പഞ്ചസാര കൂടിയാൽ അടിമുടി പ്രശ്നം; തലച്ചോറിനെയും ഹൃദയത്തെയും കരളിനെയും നശിപ്പിക്കും 

ക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ആരോഗ്യത്തെ നശിപ്പിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചായയിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ ഷുഗർ കുറയുമെന്നാണ് പൊതുവിലുള്ള ഒരു തെറ്റിദ്ധാരണ. പക്ഷെ ബ്രെഡ്, പ്രോട്ടീൻ ബാർ, ധാന്യങ്ങൾ, കെച്ചപ്പ് തുടങ്ങിയവ പതിവായി കഴിക്കുന്നുണ്ടെങ്കിൽ അറിയാതെതന്നെ ധാരാളം പഞ്ചസാര നിങ്ങളുടെ ശരീരത്തിലെത്തും. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയാണ് ഏറ്റവും അപകടകാരി, ഇത് അമിതവണ്ണത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ദന്തരോഗം, കരൾ രോഗം, കാൻസർ അങ്ങനെ അടിമുതൽ മുടി വരെ പഞ്ചസാരയുടെ അമിത ഉപയോ​ഗം നിങ്ങളെ കുരുക്കിലാക്കും. 

തലച്ചോർ

പഞ്ചസാരയോട് പലർക്കും ഒരുതരം പ്രത്യേക ആസക്തിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഓർമ്മക്കുറവ്, ഉത്കണ്ഠ, തലവേദന, ഊർജ്ജം കുറയുക, തലകറക്കം, അസ്വസ്ഥത, ആർത്തി എന്നിങ്ങനെ നീളുന്ന ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും. ദീർഘകാലാടിസ്ഥാനത്തിൽ വൈജ്ഞാനിക തകർച്ച, ഓർമ്മ നഷ്ടപ്പെടുക, അൽഷിമേഴ്‌സ് എന്നിവയിലേക്കെത്താനും ഇത് കാരണമാകും.

കണ്ണ്

രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് നമ്മുടെ ശരീരത്തിലെ ഓരോ രക്തക്കുഴലുകളെയും പ്രതികൂലമായി ബാധിക്കും. നിറയെ രക്തക്കുഴലുകളാണ് നമ്മുടെ കണ്ണുകളിലുള്ളത്. അതുകൊണ്ടുതന്നെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ മങ്ങിയ കാഴ്ച, തിമിരം, ഗ്ലോക്കോമ, റെറ്റിനോപ്പതി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. പ്രായമായ ആളുകളിൽ അന്ധതയ്ക്കുള്ള പ്രധാന കാരണം പ്രമേഹമാണ്.

ചർമ്മം

പഞ്ചസാര ശരീരത്തിലെ ഇൻസുലിൻ വർദ്ധിപ്പിക്കും, ഇത് മുഖക്കുരു, മുഖത്ത് ചുവന്ന തുടിപ്പുകൾ‌,  സോറിയാസിസ്, ചൊറി തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് വാർദ്ധക്യത്തെ വേ​ഗത്തിലാക്കാനും ചർമ്മത്തിൽ ചുളിവുകൾ രൂപപ്പെടാനും കാരണമാകും. ചർമ്മത്തിൽ പല അലർജികൾ ഉണ്ടാകാനുള്ള സാധ്യതയും ഇത് കൂട്ടും. 

പല്ല്

പഞ്ചസാരയുടെ അമിത ഉപയോ​ഗം ദന്തക്ഷയത്തിനും മോണരോഗത്തിനും കാരണമാകും. രോഗാണുക്കളെ നാം വിഴുങ്ങുകയും അവ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതിനാൽ പല രോ​ഗങ്ങളിലേക്കും ഇത് നയിക്കും. ഇത് ഹൃദ്രോഗം അടക്കമുള്ള പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. 

ഹൃദയം

പഞ്ചസാര അമിതമായാൽ അത് ധമനികളെ കഠിനമാക്കുകയും ഹൃദയ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ മഗ്നീഷ്യം പോലുള്ള ധാതുക്കളെ പഞ്ചസാര ഇല്ലാതാക്കും. ഇൻസുലിൻ പ്രതിരോധം ഹൈപ്പർടെൻഷനിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കും. പ്രമേഹമുള്ള പ്രായമായ ആളുകൾ മരിക്കാൻ പ്രധാനകാരണം ഹൃദയാഘാതമാണ്. 

കുടൽ

ചീത്ത ബാക്ടീരിയ, ഇൻഫ്ലമേറ്ററി ബാക്ടീരിയ, യീസ്റ്റ് എന്നിവയുടെ അമിതവളർച്ചയ്ക്ക് കാരണമാകുന്ന രോഗകാരികളായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒന്നാണ് പഞ്ചസാര. നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ഈ അസന്തുലിതാവസ്ഥ പ്രതിരോധശേഷി കുറയുന്നതിനും പോഷകങ്ങളുടെ ആഗിരണം കുറയുന്നതിനും കാരണമാകും. 

കരൾ 

കരൾ ശരീരത്തിൽ അധികമുള്ള പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റും. പഞ്ചസാര ഉപയോഗിച്ച് കരൾ ഓവർലോഡ് ചെയ്യുന്നത് മദ്യം ഉപയോഗിച്ച് ഓവർലോഡ് ചെയ്യുന്നതിന് സമാനമാണ്. പഞ്ചസാരയുടെ അമിത ഉപയോ​ഗം ഫാറ്റി ലിവർ രോഗത്തിന് കാരണമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com