വേനല്‍ക്കാലത്തെ ആര്‍ത്തവം കഠിനം; നാല് മണിക്കൂര്‍ ഇടവിട്ട് പാഡ് മാറ്റണം, ഡയറ്റും വ്യായാമവും ശ്രദ്ധിക്കാം
By സമകാലികമലയാളം ഡെസ്ക് | Published: 31st March 2023 01:41 PM |
Last Updated: 31st March 2023 01:41 PM | A+A A- |

പ്രതീകാത്മക ചിത്രം
ആര്‍ത്തവചക്രവും സൂര്യപ്രകാശം തമ്മില്‍ ബന്ധമുള്ളതുകൊണ്ടുതന്നെ വിറ്റാമിന് ഡി കൂടുതല്‍ ലഭിക്കുന്നത് ശരീരം ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇതുവഴി അണ്ഡാശയ പ്രവര്‍ത്തനവും കൂടും. ഇടയ്ക്കിടെ ആര്‍ത്തവം ഉണ്ടാകാനും ആര്‍ത്തവ ദിനങ്ങള്‍ നീണ്ടുനില്‍ക്കാനും ഇത് കാരണമാകും. വേനല്‍ ചൂട് മൂലം ഉണ്ടാകുന്ന ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് പുറമേ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൂടി സംഭവിക്കുമ്പോള്‍ വയറിലെ അസ്വസ്ഥതകളും ആര്‍ത്തവത്തിന് മുമ്പും ശേഷവുമുള്ള മാനസിക അസ്വസ്ഥതകളും കൂടാന്‍ ഇടയുണ്ട്. ഇതുകൊണ്ട് വേനല്‍ കാലത്തെ ആര്‍ത്തവ ദിനങ്ങള്‍ കൂടുതല്‍ കഠിനമാകും.
ചൂടുകാലത്തെ ആര്‍ത്തവ ദിനങ്ങള്‍ മറികടക്കാന്‍ അത്ര എളുപ്പമായിരിക്കില്ലെങ്കിലും ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാം. ധാരാളം വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്. അതുപോലെതന്നെ ആരോഗ്യകരമായ ഭക്ഷണ ശീലവും ഉറപ്പാക്കണം. ജ്യൂസ്, സൂപ്പ് പോലുള്ളവ കൂടുതല്‍ കുടിക്കുന്നത് നല്ലതാണ്. അതേസമയം ഉപ്പ് കൂടിയ ചെറുകടികളും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുകയും വേണം. മദ്യവും കഫീന്‍ കൂടുതലായി അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം. ഇത് നിര്‍ജ്ജലീകരണം കൂട്ടാനും ഉറക്കം തകരാറിലാക്കാനും തലവേദന പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും കാരണമാകും.
കഠിനമായ ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. ഭാരം ഉയര്‍ത്തുന്നത് അടക്കമുള്ള വ്യായാമം വേനല്‍കാലത്ത് ഒഴിവാക്കാവുന്നതാണ്. പകരം എയ്‌റോബിക് വ്യായാമങ്ങളും യോഗ പോലുള്ളവയും ചെയ്യാം. വ്യക്തിശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടകതുണ്ട്. സാനിറ്റഡ് പാഡ് കൃത്യമായ ഇടവേളകളില്‍ മാറ്റണം, തണുപ്പുകാലത്തെ അപേക്ഷിച്ച് വേനല്‍ക്കാലത്ത് പാഡ് മാറ്റുന്നതിന്റെ ഇടവേള കുറയ്ക്കണം. ചൂടുകാലത്ത് മൂന്ന്-നാല് മണിക്കൂറിനിടയില്‍ പാഡ് മാറ്റണം. അല്ലാത്തപക്ഷം വിയര്‍പ്പ് മൂലമുള്ള അസ്വസ്ഥതകള്‍ കൂടും. ദിവസവും രണ്ട് തവണ കുളിക്കാനും ശ്രദ്ധിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉറക്കമുണർന്നാൽ ഉടൻ ഒരു ഗ്ലാസ് വെള്ളം, ഗുണങ്ങളേറെ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ