

ദൈനംദിനം ചെയ്യുന്ന കാര്യങ്ങള്‍ പോലുള്ള ഓര്‍ക്കാന്‍ കഴിയാതെ മറവിയില്‍ ആണ്ടുപോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന തരത്തില്‍ ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങി തീവ്രമാകുന്ന രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ലോകമെമ്പാടും ഏതാണ്ട് 55 ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിതരാണെന്നാണ് കണക്ക്. ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ഏകാന്തത. പ്രായമോ ലിംഗഭേദമോ ഇല്ലാതെ ഏകാന്തത അനുഭവിക്കുന്നവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 30 ശതമാനമാണെന്ന് ദി ജേണല്‍ നേച്ചര്‍ മെന്‍റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിവ്യൂ പഠനത്തില്‍ പറയുന്നു.
ലോകത്തെ വിവിധഭാഗങ്ങളില്‍ നിന്നാണ് ആറ് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത 21 ദീര്‍ഘമായ പഠനങ്ങള്‍ വിലയിരുത്തിയാണ് റിവ്യൂ പഠനം തെയ്യാറാക്കിയത്. ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കും. ഏകാന്തത നേരിട്ട് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നില്ലെങ്കിലും സമൂഹത്തില്‍ നിന്ന് അകന്നു എന്ന തോന്നല്‍ ഉണ്ടാകുന്നത് വ്യക്തികളില്‍ അനാരോഗ്യത്തിനുള്ള അപകടഘടകമായി വ്യാപകമായി വിലയിരുത്തുന്നു.
വൈജ്ഞാനിക തകര്‍ച്ച കണ്ടെത്തുന്നതിന് മൂന്ന് മുതല്‍ ആറ് വര്‍ഷം മുന്‍പ് ആളുകളില്‍ ജീവിതത്തില്‍ ലക്ഷ്യമില്ലെന്നോ ജീവിതത്തില്‍ ഇനി വ്യക്തിഗത വളര്‍ച്ചയ്ക്ക് അവസരമില്ലെന്നോ തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗേഷകര്‍ നിരീക്ഷിച്ചു. ആഗോളതലത്തിൽ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷിമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽഷിമേഴ്‌സ് ആണ്. ഏകാന്തത അല്‍ഷിമേഴ്സിനുള്ള സാധ്യത 39 ശതമാനം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ഏകാന്തത അനുഭവിക്കുന്നത് വാസ്‌ക്കുലാര്‍ ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത 73 ശതമാനവും വൈജ്ഞാനിക തകര്‍ച്ചയ്ക്കുള്ള സാധ്യത 15 ശതമാനവുമായി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.
പ്രായമായവരില്‍ വൈജ്ഞാനിക ആരോഗ്യം പിന്തുണയ്ക്കുന്നതിന് ഏകാന്തതയുടെ ഉറവിടം തിരിച്ചറിയാന്‍ ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാല പ്രൊഫസറും പഠനത്തിന് നേതൃത്വവും വഹിച്ച മാര്‍ത്തിന ലുച്ചിറ്റി പറഞ്ഞു. ഇതില്‍ പഠനം കൂടുതല്‍ പുരോഗമിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഡിമെന്‍ഷ്യയുടെ നിരക്ക് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ സ്ഥലങ്ങള്‍ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates