World Pneumonia Day| ആശങ്കയായി ന്യുമോണിയ; പ്രതിവര്‍ഷം മരിക്കുന്നത് 16 ലക്ഷം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ അപകട സാധ്യത കൂടുതൽ

ആ​ഗോളതലത്തിൽ ഓരോ വർഷവും ഏതാണ്ട് 16 ലക്ഷം ആളുകള്‍ ന്യുമോണിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്.
World Pneumonia Day
Updated on
1 min read

ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയെ തുടർന്നുണ്ടാകുന്ന ​ഗുരുതര രോ​ഗമാണ് ന്യുമോണിയ. ആ​ഗോളതലത്തിൽ ഓരോ വർഷവും ഏതാണ്ട് 16 ലക്ഷം ആളുകള്‍ ന്യുമോണിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ന്യുമോണിയയെ ചെറുക്കുന്നതിനും ചികിത്സയെ കുറിച്ചും അബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും നവംബർ 12ന് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. എല്ലാ പ്രായക്കാരെയും ബാധിക്കാവുന്ന രോ​ഗമാണെങ്കിലും ദുർബല പ്രതിരോധ ശേഷിയുള്ളവർക്കും പ്രായമാവർക്കും കുട്ടികൾക്കുമാണ് അപകട സാധ്യത കൂടുതൽ.

ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂഷ്മാണുക്കളാണ് ന്യുമോണിയയ്ക്ക് കാരണമാകുന്നത്. ന്യുമോണിയ ബാധിതർ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതോടെയാണ് അണുബാധ ഉണ്ടാകുന്നത്. അറകൾ തകരാറിലാവുകയും പഴുപ്പ് കലർന്ന ദ്രാവകങ്ങൾ നിറയുകയും ചെയ്യുന്നു. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയ്ക്കാനും ശ്വാസതടസം ഉണ്ടാവാനും ഇത് കാരണമാകുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുന്നത് ഉൾപ്പെടെ നിരവധി ​ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

ലോകമെമ്പാടുമുള്ള അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 14 ശതമാനം മരണത്തിനും ന്യുമോണിയ കാരണമാകുന്നുവെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണക്ക്. പ്രായമായവരിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത ചെറുപ്പക്കാരേക്കാള്‍ 13 മടങ്ങ് കൂടുതലാണ്.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ന്യൂമോണിയയുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലാണെന്ന് നിരവധി പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ആരോ​ഗ്യപാലനത്തിലെ അസമത്വങ്ങളെ ലോക ന്യൂമോണിയ ദിനം ഉയർത്തിക്കാട്ടുന്നു. പ്രതിരോധകുത്തിവെപ്പുകൾ, ആൻറിബയോട്ടിക്കുകൾ, ഓക്‌സിജൻ തെറാപ്പി, പോഷകാഹാരത്തിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവ ലോക ന്യൂമോണിയ ദിനം പ്രോത്സാഹിപ്പിക്കുന്നു.

ന്യൂമോണിയയുടെ കാരണക്കാർ

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയാൽ ന്യുമോണിയ ഉണ്ടാകാം.

ബാക്ടീരിയ : സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയാണ് ബാക്ടീരിയ ന്യുമോണിയയുടെ ഏറ്റവും സാധാരണമായ കാരണം.

വൈറസുകൾ : റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്വി), ഇൻഫ്ലുവൻസ, കൊറോണ വൈറസ് എന്നിവ സാധാരണ വൈറൽ കാരണങ്ങളാണ്.

ഫംഗസ് : ന്യൂമോസിസ്റ്റിസ് ജിറോവേസി പോലുള്ള ഫംഗസ് അണുബാധകൾ ദുർബലമായ പ്രതിരോധശേഷിയുള്ള വ്യക്തികളിൽ സാധാരണമാണ്.

ലക്ഷണങ്ങൾ

  • ചുമ, പനി, വിറയൽ, അമിതമായ വിയർപ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

  • രോഗ ബാധിതരുടെ പ്രായം, ആരോഗ്യസ്ഥിതി, അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുവിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തിൽ ലക്ഷണങ്ങളും തീവ്രതയും വ്യത്യസപ്പെടാം.

  • കുട്ടികളിൽ ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലപ്പോൾ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. നവജാത ശിശുക്കളിലും കുഞ്ഞുങ്ങളിലും പൊതുവെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com