കറികള്‍ക്കും പാനീയങ്ങള്‍ക്കും രുചിയും മണവും ആരോഗ്യഗുണങ്ങളും കൂട്ടുന്നതിന് കാലാകാലങ്ങളായി നമ്മുടെ അടുക്കളകളില്‍ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ കറുവപ്പട്ട ഇട്ട് തിളപ്പിച്ച കാപ്പി കുടിക്കുന്നത് വയറ്റിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുമെന്നതാണ് പുതിയ സോഷ്യല്‍മീഡിയ ട്രെന്‍ഡ്.
ഇതില്‍ യഥാര്‍ഥ്യമുണ്ടോ...
പ്രധാനമായും രണ്ട് തരം കറുവപ്പട്ടയാണ് ഉള്ളത്, കറുവപ്പട്ടയുടെ മരത്തിന്റെ പുറംതൊലിയാണ് ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ എടുക്കുന്നത്. ഇതില്‍ കാസിയ എന്ന ഇനത്തില്‍പെട്ട കറുവപ്പട്ടയാണ് വിപണിയില്‍ ഏറ്റവും സാധാരണമായി കാണുന്നത്. കറുവപ്പട്ടയ്ക്ക് അതിന്റെ മണവും രുചിയും നല്‍കുന്ന സിന്നമാല്‍ഡിഹൈഡിന്‍റെ അളവ് ഇതില്‍ കൂടുതലായിരിക്കും. കാസിയ കറുപപ്പട്ടയില്‍ ഏതാണ്ട് 95 ശതമാനം സിന്നമാല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ടാവും. അടുത്ത വിഭാഗത്തില്‍ പെട്ടതാണ് സിലോണ്‍ കറുവപ്പട്ട. ഇത് കസിയ ഇനത്തില്‍ പെട്ടതിനെക്കാള്‍ മധുരമുള്ളതാണ്. ഇതില്‍ സിന്നമാല്‍ഡിഹൈഡ് 50 മുതല്‍ 60 ശതമാനം വരെ ആണ് അടങ്ങിയിട്ടുള്ളത്.
ഇനി കാര്യത്തിലേക്ക് വരാം, കറുവപ്പട്ട കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുമോ? 1.5 ഗ്രാമിന് താഴെ ദിവസവും കറുവപ്പട്ട കഴിക്കുന്നവരില്‍ അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് 1.68 സെന്റിമീറ്ററായി കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വളരെ ചെറിയ ഒരു തോത് മാത്രമാണ്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 പഠനങ്ങള്‍ വിലയിരുത്തിയത് പുതിയ വിശകലനം. ശരീരഭാരം 0.92 കിലോഗ്രാം മാത്രമാണ് കുറഞ്ഞതായി രേഖപ്പെടുത്തിയത്.
അതേസമയം രക്തത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കോശങ്ങളില്‍ എത്തുന്നത് വേഗത്തില്‍ ആക്കാനും ഇത് വഴി രക്തത്തിലെ ഗ്ലൂക്കോസ് അളവു കുറയ്ക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം മികച്ചതാക്കാനും കറുവപ്പട്ട സഹായിക്കും. കൂടാതെ ഇത് കൊഴുപ്പിനെ ഊര്‍ജമാക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തിയതായും ഗവേഷകര്‍ പറയുന്നു. കറുവപ്പട്ട ഉപയോഗിക്കുന്നത് ഭാരത്തിൽ വളരെ ചെറിയ സ്വാധീനം ചെലുത്തിയേക്കാം എന്നാല്‍ കൂടുതൽ ഉപഭോഗം അധിക ഗുണം ഉണ്ടാക്കില്ല. ചിലപ്പോള്‍ കറുവപ്പട്ടയുടെ അമിത ഉപഭോഗം പാർശ്വഫലങ്ങളുടെ അപകടസാധ്യത വർധിപ്പിക്കാനും സാധ്യതയുണ്ട്.
കറുവപ്പട്ട ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. കറുവപ്പട്ട പതിവായി കഴിക്കുന്നത് ചിലരില്‍ വായു സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കാം. ചിലരില്‍ അലര്‍ജിക്കും കാരണമാകാം. കറുവപ്പട്ടയിലെ കൗമരീന്‍ എന്ന സംയുക്തം ചിലരില്‍ വലിയ അപകടമുണ്ടാക്കും. ദിവസവും 1.5 ഗ്രാമില്‍ കൂടുതല്‍ കറുവപ്പട്ട കഴിക്കുന്നത് സൂക്ഷിക്കണം. അതിനാല്‍ കാപ്പിയിൽ കറുവപ്പട്ടയുടെ രുചി ഇഷ്ടമാണെങ്കില്‍ അത് തുടരുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് വയറ്റിലെ കൊഴുപ്പ് ഒഴിവാക്കാന്‍ വേണ്ടി ആവരുതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക