ഭക്ഷണ ആസക്തി നല്ലതോ മോശമോ?; ഭക്ഷണത്തോടുള്ള കൊതിക്ക് പിന്നിൽ വിവിധ ഘടകങ്ങൾ

90 ശതമാനം ആളുകളിലും ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണ കൊതികള്‍ പലപ്പോഴായി ഉണ്ടാകാറുണ്ട്
food cravings
ഭക്ഷണത്തോടുള്ള കൊതിക്ക് പിന്നിൽ വിവിധ ഘടകങ്ങൾ
Published on
Updated on

യാത്രയ്ക്കിടെ തട്ടുകടയില്‍ നിന്ന് മൂക്കിലേക്ക് അടിച്ചു കയറുന്ന പരിപ്പുവടയുടെ മണം നമ്മളെ പരിപ്പുവട വാങ്ങാന്‍ പ്രേരിപ്പിക്കാറില്ലേ? വീട് മിസ് ചെയ്യുമ്പോള്‍ ഓണ്‍ലൈനില്‍ പൊതിച്ചോര്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഓടാറില്ലേ? ഇതൊക്കെ മസ്തിഷ്കത്തിന്‍റെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണ്.

ഇത്തരം ഭക്ഷണങ്ങള്‍ തലച്ചോർ ഡോപ്പമിന്‍ പുറപ്പെടുവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കാലക്രമേണ ആസക്തിയായി ശക്തിപ്പെടും. മസ്തിഷ്‌കത്തിന്റെ ഡോപ്പമിന്‍ മെക്കാനിസം മൂന്ന് തരത്തില്‍ ഭക്ഷണ ആസക്തി ഉണര്‍ത്താം.

രുചിപരമായി; മുന്‍ കാല രുചി അനുഭവങ്ങളില്‍ വേരൂന്നി നില്‍കുന്നതാണ് രുചിപരമായ ഭക്ഷണ ആസക്തി.

ദൃശ്യപരമായി; ആകര്‍ഷകമായ രീതിയില്‍ ഭക്ഷണത്തെ അവതരിപ്പിക്കുന്നത് ദൃശ്യപരമായ ഭക്ഷണ ആസക്തി ഉണര്‍ത്തുന്നു. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ കണ്ടു തോന്നുള്ള ഭക്ഷണക്കൊതി അതിന് ഉദാഹരണമാണ്.

മണം; ഓര്‍മകള്‍ ഉണര്‍ത്താന്‍ കഴിയുന്ന ഭക്ഷണത്തിന്റെ സുഗന്ധം ചില ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാക്കുന്നു. വിഭവങ്ങള്‍ കാണാതെ തന്നെ അതിന്റെ മണം ഭക്ഷണം കഴിക്കാനുള്ള കൊതിയുണ്ടാക്കും.

ഏതാണ്ട് 90 ശതമാനം ആളുകളിലും ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണ കൊതികള്‍ പലപ്പോഴായി ഉണ്ടാകാറുണ്ട്. ഇത് മാനസികമായി സന്തോഷം നല്‍കുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓരോ വ്യക്തിക്കും വ്യത്യസ്തമായാണ് ഭക്ഷണത്തോട് കൊതി തോന്നുന്നത്. അവ ക്ഷണികമായിരിക്കും. എന്നാല്‍ ഭക്ഷണത്തോടുള്ള അമിത ആസക്തി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും. ഇത് മാനസികമായി വെല്ലുവിളി ഉണ്ടാക്കിയേക്കാം. കാലക്രമേണ വിഷാദം, ഉത്കണ്ഠ എന്നിവയിലേക്കും ഇത് നയിക്കാം.

സമ്മര്‍ദം, വൈകാരികാവസ്ഥകള്‍, ഹോര്‍മോണല്‍ ഏറ്റക്കുറച്ചിലുകള്‍, പോഷകക്കുറവ് എന്നിവയും ഭക്ഷണ ആസക്തിയുണ്ടാക്കാം. പിരിമുറുക്കമുള്ള സന്ദര്‍ഭങ്ങളില്‍ ആളുകള്‍ ചോക്ലേറ്റ് പോലുള്ള മധുരമുള്ളതും വറുത്തതുമായ ഭക്ഷണങ്ങളോട് ആസക്തി കാണിക്കാറുണ്ട്. എന്നാല്‍ മാനസികമായി ആശ്വസത്തിന് ഭക്ഷണത്തെ ആശ്രയിക്കുന്നത് പിന്നീട് കുറ്റബോധവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കും.

സമ്മര്‍ദത്തെ അല്ലെങ്കില്‍ പിരിമുറുക്കത്തെ നേരിടാനുള്ള മികച്ച മാര്‍ഗമല്ല ഭക്ഷണ ആസക്തി. വല്ലപ്പോഴുമുള്ള ഭക്ഷണ ആസക്തി അപകടമല്ല. എന്നാല്‍ കൂടെക്കൂടെ ഭക്ഷണ ആസക്തി സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണമാകാം. വിശപ്പോ സമ്മര്‍ദമോ അല്ലെങ്കില്‍ ബാഹ്യ സ്വാധീനമാണോ ഭക്ഷണ ആസക്തിയിലേക്ക് നയിക്കുന്നതെന്ന് തിരിച്ചറിയുകയാണ് പ്രധാനം.

ഭക്ഷണ ആസക്തി കുറയ്ക്കാനുള്ള മാർ​ഗങ്ങൾ

  • പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. അങ്ങനെ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും പെട്ടെന്നുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.

  • ദാഹം പലപ്പോഴും വിശപ്പാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതിനാൽ വെള്ളം കുടിക്കുന്നത് ആസക്തിയെ നിയന്ത്രിക്കും.

  • ച്യൂയിങ് ഗം, നടത്തം പോലുള്ള ചെറിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആസക്തിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക.

  • ഭക്ഷണം മുൻകൂട്ടി പ്ലാന്‍ ചെയ്യുക. ഭക്ഷണത്തില്‍ കൃത്യത പാലിക്കുന്നത് വിശപ്പിനെ തടയുകയും ലഘുഭക്ഷണം കുറയ്ക്കാനും സഹായിക്കും.

  • ഹോർമോൺ ബാലൻസ് നിലനിർത്താൻ മതിയായി ഉറങ്ങുക. മോശം ഉറക്കം ഗ്രെലിൻ (വിശപ്പ് ഹോർമോൺ), ലെപ്റ്റിൻ (സംതൃപ്തി ഹോർമോൺ) തുടങ്ങിയ ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു. ഇത് ആസക്തി വർധിപ്പിക്കുന്നതിന് ഇടയാക്കും.

  • മെഡിറ്റേഷന്‍, വ്യായാമം പോലുള്ള സമ്മർദം ഒഴിവാക്കുന്ന രീതികളിൽ ഏർപ്പെടുന്നത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും ആസക്തി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com