സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി ശരീരത്തിന് ഏറെ അനിവാര്യമായ ഒന്നാണ്. ശരീരത്തിലെ കാൽസ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും തോത് നിയന്ത്രിക്കാനും എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റമിൻ ഡി സഹായിക്കും. ശരീരത്തിൻറെ പ്രതിരോധ സംവിധാനം ശക്തമാക്കാനും വൈറ്റമിൻ ഡി ആവശ്യമാണ്.
പനിയും ജലദോഷവുമൊക്കെ തടയാൻ വൈറ്റമിൻ ഡി സഹായിക്കും. അടിക്കടി രോഗത്തിന് കീഴ്പ്പെടാൻ കാരണം പ്രതിരോധ ശേഷിയുടെ മാത്രമല്ല വൈറ്റമിൻ ഡി അഭാവത്തിൻറെ കൂടി പ്രതിഫലനമാകാം. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചിൽ, പേശിക്ക് ദുർബലത, വിശപ്പില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും വൈറ്റമിൻ ഡി കുറയുന്നതുകൊണ്ടാകാം.
വൈറ്റമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് പോലുള്ള രോഗങ്ങൾക്കും മുതിർന്നവരിൽ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനുപുറമേ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം, മൾട്ടിപ്പിൾ സ്കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും വൈറ്റമിൻ ഡി അഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ആവശ്യത്തിന് വെയിൽ കൊള്ളുന്നതാണ് വൈറ്റമിൻ ഡി സാന്നിധ്യം ശരീരത്തിൽ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. മത്തി, സാൽമൺ പോലുള്ള എണ്ണമയമുള്ള മീനുകൾ, റെഡ് മീറ്റ്, കരൾ, മുട്ടയുടെ മഞ്ഞക്കരു, ഫോർട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങൾ എന്നിവയിൽ വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാത്തവർക്ക് സപ്ലിമെൻറുകളെയും ആശ്രയിക്കാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates