‌കോവിഡ് ഇനി വെറുമൊരു പകർച്ചപ്പനി, പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന

സീസണൽ ഇൻഫ്‌ളുവൻസ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്ഒ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കോവിഡ് 19ന്റെ പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വർഷത്തോടെ കോവിഡിനെ വെറുമൊരു പകർച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാൻ കഴിയും. സീസണൽ ഇൻഫ്‌ളുവൻസ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്ഒ എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു. 

"കോവിഡ് 19നെ സീസണൽ ഇൻഫ്ളുവൻസ പോലെ കാണുന്ന ഒരു സ്ഥിതിയിലേക്ക് നമ്മൾ എത്തുകയാണ്. ആരോ​ഗ്യത്തിന് ഭീഷണി തന്നെയാണ്. ഈ വൈറസ് മരണത്തിന് കാരണമാകുകയും ചെയ്യും. പക്ഷെ നമ്മുടെ സമൂഹത്തെയോ ആശുപത്രി പ്രവർത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന  ഒന്നായിരിക്കില്ല", മൈക്കൽ റയാൻ പറഞ്ഞു. 

കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴാണ് ആശ്വാസ വാർത്ത. കോവിഡ് 19നെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി കാണേണ്ട സ്ഥിതി അവസാനിച്ചെന്ന് ഈ വർഷം പറയാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2020 ജനുവരി 30ന് ചൈനയ്ക്ക് പുറത്ത് 100ൽ താഴെ മാത്രമായിരുന്നു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മാർച്ച് 11 ആയപ്പോഴേക്കും സ്ഥിതി മാറി. പല രാജ്യങ്ങളിലും കാര്യങ്ങൾ കൈവിട്ട് തുടങ്ങിയിരുന്നു. 'ഞങ്ങൾ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിർണായക നടപടികൾ സ്വീകരിക്കണമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പക്ഷെ എല്ലാവരും അങ്ങനെ ചെയ്തില്ല. മൂന്ന് വർഷങ്ങൾക്കിപ്പുറം ഏകദേശം 70ലക്ഷത്തോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യഥാർത്ഥ കണക്ക് അതിലും മുകളിലാണ്", റയാൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com