ശ്വാസ കണികകളിൽ കൂടി പകരും, പ്രതലങ്ങളിൽ തങ്ങി നിൽക്കും; എന്താണ് നോറോ വൈറസ്? മുൻകരുതലുകൾ അറിയാം

കൃത്യമായ പ്രതിരോധവും ചികിത്സയുമാണ് നോറോ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അനിവാര്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വീണ്ടുമൊരു വൈറസ് വ്യാപനം എന്നത് ആരും കേൾക്കാൻ ആ​ഗ്രഹിക്കാത്ത വാർത്തയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത് എല്ലാവരെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൃത്യമായ പ്രതിരോധവും ചികിത്സയുമാണ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അനിവാര്യം. രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കണം. 

എന്താണ് നോറോ വൈറസ്? ലക്ഷണങ്ങൾ അറിയാം

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. അതിവ്യാപന ശേഷിയുളള നോറോ വൈറസ് വൊമിറ്റിങ് ബഗ് എന്ന് കൂടി അറിയപ്പെടുന്നു. ഛർദ്ദിയും അതിസാരവുമാണ് വൈറസ് പ്രധാനമായും രോഗികളിൽ ഉണ്ടാക്കുക. മനംമറിച്ചിൽ, വയറുവേദന, ശക്തമായ പനി, തലവേദന, കൈകാൽ വേദന തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ.  ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്കാണ് വൈറസ് കൂടുതൽ ​ഗുരുതരമാകുക.

വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് പകരും

കൊറോണ വൈറസിനെ പോലെ വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളിൽ കൂടി പകരാൻ നോറോവൈറസിനും സാധിക്കും. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗിയിൽ നിന്നും പുറത്തുവരുന്ന വൈറസ് കണികകൾ അന്തരീക്ഷത്തിൽ പരക്കുകയും പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും ചെയ്യും. ഇത് സ്പർശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. ‍

ശരിയായ വിശ്രമം, ധാരാളം വെള്ളം

വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വെള്ളം, ജ്യൂസ്, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിച്ച് ആവശ്യത്തിന് വിശ്രമിച്ചാൽ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ല​ക്ഷണങ്ങൾ കുറയും. ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ചിലരിൽ രോഗലക്ഷണം ഇല്ലാതെയും നോറോവൈറസ് പിടിമുറുക്കാറുണ്ട്. അതിവേഗം ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ ലപ്പോഴും പരിശോധന കിറ്റുകൾക്ക് ഇവയെ തിരിച്ചറിയാൻ പോലുമായില്ലെന്ന് വരും. 

മുൻകരുതലുകൾ

‌കോവിഡ് കാലത്ത് ശീലമാക്കിയ മുൻകരുതലുകൾ തന്നെയാണ് നോറോ വൈറസ് പകരാതിരിക്കാനും സ്വീകരിക്കേണ്ടത്. കൈകൾ ഇടയ്ക്കിടെ വൃത്തിയായി സോപ്പുപയോ​ഗിച്ച് കഴുകണം. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക. വൈറസ് ബാധിതർ മറ്റുള്ളവരുമായി സമ്പർ​ക്കമില്ലാതെ വിശ്രമിക്കണം. രോഗം മാറിയാലും കുറഞ്ഞത് രണ്ടു ദിവസത്തേക്ക് പുറത്തിറങ്ങാതിരിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com