ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയെന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിനായി ഭക്ഷണത്തിന്റെ ഗുണമേന്മ, അളവു തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങളിൽ ആശങ്കപ്പെടുന്നവരും ഏറെയാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ പേരിൽ ഭക്ഷണത്തെ അനാവശ്യമായി നിയന്ത്രിക്കുന്നതും പ്രശ്നമാണ്.
ആരോഗ്യകരമായ ഭക്ഷണരീതിയിൽ ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുകയും അമിതമായി ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണക്രമക്കേട് അല്ലെങ്കില്‍ വൈകല്യമാണ് ഓർത്തോറെക്സിയ നെർവോസ. മറ്റ് ഭക്ഷണവൈകല്യങ്ങളെ പോലെ ഓർത്തോറെക്സിയ നെർവോസ ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം.
ഓർത്തോറെക്സിയ നെർവോസ ഉള്ളവർ എപ്പോഴും കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് ആശങ്കയുള്ളവരാകും. കൂടാതെ ചില ഭക്ഷണങ്ങളെ പാടെ ഒഴിവാക്കുകയും ചെയ്യും. ഇത് ഒരുപക്ഷെ പോഷകാഹാര കുറവിലേക്ക് നയിക്കാം. ഇത് പ്രതിരോധ ശേഷി കുറയാനും ഹോർമോൺ അസന്തുലനത്തിനും കാരണമാകാം. കൂടാതെ നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടാനും സാധ്യത കൂടുതലാണ്.
ചില സന്ദർഭങ്ങളിൽ ഓർത്തോറെക്സിയ ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) എന്ന അവസ്ഥയുമായും ബന്ധപ്പെടുത്തി പറയാറുണ്ട്.1997-ൽ അമേരിക്കൻ വൈദ്യനായ സ്റ്റീവ് ബ്രാറ്റ്മാൻ ആണ് ഓർത്തോറെക്സിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
ഓർത്തോറെക്സിയ നെർവോസ ലക്ഷണങ്ങള്‍
അനാരോഗ്യകരമായ ഭക്ഷണങ്ങളോട് തീവ്രമായ ഭയം അനുഭവപ്പെടുക.
ആരോഗ്യകരമായ ഭക്ഷണങ്ങൾ, പോഷകാഹാരം, ഭക്ഷണം എന്നിവയിൽ അമിതമായ ആസക്തി പുലര്‍ത്തുക.
ഒരു പ്രത്യേക ഭക്ഷണരീതിയിൽ നിന്ന് വ്യതിചലിക്കാൻ കഴിയാതെ വരിക.
ഭക്ഷണ പാക്കുകളില്‍ ലേബല്‍ ചെയ്തിരിക്കുന്ന ചേരുവകളും പോഷകാഹാരങ്ങളും നിരന്തരം പരിശോധിക്കുന്നു.
മറ്റുള്ളവരുടെ ഭക്ഷണശീലങ്ങളെ നിരന്തരം കുറ്റം പറയുക.
പരിപാടികളും മറ്റുള്ളവർ തയ്യാറാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക.
ശുദ്ധമായ ഭക്ഷണം രോഗം തടയുന്നതിനോ സുഖപ്പെടുത്തുമെന്നോ ഉള്ള വിശ്വാസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക