പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് സിഗരറ്റ് പാക്കറ്റുകളിൽ തന്നെ എഴുതിയിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കുന്നവരുടെ കണ്ണിൽ പലപ്പോഴും പെടാറില്ല. സിഗരറ്റുകളിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഹൃദയത്തിന്റെ പ്രവർത്തനത്തെ വലിയ തോതിൽ ബാധിക്കും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നതാണ് ഉചിതം. എന്നാല്‍ പുകവലി ഉപേക്ഷിച്ചാലും ഹൃദയത്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ എത്ര കാലം വേണ്ടിവരുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?
പുകവലി ഉപേക്ഷിച്ചാലും ആ ശീലം ഉണ്ടാക്കിയ ദീര്‍ഘകാല ആഘാതം ഹൃദയത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ വലിയ കാലതാമസമുണ്ടാക്കുമെന്ന് കൊറിയയില്‍ അടുത്തിടെ നടത്തിയ പഠനം പറയുന്നു. ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാൽ ഹൃദയത്തിൻ്റെ വീണ്ടെടുക്കൽ കാലം മനസിലാക്കുന്നതിന് കൊറിയ യൂണിവേഴ്‌സിറ്റി അൻസാൻ ഹോസ്പിറ്റലിലെ ഗവേഷകന്‍ സിയുങ് യോങ് ഷിൻ 53 ലക്ഷം ആളുകളില്‍ പഠനം നടത്തി.
മിതമായി പുകവലിച്ചു കൊണ്ടിരുന്നവര്‍ പുകവലി ഉപേക്ഷിച്ചപ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം വരെ എടുത്തു. അതേസമയം കഠിനമായി പുകവലിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഏതാണ്ട് 25 വര്‍ഷം വരെ എടുത്തുവെന്നാണ് പഠനത്തില്‍ പറയുന്നത്.
ശരാശരി 48 വയസായ 5,391,231 ആളുകളില്‍ നാല് വര്‍ഷമാണ് പഠനം നടത്തിയത്. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. ഈ കാലയളവില്‍ ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയുൾപ്പെടെയുള്ള അവരുടെ ആരോഗ്യസ്ഥിതികൾ രേഖപ്പെടുത്തുകയും ചെയ്തു. പുകവലി ഹൃദയത്തിന് വിനാശകരമായ ആഘാതം ഉണ്ടാക്കുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷത്തില്‍ 30 പാക്കറ്റ് സിഗരറ്റ് വരെ വലിച്ചവരില്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു.
പുകവലി ഉപേക്ഷിച്ചാല്‍ ഉടനടി ആരോഗ്യം മെച്ചപ്പെടുമെന്ന് പൊതുധാരണയെ ഈ പഠനം വെല്ലുവിളിക്കുന്നു. ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാല്‍ സ്വാഭാവികമായും ആരോഗ്യം വീണ്ടെടുക്കുന്നതിന് ശരീരം വളരെ അധികം സമയം എടുക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക