

നമ്മുടെ ഓര്‍മകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് തലച്ചോറില്‍ മാത്രമാണെന്നാണ് ഇത്രയും കാലം ചിന്തിച്ചിരുന്നത്. എന്നാല്‍ വൃക്കയിലും ത്വക്കിലുമുള്ള കോശങ്ങള്‍ക്ക് വരെ ഓര്‍മകളെ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
പഠനം, ഓര്‍മകള്‍ തുടങ്ങിയവയില്‍ പൊതുവെ മസ്തിഷ്ക കോശങ്ങള്‍ മാത്രമാണ് ഉള്‍പ്പെടാറ്. എന്നാല്‍ ശരീരത്തിലെ മറ്റ് കോശങ്ങള്‍ ഈ കഴിവു ഉണ്ടോ എന്നായിരുന്നു ന്യൂയോർക്ക് സർവകലാശാല ഗവേഷകൻ നിക്കോളായ് വി കുകുഷ്കിന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്. സ്പേയിസ്ഡ് റെപ്പറ്റീഷന്‍ എന്ന ഒരു പഠന രീതിയാണ് ഗവേഷണത്തിനായി സംഘം ഉപയോഗിച്ചത്.
ഇതിനായി നാഡീകലകളിൽ നിന്നും വൃക്കയിൽ നിന്നും കോശങ്ങളെ ശേഖരിച്ചു. മസ്തിഷ്ക പ്രവർത്തന സമയത്ത് ന്യൂറോ ട്രാൻസ്മിറ്ററുകൾ എങ്ങനെ പുറത്തുവിടുന്നു എന്നതിന് സമാനമായ കെമിക്കല്‍ സിഗ്നലുകളുടെ വിവിധ പാറ്റേണുകൾക്ക് ഇവയെ വിധേയമാക്കി. ഇവ മസ്തിഷ്ക കോശങ്ങള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്നവെന്നു കണ്ടെത്തിയതായും പറയുന്നു.
സിഗ്നലുകള്‍ തുടര്‍ച്ചയായി പ്രവഹിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനം ശക്തമാകുന്നതായും കണ്ടെത്തി. ഇത് മസ്തിഷ്ക കോശങ്ങൾക്ക് സമാനമായ രീതിയിൽ സ്പേസ്ഡ് സിഗ്നലുകളിൽ നിന്നുള്ള വിവരങ്ങൾ ഈ കോശങ്ങളില്‍ നിലനിര്‍ത്താനുള്ള കഴിവുണ്ടെന്നാണ് അര്‍ഥമാക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ഓര്‍മകള്‍ നിലനിര്‍ത്താനുള്ള കഴിവ് ആന്തരികമായി തന്നെ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
ശരീരത്തിലെ മറ്റ് കോശങ്ങളിലും ഓർമകൾ സംഭരിക്കാനുള്ള കഴിവു ഉണ്ടെങ്കിൽ അത് പഠനം, ആരോഗ്യം, ചികിത്സ എന്നീ മേഖലകളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും. പാൻക്രിയാസ് പോലുള്ള മറ്റ് അവയവങ്ങളിലെ കോശങ്ങൾക്ക് മുമ്പത്തെ ഗ്ലൂക്കോസ് ലെവൽ പാറ്റേണുകൾ ഓർമിക്കാൻ കഴിയുമെങ്കിൽ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയെ നന്നായി നിയന്ത്രിക്കാൻ കഴിഞ്ഞേക്കും. കാൻസർ ആവർത്തനത്തെ ഈ രീതിയില്‍ തടയാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates