

ശസ്ത്രക്രിയയിലൂടെ കടന്നു പോകുന്നതു പോലെ തന്നെ വേദനാജനകമാണ് അതിന് ശേഷമുള്ള വീണ്ടെടുപ്പ് ദിനങ്ങൾ. കഠിനമായ വേദനയും ഉത്കണ്ഠയും മുറിവുണങ്ങാനുള്ള കാല താമസവുമൊക്കെ ആളുകളെ മടുപ്പിക്കുന്നതാണ്. എന്നാൽ സംഗീതം ആസ്വദിക്കുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന വേദനയും ഉതക്ണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്ന് എസിഎസ് ക്ലിനിക്കൽ കോൺഗ്രസ് 2024 ൽ അവതരിപ്പിച്ച റിവ്യൂ പഠനത്തിൽ വ്യക്തമാക്കുന്നു.
സംഗീതത്തിന് ശരീരം വേഗത്തിൽ സുഖപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് ഹൃദയമിടിപ്പ് ക്രമീകരിച്ചുകൊണ്ട് വേദനയും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. രോഗിയുടെ ഹൃദയമിടിപ്പ് ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്തുന്നത് ശരീരത്തിലുടനീളം ഓക്സിജനും പോഷകങ്ങളും നല്ല രീതിയിൽ വിതരണം ചെയ്യുന്നതിലൂടെ വീണ്ടെടുക്കൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇത് ശസ്ത്രക്രിയ രോഗികളിൽ രോഗശാന്തി വേഗത്തിലാക്കുമെന്ന് ഗവേഷകർ വിലയിരുത്തി. കൂടാതെ സംഗീതം കേൾക്കുമ്പോൾ കോർട്ടിസോളിൻ്റെ അളവ് കുറയുന്നത് രോഗികളുടെ വേദന ലഘൂകരിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.
സംഗീതത്തിന്റെ സുഖപ്പെടുത്താനുള്ള ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ 3736 പഠനങ്ങള്‍ വിലയിരുത്തിയ ശേഷം അതിൽ നിന്ന് 35 പഠനങ്ങൾ തെരഞ്ഞെടുത്താണ് റിവ്യൂ പഠനം ഗവേഷർ തയ്യാറാക്കിയത്. സ്പീക്കറോ ഹെഡ്സെറ്റോ ഉപയോഗിച്ച് സംഗീതം ആസ്വദിക്കാം. ശസ്ത്രക്രിയയ്ക്ക് ശേഷം ചെയ്യാവുന്ന ലളിതമായ ഈ പ്രവർത്തനത്തിലൂടെ ശസ്ത്രക്രിയ രോഗികളിൽ അവരുടെ വീണ്ടെടുപ്പ് കാലയളവിൽ ശ്രദ്ധേയമായ നല്ല മാറ്റങ്ങൾ ഉണ്ടായതായി കണ്ടെത്തിയെന്നും ഗവേഷർ പറയുന്നു.
ശസ്ത്രക്രിയയുടെ അടുത്ത ദിവസം മുതൽ സംഗീതം ആസ്വദിച്ചവരിൽ വേദനയിലും ഉത്കണ്ഠയിലും ഗണ്യമായ കുറവുണ്ടായതായി രോഗികൾ സ്വയം റിപ്പോർട്ട് ചെയ്തു. സംഗീതം കേൾക്കാത്തവരെ അപേക്ഷിച്ച് അവർ മോർഫിൻ അളവിൻ്റെ പകുതിയിൽ താഴെയാണ് ഉപയോഗിച്ചതെന്നും ഗവേഷകർ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗികൾ സാധാരണ ഗതിയിലേക്കെത്തുന്നത് സമ്മർദ രഹിതമാക്കാൻ സംഗീതം സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates