
ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവർ നിരവധിയാണ്. എന്നാൽ ഇനി അതിൽ ആശങ്ക വേണ്ടന്നാണ് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത്. ബിസിഎൽ-2 കുടുംബത്തിൽപ്പെട്ട ഒരു ആന്റി-അപ്പോപ്റ്റോട്ടിക് പ്രോട്ടീനായ എംസിഎൽ-1 (മൈലോയ്ഡ് സെൽ ലുക്കീമിയ-1) ഹെയർ ഫോളിക്കുകളിലെ കോശങ്ങളുടെ നശീകരണം (അപ്പോപ്റ്റോസിസ്) തടയുന്നതിലൂടെ മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.
ഹെയർ ഫോളിക്കിൾ സ്റ്റെം കോശങ്ങൾ വിജയകരമായി പ്രവർത്തിക്കാൻ എംസിഎൽ-1 എന്ന ശക്തമായ ഒരു സംരക്ഷക പ്രോട്ടീൻ ആവശ്യമാണെന്ന് ഗവേഷകർ പഠനത്തിൽ വ്യക്തമാക്കി. എംസിഎൽ-1 ഇല്ലാതെ ഈ കോശങ്ങൾ സമ്മർദത്തിന് വിധേയമാവുകയും ഒടുവിൽ നശിക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.
ഹയർ ഫോളിക്കുകൾ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെ ആവർത്തിക്കുന്നു. സജീവ വളർച്ചാ ഘട്ടമായ അനജെൻ, മന്ദഗതിയിലുള്ള വളർച്ചയും ഫോളിക്കിൾ ചുരുങ്ങലും അടയാളപ്പെടുത്തുന്ന പരിവർത്തന ഘട്ടമായ കാറ്റജെൻ, വളർച്ച നിലയ്ക്കുകയും കൊഴിയുകയും ചെയ്യുന്ന വിശ്രമ ഘട്ടമായ ടെലോജൻ. ഇതിന് ശേഷം ഈ ചിക്രം വീണ്ടും ആവർത്തിക്കുന്നു. ഫോളിക്കിളുകൾ ചുരുങ്ങുന്നതു മൂലം സമ്മർദം ഉണ്ടാകാം. ഇത് ഹെയർ ഫോളിക്കിൾ സ്റ്റെം കോശങ്ങൾക്ക് അപ്പോപ്‌ടോസിസ് എന്ന അവസ്ഥ ഉണ്ടാക്കാം. എന്നാൽ ബിസിഎൽ-2 പ്രോട്ടീനുകള്‍ ഈ പ്രക്രിയ നിയന്ത്രിക്കും.
ബിസിഎൽ-2 പ്രോട്ടീൻ ആയ എംസിഎൽ-1 കോശങ്ങളുടെ അതിജീവനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീൻ ആണെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിരുന്നെങ്കിലും ഹെയർ ഫോളിക്കിൾ സ്റ്റെം കോശങ്ങളുടെ നിയന്ത്രണത്തിലും മുടി പുനരുജ്ജീവനത്തിലും അതിന്റെ പങ്ക് നിഗൂഢമായിരുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ എംസിഎൽ-1 ഇല്ലാതാക്കൽ സജീവമായ ഹെയർ ഫോളിക്കിൾ സ്റ്റെം കോശങ്ങളെ വേഗത്തിൽ നശിക്കുകയും ഇത് രോമം നീക്കം ചെയ്ത പാടുകളിലെ രോമ പുനരുജ്ജീവനത്തെ പൂർണ്ണമായും തടഞ്ഞുവെന്നും ഗവേഷകര്‍ വിശദീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക