ലോകത്ത് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ഭക്ഷണക്രമമാണ് വീഗൻ ഡയറ്റ്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങി നിരവധി സെലിബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മൃഗ ഉൽപ്പന്നങ്ങൾ പൂര്‍ണമായും ഒഴിവാക്കി സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് വീഗന്‍ ഡയറ്റ്. കാലാവസ്ഥ മാറ്റവും മൃഗങ്ങളുടെ വംശനാശ ഭീഷണിയുമാണ് വീഗൻ ഡയറ്റിനെ ജനപ്രിയമാക്കിയത്.
ആന്റി-ഓക്സിഡന്റുകളും നാരുകളും ഫോളിക് ആസിഡും ഫൈറ്റോകെമിക്കൽസും അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വീഗൻ ഡയറ്റ് മികച്ച തെരഞ്ഞെടുപ്പാണ്. കൊളസ്ട്രോളിനെ നിയന്ത്രിച്ച് നിർത്തുന്നതു കൊണ്ട് ഹൃദ്രോഗ സാധ്യതയും വളരെ കുറവാണ്. പഞ്ചസാരയുടെ അളവ് കുറവായതിനാൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും.
എന്നാൽ വിറ്റാമിൻ ബി12, വിറ്റാമിന്‍ ഡി, സിങ്ക്, കാല്‍സ്യം, അയൺ തുടങ്ങിയ പോഷകൾ മൃഗ ഉൽപ്പന്നങ്ങളിലാണ് കൂടുതൽ എന്നതു കൊണ്ട് വിഗൻ ഡയറ്റ് തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഫോര്‍ട്ടിഫൈഡ് ചെയ്ത ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. കൂടാതെ ഇവയുടെ കുറവ് പരിഹരിക്കുന്നതിന് ന്യൂട്രീഷനിസ്റ്റിന്റെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.
കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവ വലിയ തോതില്‍ ലഭിക്കുന്ന ഉത്പന്നങ്ങളായ പാലും പാലുത്പന്നങ്ങളും ഉപേക്ഷിക്കുന്നതോടെ അവ ലഭിക്കുന്ന വീഗന്‍ ഉത്പന്നങ്ങള്‍ കണ്ടെത്തണം. പശുവിന്‍ പാലിന് പകരം സോയ പാല്‍ ശീലമാക്കാം. ചീരയില, വെള്ളക്കടല തുടങ്ങിയവയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. വീഗനിസം എന്നത് വെറുമൊ ഭക്ഷണക്രമം മാത്രമല്ല, അതൊരു ജീവിതശൈലി കൂടിയാണ്. അതിനായി മനസും ശരീരവും പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക