മഗ്നീഷ്യം കുറഞ്ഞാല്‍ ശരീരം കൈവിട്ടുപോകും, ഞെരമ്പുകോച്ചലും വിറയലും മുതല്‍ ക്ഷീണവും തളര്‍ച്ചയും വരെ; ലക്ഷണങ്ങളറിയാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2023 01:18 PM  |  

Last Updated: 07th June 2023 01:18 PM  |   A+A-   |  

Magnesium_Deficiency

പ്രതീകാത്മക ചിത്രം

 

പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്ന രാസപ്രവര്‍ത്തനം തുടങ്ങി ശരീരത്തിന്റെ പല ബയോകെമിക്കല്‍ പ്രക്രിയകള്‍ക്കും അനിവാര്യമാണ് മഗ്നീഷ്യം. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ സംവിധാനത്തിനും ഇത് പ്രധാനമാണ്. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് വേണ്ടത്ര മഗ്നീഷ്യം ലഭിക്കാതെ വരുമ്പോഴും ശരീരം മഗ്നീഷ്യം ആഗിരണം ചെയ്യുന്നതില്‍ കുറവ് സംഭവിക്കുമ്പോഴും പല രോഗലക്ഷണങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. 

മഗ്നീഷ്യം കുറയുന്നതിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്

• പേശിവലിവ്, ഞെരമ്പുകോച്ചല്‍, വിറയല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ മഗ്നീഷ്യം കുറയുന്നതുമൂലം ഉണ്ടാകും. കാലുകളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായും കാണാറുള്ളത്.

• ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മഗ്നീഷ്യം അനിവാര്യമാണ്. ഇതിന്റെ കുറവ് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ ഇടയാക്കും. മതിയായ മഗ്നീഷ്യം ഇല്ലെങ്കില്‍ ശരീരം ആവശ്യത്തിന് ഊര്‍ജ്ജം ഉത്പാദിപ്പിക്കില്ല. 

• ശരീരത്തിന്റെ ഉറക്കം-ഉണര്‍വ് ചക്രമായ സര്‍ക്കാഡിയന്‍ താളക്രമം നിയന്ത്രിക്കാന്‍ മഗ്നീഷ്യം സഹായിക്കും. അതുകൊണ്ട് മഗ്നീഷ്യത്തിന്റെ അപര്യാപ്തത ഉറക്കമില്ലായ്മ്മ, അസ്വസ്ഥമായ ഉറക്കം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.

• നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം പ്രധാനമാണ്. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിലും മഗ്നീഷ്യം ആവശ്യമായതിനാല്‍ ഇതില്‍ കുറവുണ്ടാകുന്നത് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കും. 

• രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മഗ്നീഷ്യം സഹായിക്കും അതുകൊണ്ടുതന്നെ മഗ്നീഷ്യത്തിന്റെ കുറവ് രക്തസമ്മര്‍ദ്ദത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കും. 

• ഹൃദയത്തിന്റെ താളം നിയന്ത്രിക്കുന്നതില്‍ മഗ്നീഷ്യത്തിന് പങ്കുണ്ട്. അതുകൊണ്ടുതന്നെ, മഗ്നീഷ്യം കുറയുന്നത് ഹൃദയമിടിപ്പ് ക്രമരഹിതമാകാനും താളംതെറ്റാനും കാരണമായേക്കാം. 

• മഗ്നീഷ്യം രക്തക്കുഴലുകളുടെ നിയന്ത്രണത്തില്‍ പങ്കുവഹിക്കുന്നതിനാല്‍, കുറവുണ്ടാകുമ്പോള്‍ തലവേദന അനുഭവപ്പെട്ടേക്കാം. മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് മഗ്നീഷ്യം, അതുകൊണ്ട് ഇത് കുറയുമ്പോള്‍ മൈഗ്രേന്റെ തീവ്രത വര്‍ദ്ധിക്കും. 

• നാഡികളുടെ പ്രവര്‍ത്തനത്തിന് മഗ്നീഷ്യം ആവശ്യമാണ്. ഇത് കുറയുന്നപക്ഷം കൈകളിലും കാലുകളിലും മരവിപ്പുണ്ടായേക്കാം. 

• അസ്ഥികളുടെ ആരോഗ്യത്തിന് മഗ്നീഷ്യം ആവശ്യമായതിനാല്‍ ഇതിന്റെ കുറവ് അസ്ഥികളെ പ്രതികൂലമായി ബാധിക്കും. മഗ്നീഷ്യത്തിന്റെ അഭാവം ഓസ്റ്റിയോപൊറോസിസിനും മറ്റ് അസ്ഥി തകരാറുകള്‍ക്കും കാരണമാകും. 

• മഗ്നീഷ്യം കുറയുന്നത് മലബന്ധത്തിന് കാരണമാകും. ഇത് ദഹനസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. 

• ഇന്‍സുലിന്‍ ഉത്പാദനത്തിലും ഗ്ലൂക്കോസ് മെറ്റബോളിസത്തിലും മഗ്നീഷ്യം പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ മഗ്നീഷ്യം കുറയുന്നതുമൂലം ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാപ്‌സിക്കം കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇന്നുമുതല്‍ ഉറപ്പായും കഴിക്കണം; ചര്‍മ്മം സൂപ്പറാക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ