ശരീരത്തിന് ഉറക്കം വേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ദിവസത്തിൽ ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും. എന്നാല്‍ ഉറക്കം കൂടി പോയാലോ!
ഒരുപാട് നേരം ഉറങ്ങി എഴുന്നേറ്റ ശേഷം ക്ഷീണവും തലവേദനയും മാറുന്നില്ലെന്ന് ചിലർ പരാതി പറഞ്ഞു കേട്ടിട്ടില്ലേ? എഴുന്നേറ്റാലും ഊര്‍ജം തോന്നാതിരിക്കുക, അടിക്കടിയുള്ള മൂഡ് മാറ്റം, എഴുന്നേറ്റാലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയും അമിതമായി ഉറങ്ങുന്നതു കൊണ്ട് ഉണ്ടാകാം.
24 മണിക്കൂറില്‍ ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം അഥവാ ഓവർ സ്ലീപ്പിങ് എന്ന് വിളിക്കുന്നത്. എന്നാൽ ദീർഘയാത്രയ്ക്ക് ശേഷം യാത്രാക്ഷീണത്തെ തുടർന്ന് കൂടുതൽ നേരം ഉറങ്ങുന്നതും സമ്മര്‍ദം നിറഞ്ഞ ജോലിക്കിടെ കിട്ടുന്ന ഒഴിവു ദിവസം അധിക നേരം ഉറങ്ങുന്നതുമൊക്കെ ഇതിൽ നിന്ന് മാറ്റി നിർത്താം.
അമിതമായി ഉറങ്ങാനുള്ള കാരണം
ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായോ സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ വൈകല്യം കാരണമോ ഉറക്കം ഒൻപതു മണിക്കൂറിൽ കൂടുതലാകാറുണ്ട്. ഇല്ലെങ്കിൽ ഇതൊരു ഉറക്ക വൈകല്യമായിരിക്കാം.
പൊണ്ണത്തടി
ഹൃദ്രോഗം
പ്രമേഹം
ഹൈപ്പര്‍തൈറോയ്ഡിസം
വിഷാദം, ഉത്കണ്ഠ
ഉറക്ക വൈകല്യം
വിട്ടുമാറാത്ത വേദന
എന്നിവ അമിത ഉറക്കത്തിലേക്ക് നയിക്കുന്നു. നീണ്ട സമയം ഉറങ്ങുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ജനസംഖ്യയില്‍ ഏതാണ്ട് രണ്ട് ശതമാനം ആളുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങുന്നത് സാധാരണമാണ്. ഇത്തരക്കാരെ ലോങ് സ്ലീപ്പേഴ്‌സ് എന്നാണ് വിളിക്കുന്നത്. ഇത്തരക്കാർക്ക് ഏഴ് മുതൽ ഒൻപതു മണിക്കൂർ ഉറക്കം മതിയായെന്ന് വരില്ല. 10 മുതൽ 12 മണിക്കൂർ വരെയുള്ള നീണ്ട ഉറക്കത്തിന് ശേഷം ഉന്മേഷത്തോടെ ഉറക്കം പൂർണമായെന്ന് തോന്നലോടെയാണ് നിങ്ങൾ എഴുന്നേൽക്കുന്നതെങ്കിൽ നിങ്ങള്‍ ലോങ് സ്ലീപ്പോഴ്‌സ് ആണ്. എന്നാല്‍ മറിച്ചാണെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്.
അമിതമായി ഉറങ്ങുന്നത് ക്ഷീണം, ഊര്‍ജമില്ലായ്മ, പ്രതിരോധശേഷി കുറയുക, പെരുമാറ്റത്തില്‍ മാറ്റം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഇത് ജീവന്‍ തന്നെ അപഹരിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക