് ഒരു പഴമൊഴി പോലെയായി മാറിയിട്ടുണ്ട്. എന്നാൽ ഇത് ആരും കണ്ണുംപൂട്ടി വിശ്വസിക്കണ്ട. ആരോ​ഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നാണ് ലോകാരോ​ഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്. എത്ര അളവ് മദ്യം അകത്താക്കുന്നു എന്നതിലല്ല മറിച്ച് ആൽ‌ക്കഹോൾ അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതിൽ തുടങ്ങി ആരോ​ഗ്യം പ്രശ്നമായി തുടങ്ങും എന്നാണ് ഡബ്യൂഎച്ച്ഓ പറയുന്നത്. എത്രയധികം കുടിക്കുന്നോ അത്ര‌ത്തോളം അപകടകരവും എത്ര കുറച്ച് മദ്യപിക്കുന്നോ അത്ര സുരക്ഷിതവും എന്നുമാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ എന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നത്. 

മദ്യപാനം കൂടുന്നതിനൊപ്പം കാൻസർ സാധ്യതയും വർദ്ധിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടി. അമിത മദ്യപാനം മൂലം യൂറോപ്പിൽ ‌200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നാണ് കണക്കുകൾ. മിതമായി മദ്യം ഉപയോ​ഗിക്കുന്നതുപോലും യൂറോപ്യൻ മേഖലയിൽ കാൻസർ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് ലാൻസെറ്റ് പബ്ലിക് ഹെൽത്തിലെ റിപ്പോർട്ടിൽ പറയുന്നത്. ആഴ്ച്ചയിൽ 1.5ലിറ്ററിൽ കുറവ് വൈനോ 3.5 ലിറ്ററിൽ കുറച്ച് ബിയറോ 450 മില്ലിലിറ്ററിൽ കുറവ് സ്പിരിറ്റോ കഴിക്കുന്നതുപോലും ആരോ​ഗ്യത്തിന് ഹാനികരമാണെന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത്. 

ആൽക്കഹോൾ അടങ്ങിയ ഏത് പാനീയവും കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. എഥനോൾ ശരീരത്തിലെത്തുമ്പോൾ പല പ്രവർത്തനങ്ങളും തകരാറിലാവുകയും അതുവഴി കാൻസർ പിടിമുറുക്കുകയും ചെയ്യും. കുടലിലെ കാൻസറും സ്തനാർബുദവും അടക്കം ഏഴോളം കാൻസറുകൾക്ക് മദ്യപാനം കാരണമാകും. 

വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് നേരത്തേ മദ്യപാനവും കാൻസർ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിൽ വ്യക്തമാക്കിയിരുന്നു. കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും ഭൂരിഭാ​ഗം ആളുകളും ഇത് അറിയാതെ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരാണെന്നും പഠനത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com