ഗർഭകാലത്ത് സ്ത്രീകളിൽ ഉറക്കമില്ലായ്മ വ്യാപകമാണ്. ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദനാജനകമായ പ്രസവം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ്, വിഷാദം, ഉത്കണ്ഠ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. ഗർഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള മികച്ച ചികിത്സാരീതിയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി അഥവാ സിബിടി-ഐ.
എന്നാല്‍ സിബിടി-ഐ ഗര്‍ഭിണികളിലെ ഉറക്കമില്ലായ്മ പരിഹരിക്കുക മാത്രമല്ല സ്ത്രീകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രസവാനന്തര വിഷാദവും പരിഹരിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഗർഭകാലത്ത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന ചിന്തകൾ, പെരുമാറ്റങ്ങൾ, ഉറക്കത്തിന്റെ രീതികൾ എന്നിവ മനസിലാക്കുന്നതിലൂടെയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രവർത്തിക്കുന്നത്. ഇത് പ്രസവ ശേഷം അമ്മയ്ക്ക് ഉണ്ടാവാൻ സാധ്യതയുള്ള പോസ്റ്റ്പാർട്ടം ഡിപ്രസീവ് ലക്ഷണങ്ങളെ വലിയ രീതിയിൽ തടയുമെന്ന് ബ്രിട്ടീഷ് കൊളംബിയ ഒക്കനാഗൻ സർവകലാശാലയിലെയും കാൽഗറിയിലെ വാൻകൂവർ ക്യാമ്പസ് സർവകലാശയിലേയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് തടസമാകുന്ന ശീലങ്ങളെ പുനക്രമീകരിക്കുക, ഗർഭകാലത്തെ ഉറക്കത്തെ കുറിച്ചുള്ള തെറ്റുധാരണകളെ നീക്കുക തുടങ്ങിയവ ചികിത്സാ ഇടപെടലിൽ ഉൾപ്പെടുന്നു. നേരത്തെയുള്ള സിബിടി-ഐ തെറാപ്പിയുടെ ഇടപെടൽ അമ്മയ്ക്കും കുഞ്ഞിനും നിർണായകമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സിബിടി-ഐ ഉറക്കമില്ലായ്മക്കുള്ള മികച്ച ചികിത്സയാണ്. ഇത് ആൻ്റീഡിപ്രസൻ്റ് മരുന്നുകൾക്ക് സമാനമാണ്. പാർശ്വഫലങ്ങൾ കുറവായതിനാൽ ഗർഭിണികളിൽ തെറാപ്പി സുരക്ഷിതമാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
എന്താണ് പോസ്റ്റുപാർട്ടം ഡിപ്രഷൻ
പ്രസവശേഷം സ്ത്രീകളെയും പുരുഷന്മാരെയും ഒരേ പോലെ ബാധിക്കുന്ന ഒരു മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ (പിപിഡി). ഇത് വ്യക്തികളുടെ പെരുമാറ്റ രീതിയെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. പതിവിലും കൂടുതൽ കരയുക, ദേഷ്യം പ്രകടിപ്പിക്കുക, കുഞ്ഞിനോട് അടുപ്പമുണ്ടാകാതിരിക്കുക, കുഞ്ഞിനെ പരിപാലിക്കാനുള്ള കഴിവിൽ സംശയം തോന്നുക, കുഞ്ഞിനെയോ സ്വയം ഉപദ്രവിക്കാനെക്കുറിച്ചുള്ള ചിന്തകൾ എന്നിവയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ സാധാരണ ലക്ഷണങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക