റെഡ് വൈന്‍ കുടിക്കുമ്പോള്‍ തലവേദന, കാരണം കണ്ടെത്തി ഗവേഷകര്‍

ശരീരത്തിൽ മദ്യം വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഉപാപചയ പ്രക്രിയയിലെ കാലതാമസമാണ് പലപ്പോഴും ഈ തലവേ​ദന ഉണ്ടാക്കുന്നത്.
grape wine
റെഡ് വൈന്‍
Updated on

ക്രിസ്മസിന് കേക്കും നല്ല മുന്തിരി വൈനുമൊക്കെയായി എല്ലാവരുമൊത്ത് അടിച്ചുപൊളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ റെഡ് വൈന്‍ കുടിച്ച ശേഷം ചിലരിൽ അടുത്ത ദിവസം ഉണ്ടാകുന്ന തലവേദന അത്ര സുഖമുള്ളതായിരിക്കില്ല. വൈനിൽ അടങ്ങിയ സള്‍ഫൈറ്റുകള്‍, ബയോജെനിക് അമിനീസ്, ടാനിന്‍ എന്നിവയാണ് പലപ്പോഴും പ്രതിപട്ടികയിൽ ഉണ്ടാവുക. എന്നാൽ കാലിഫോര്‍ണിയ സര്‍വകലാശാല അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വില്ലന്‍ ഇതൊന്നുമല്ല.

റെഡ് വൈനിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ

ആള്‍ക്കഹോളിന്‍റെ അംശം അടങ്ങിയ റെഡ് വൈൻ കുടിക്കുമ്പോൾ ശരീരത്തിൽ മദ്യം വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഉപാപചയ പ്രക്രിയയിലെ കാലതാമസമാണ് പലപ്പോഴും ഈ തലവേ​ദന ഉണ്ടാക്കുന്നത്.

ശരീരത്തിൽ ആള്‍ക്കഹോളിന്‍റെ ദഹനം രണ്ട് ഘട്ടങ്ങളിലായാണ് സംഭവിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എത്തനോള്‍ അസറ്റാൽഡിഹൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു, തുടർന്ന് ആൽഡിഹൈഡ് ഡീഹൈഡ്രജനേസ് (ALDH) എന്ന എൻസൈം അസറ്റാൽഡിഹൈഡിനെ അസറ്റേറ്റാക്കി മാറ്റുന്നു. എന്നാൽ രണ്ടാം ഘട്ടം മന്ദ​ഗതിയിലാകുമ്പോള്‍ അസറ്റാൽഡിഹൈഡ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഹാങ് ഓവർ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇനി റെഡ് വൈനില്‍ എഎല്‍ഡിഎച്ചിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന ഘടകം എന്താണ്?

റെഡ് വൈൻ നിർമിക്കാൻ ഉപയോ​ഗിക്കുന്ന മുന്തിരിയുടെ തൊലിയിൽ അടങ്ങിയ ക്വെർസെറ്റിൻ എന്ന ഫിനോളിക്സ് എഎൽഡിഎച്ചിന്റെ നല്ലൊരു ഇൻഹിബിറ്ററാണെന്ന് പഠനത്തിൽ ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അഴുകൽ പ്രക്രിയയിൽ വെള്ള മുന്തിരിയെക്കാൾ ചുവന്ന മുന്തിരിയിലാണ് ഇവ കൂടുതൽ സമയം നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ വെളുത്ത വീഞ്ഞിനെ അപേക്ഷിച്ച് ചുവപ്പ് വീഞ്ഞ് കുടിക്കുമ്പോഴാണ് തലവേദനയ്ക്കുള്ള സാധ്യത കൂടുതല്‍.

എഎൽഡിഎച്ച് അസറ്റാൽഡിഹൈഡിനെ വിഘടിപ്പിക്കുന്ന പ്രക്രിയയെ ക്വെർസെറ്റിൻ മന്ദഗതിയിലാക്കിയിട്ടുണ്ടോ എന്ന് ഗവേഷകർ പരിശോധിച്ചു. ഭക്ഷണത്തിൽ നിന്നോ വീഞ്ഞിൽ നിന്നോ ക്വെർസെറ്റിൻ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ അതിൽ ഭൂരിഭാഗവും കരൾ ഗ്ലൂക്കുറോണൈഡായി പരിവർത്തനം ചെയ്ത് വേഗത്തിൽ പുറന്തള്ളുന്നു. എന്നാലും ക്വെർസെറ്റിൻ ഗ്ലൂക്കുറോണൈഡ് ശരീരത്തിലെ മദ്യത്തിന്റെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുന്നു. ഈ തടസ്സം കാരണം അധിക അസറ്റാൽഡിഹൈഡ് പ്രചരിക്കുകയും വീക്കം, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com