എല്ലാ സ്ത്രീകളില്‍ ഉണ്ടാകുന്ന സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ സമയം ശരിയായ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയം പിന്തുടരുന്ന ചില അനാരോഗ്യകരമായ രീതികള്‍ സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. അതില്‍ ഒന്നാണ് സാനിറ്ററി പാഡുകളുടെ ഉപയോഗം. ദീര്‍ഘ നേരം ഒരു പാഡു ഉപയോഗിക്കുന്ന ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കപ്പുറം വലിയ അപകടങ്ങള്‍ ഉണ്ടാക്കാം.
മെന്‍സ്ട്രല്‍ കപ്പ്, ടാമ്പൂണുകള്‍ തുടങ്ങിയവയുണ്ടെങ്കിലും ഏതാണ്ട് 80 ശതമാനം സ്ത്രീകളും വളരെ കാലമായി ഉപയോഗിക്കുന്നത് സാനിറ്ററി പാഡുകളാണ്. വളരെ കാലമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. പാഡ് മാറ്റേണ്ട കൃത്യമായ ഇടവേളകളെ കുറിച്ച് ഇന്നും പലക്കും അറിയില്ല. ഈ അറിവില്ലായ്മ രോഗാണുക്കളെ ക്ഷണിച്ചു വരുത്താന്‍ കാരണമാകും.
ഒരു ദിവസം എത്ര തവണ പാഡ് മാറ്റും എന്ന് ചോദ്യത്തിലേക്ക് വരുന്നതിന് മുന്‍പ് ദീര്‍ഘനേരം ഒരു സാനിറ്ററി പാഡ് ഉപയോഗിക്കുന്നതിന്‍റെ സൈഡ് ഇഫക്ടുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
ദുര്‍ഗന്ധം
മിക്ക സ്ത്രീകളും നേരിടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ദുർഗന്ധം. രക്തം യോനിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ, അത് ബാക്ടീരിയ, മ്യൂക്കസ് തുടങ്ങി വിവിധ ശരീര ദ്രാവകങ്ങളുമായി കലരുന്നു. ദീര്‍ഘനേരം ഒരു പാഡ് ഉപയോഗിക്കുന്നത് നനവും ദുര്‍ഗന്ധത്തിനും കാരണമാകുന്നു.
ചര്‍മത്തില്‍ അസ്വസ്ഥത
വജൈനല്‍ ഭാഗത്തെ ചര്‍മം പൊതുവേ ഏറെ കട്ടി കുറഞ്ഞതാണ്. ദീര്‍ഘനേരം ഒരു പാഡ് തന്നെ ഉപയോഗിക്കുമ്പോള്‍ ഈര്‍പ്പം തങ്ങി നില്‍ക്കാനും ചര്‍മത്തില്‍ ചൊറിച്ചില്‍ തിണര്‍പ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാക്കാനും കാരണമാകുന്നു.
അണുബാധയ്ക്കുള്ള സാധ്യത
ദീര്‍ഘനേരം ഒരു പാഡ് ഉപയോഗിക്കുന്നത് ഈര്‍പ്പം വര്‍ധിക്കാനും ഇത് ബാക്ടീരികളുടെയും ഫംഗസുകളുടെയും പ്രജനന കേന്ദ്രമാകാനും ഇടയാക്കും.
യൂറിനറി ട്രാക്റ്റ് ഇന്റെക്ഷൻ
വജൈനല്‍ ഇന്‍ഫെക്ഷന് മാത്രമല്ല, നീണ്ട നേരം സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നത് യൂറിനറി ട്രാക്റ്റ് ഇന്റെക്ഷനുകള്‍ക്കും കാരണമാകും. ഈ അണുബാധ കിഡ്‌നി, മൂത്രസഞ്ചി തുടങ്ങിയവയിലേക്ക് പടരുകയും ചെയ്യാം.
ഒരു പാഡ് എത്ര മണിക്കൂര്‍ വരെ ഉപയോഗിക്കാം
രക്തസ്രാവം അമിതമല്ലെങ്കിലും ആണെങ്കിലും മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ഇടവേളയില്‍ പാഡുകള്‍ മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ബാക്ടീരിയ ഉണ്ടാകുന്നതിനെ തടയുകയും ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്നു. സൂപ്പർ അബ്സോർബൻ്റ് പാഡുകൾ എന്ന് കമ്പനികള്‍ പരസ്യത്തില്‍ പറഞ്ഞാലും പാഡുകള്‍ ഇടയ്ക്കിടെ മാറ്റേണ്ടത് പ്രധാനമാണ്.
സാനിറ്ററി പാഡുകൾ മാത്രമല്ല, ടാമ്പൂണുകളും മെന്‍സ്ട്രല്‍ കപ്പായാല്‍ പോലും ഇടയ്ക്കിടെയുള്ള മാറ്റേണ്ടത് പ്രധാനമാണ്. ദീര്‍ഘനേരം ടാമ്പൂണ്‍ യോനിയില്‍ സൂക്ഷിക്കുന്നത് ടോക്സിക് ഷോക്ക് സിൻഡ്രോം പോലുള്ള ഗുരുതര അണുബാധ ഉണ്ടാക്കാം. ഓരോ എട്ട് മുതല്‍ 10 മണിക്കൂറിനുള്ളില്‍ ടാമ്പൂണുകള്‍ അല്ലെങ്കില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക