

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണമെന്ന് ആഗ്രഹിച്ച് വളരെ സെലക്ടീവ് ആയി ആഹാരം തെരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ ഇക്കൂട്ടർക്ക് പോലും പറ്റുന്ന ഒരു അബദ്ധമുണ്ട്. നല്ല ഭക്ഷണം തെറ്റായ രീതിയിൽ കഴിക്കുന്നതാണത്. പോഷകാഹാരം കഴിക്കേണ്ടത് അനിവാര്യമാണെങ്കിൽ അത് എങ്ങനെ തയ്യാറാക്കി കഴിക്കുന്നു എന്നതും ഒരുപോലെ പ്രധാനമാണ്. തെറ്റായി കഴിച്ചേക്കാവുന്ന ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
അവക്കാഡോ - സൂപ്പർഫുഡ് എന്നാണ് അവക്കാഡോയെ പൊതുവേ വിശേഷിപ്പിക്കുന്നത്. എന്നാലും പലരും ഇത് കഴിച്ച് കുരു വലിച്ചെറിയുരയാണ് പതിവ്. പക്ഷെ, അവക്കാഡോയുടെ കുരു ആന്റിഓക്‌സിഡന്റ്‌സും നാരുകളും നിറഞ്ഞതാണെന്ന് പലർക്കും അറിയില്ല. സ്മൂത്തി തയ്യാറാക്കുമ്പോഴും സാലഡ് ഉണ്ടാക്കുമ്പോഴുമൊക്കെ അവക്കാഡോയുടെ കുരു കൂടി ഉൾപ്പെടുത്തണം.
മുട്ട - മുട്ട കഴിക്കുമ്പോൾ അതിന്റെ മഞ്ഞക്കുരു പലരും ഒഴിവാക്കാറുണ്ട്. കൊളസ്‌ട്രോൾ കൂടുതലാണെന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമായ കോളിൻ ഉൾപ്പെടെയുള്ള പോഷകങ്ങൾ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മുട്ട കഴിക്കുമ്പോൾ മുഴുവൻ ഫലവും ലഭിക്കണമെങ്കിൽ പൂർണ്ണമായി കഴിക്കുക തന്നെ വേണം.
ബ്രോക്കോളി - ബ്രോക്കോളി സാധാരണ ആവിയിൽ പുഴുങ്ങിയും വേവിച്ചുമൊക്കെയാണ് കഴിക്കുന്നത്. എന്നാലിത് പച്ചക്കും കഴിക്കാമെന്ന് പലർക്കും അറിയില്ല. അതുമാത്രമല്ല ബ്രോക്കോളി പച്ചക്ക് കഴിക്കുമ്പോഴാണ് വിറ്റാമിൻ സി, ഫോളേറ്റ്, വീക്കം കുറയ്ക്കാനും കാൻസർ തടയാനും സഹായിക്കുന്ന സൾഫോറഫെയ്ൻ അടക്കമുള്ളവ ലഭിക്കുന്നത്.
ഡാർക്ക് ചോക്ലേറ്റ് - ചോക്ലേറ്റ് കഴിക്കുമ്പോൾ കുറഞ്ഞത് 70ശതമാനം കൊക്കോ അടങ്ങിയവ കഴിക്കാൻ ശ്രദ്ധിക്കണം. ഇവയിൽ പഞ്ചസാര കുറവായിരിക്കും എന്ന് മാത്രമല്ല ആന്റിഓക്‌സിഡന്റ്‌സ് കൂടുതലുമായിരിക്കും. എന്നിരുന്നാലും ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാൽ ചോക്ലേറ്റ് കഴിക്കുന്നതിൻ കുറച്ച് കൺട്രോൾ പാലിക്കുന്നത് നല്ലതാണ്.
നട്ടസ് - നട്ട് ആരോഗ്യകരമാണെങ്കിലും ഇവ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കലോറിയെ കുറിച്ച് പലരും ചിന്തിക്കാറില്ല. വെറുതെ ഇരുന്ന് നട്ട്‌സ് ഓരോന്നായി അകത്താക്കുന്നതിന് പകരം ഒരു പിടി കയ്യിലെടുത്ത് അളവറിഞ്ഞ് കഴിക്കുന്നതാണ് നല്ലത്.
തക്കാളി - തക്കാളി വേവിച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. കാൻസറിൽ നിന്നും ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീനിന്റെ അളവ് വേവിച്ച തക്കാളിയിൽ കൂടുതലായിരിക്കും. സൂപ്പും സോസുമൊക്കെ തയ്യാറാക്കുമ്പോൾ അതിലേക്ക് വേവിച്ച തക്കാളി ചേർക്കുന്നത് പോഷകങ്ങൾ കൂട്ടാൻ സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates