WORLD AUTISM DAY| ഓട്ടിസം ജനിതകമാണോ? കുട്ടികളിൽ എപ്പോൾ മുതൽ ശ്രദ്ധിച്ചു തുടങ്ങണം

ഒരു വ്യക്തിയുടെ സാമൂഹിക ഇടപെടലിനും ആശയവിനിമയത്തിനുമുള്ള കഴിവിനെ ബാധിക്കുന്ന ഒരു വികാസ വൈകല്യമാണ് ഓട്ടിസം
WORLD AUTISM DAY
ഓട്ടിസം രോ​ഗ നിർണയം എങ്ങനെ നടത്താം
Updated on

മൂഹത്തില്‍ ഓട്ടിസത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഓട്ടിസം ബാധിച്ച കുട്ടികളെ ചേർത്തു പിടിച്ചു പുതിയ സമൂഹത്തിനായി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കുന്നത്. ഒരു വ്യക്തിയുടെ സാമൂഹിക ഇടപെടലിനും ആശയവിനിമയത്തിനുമുള്ള കഴിവിനെ ബാധിക്കുന്ന ഒരു വികാസ വൈകല്യമാണ് ഓട്ടിസം.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) അഥവാ പെര്‍വസീവ് ഡെവലപ്പ്മെന്‍റല്‍ ഡിസോര്‍ഡര്‍ (പിഡിഡി) എന്നത് കേവലം ഒരു രോഗാവസ്ഥയുടെ പേരല്ല. സാമൂഹ്യമായ ഇടപെടലുകളിലെ പോരായ്മ, ആവര്‍ത്തിച്ചു കാണപ്പെടുന്ന ചില പെരുമാറ്റരീതികള്‍ തുടങ്ങിയ പല ലക്ഷണങ്ങള്‍ കൂടിയും കുറഞ്ഞും കാണപ്പെടുന്ന അനേകം അവസ്ഥകളുടെ കൂട്ടായ ഒരു പേരാണിത്. തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം. ഇതില്‍ ഓട്ടിസ്റ്റിക്ക് ഡിസോര്‍ഡര്‍, ആസ്‌പെര്‍ഗര്‍ സിന്‍ഡ്രോം, റെറ്റ് സിന്‍ഡ്രോം, പെര്‍വസീവ് ഡെവലപ്പ്മെന്‍റല്‍ ഡിസോര്‍ഡര്‍- നോട്ട് അതര്‍വൈസ് സ്പെസിഫൈഡ് (PDD-NOS) എന്നിങ്ങനെ പല രോഗാവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഓട്ടിസം ജനിതകമാണോ?

കുട്ടികളിൽ മൂന്ന് വയസിനു മുൻപേ ഇത് ആരംഭിക്കുകയും ജീവിതത്തിലുടനീളം നീണ്ടു നീക്കുകയും ചെയ്യുന്നു. ചില കുട്ടികൾക്ക് എഎസ്ഡിയുമായി ബന്ധപ്പെട്ട റെറ്റ് സിൻഡ്രോം അല്ലെങ്കിൽ ഫ്രാഗൈൽ എക്സ് സിൻഡ്രോം പോലുള്ള ജനിതക രോഗങ്ങൾ പാരമ്പര്യമായി ലഭിക്കുന്നതിനാൽ ഇതില്‍ ജനിതക ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

കൂടാതെ ഗർഭകാലത്തെ മരുന്നുകൾ, വൈറൽ അണുബാധ, ഗർഭകാലത്തെ സങ്കീർണതകൾ അല്ലെങ്കിൽ ചില വസ്തുക്കളുമായി സമ്പർക്കം പുലർത്തുക എന്നിവ ഈ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും എഎസ്ഡിയുടെ സാധ്യത വർധിപ്പിക്കാമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ ഓട്ടിസം സെന്ററിന്റെ കണക്ക് പ്രകാരം 68 കുട്ടികളില്‍ ഒരാള്‍ക്ക് വീതം ഓട്ടിസം ഉണ്ടാകുന്നുണ്ട്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഓട്ടിസം ലക്ഷണങ്ങള്‍ കൂടുതലായി കാണാറുള്ളത്. ഓട്ടിസം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകില്ല. എന്നാല്‍ നേരത്തെ കണ്ടെത്തുന്നത് കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സഹായിക്കും. അതില്‍ പ്രധാനം കുട്ടികളുടെ തലച്ചോറിന്റെ പ്ലാസ്റ്റിസിറ്റിയാണ്. അതായത് ചെറുപ്പകാലത്ത് ബന്ധങ്ങള്‍ രൂപപ്പെടുത്താനും കൂടുതല്‍ ഫലപ്രദമായി പൊരുത്തപ്പെടാനും കഴിയും.

ചരിത്രം

1911 ല്‍ സ്വിസ് മനഃശാസ്ത്രജ്ഞനായിരുന്ന യൂജിന്‍ ബ്‌ള്യൂലര്‍ ആണ് 'ഓട്ടിസം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ചില സ്‌കിസോഫ്രീനിയ രോഗികളില്‍ കണ്ടിരുന്ന കഠിനമായ സാമൂഹ്യ ഉള്‍വലിവിനെ സൂചിപ്പിക്കാനാണ് അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചത്. 1943 ല്‍ ലിയോ കാനര്‍ എന്ന ശാസ്ത്രജ്ഞന്‍ ഓട്ടിസം എന്നത് സാമൂഹ്യമായും വികാരപരമായും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണെന്ന് കണ്ടെത്തി.

അക്കാലത്തു തന്നെ ഓട്ടിസം എന്നത് സാധാരണ ബുദ്ധിവൈഭവം ഉള്ള കുട്ടികളില്‍ കാണപ്പെടുന്ന സാമൂഹ്യ ഇടപെടലുകളിലും ആശയവിനിമയത്തിലുമുള്ള കുറവാണ് എന്ന് ഹാന്‍സ് ആസ്പര്‍ഗര്‍ നിരീക്ഷിച്ചു. ഇവയുടെ ചുവടുപിടിച്ച് നടന്ന പഠനങ്ങളുടെ ഫലമായി 1980 ല്‍ ഓട്ടിസം എന്നത് സ്‌കിസോഫ്രീനിയ എന്നതില്‍ നിന്ന് വേറിട്ട ഒരു രോഗാവസ്ഥയാണെന്ന് കണ്ടെത്തി.

ഓട്ടിസം ബാധിതരിൽ ആത്മഹത്യ നിരക്ക് കൂടുതല്‍

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഓട്ടിസം ബാധിച്ചവരില്‍ ആത്മഹത്യ നിരക്ക് സാധാരണക്കാരെ അപേക്ഷിച്ച് 7.5 മടങ്ങ് കൂടുതലാണെന്നാണ്. ന്യൂറോടിപ്പിക്കല്‍ ലോകത്തിന്‍റെ പരമ്പരാഗത പ്രതീക്ഷകൾക്ക് അനുസൃതമായി തങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നാണ് ഉയർന്ന ഐക്യു ഉള്ള ഓട്ടിസം സ്പെക്ട്രത്തിലുള്ള ആളുകള്‍ ചിന്തിക്കുന്നത്. ഇത് ആത്മാഭിമാനക്കുറവിലേക്ക് കടുത്ത മാനസിക പ്രശ്നങ്ങളിലേക്കും തള്ളിവിടുന്നു. ഇത് ആത്മഹത്യപ്രവണതയിലേക്ക് നയിക്കാമെന്നും ഗവേഷകര്‍ പറയുന്നു. 2007 മുതലാണ് ഐക്യരാഷ്ട്രസഭ ലോക ഓട്ടിസം ദിനം ഏപ്രിൽ രണ്ട് മുതൽ ആചരിക്കാൻ തുടങ്ങിയത്.

രോഗനിർണയം എങ്ങനെ ?

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ നിർണയിക്കുന്നതിന് രക്തപരിശോധന പോലെയുള്ള മെഡിക്കൽ പരിശോധനകളൊന്നുമില്ല. രോഗനിർണയം നടത്താൻ കുട്ടിയുടെ വികസന ചരിത്രവും പെരുമാറ്റവും പഠിക്കണം. പല കുട്ടികളിലും വളര്‍ന്ന ശേഷമായിരിക്കും രോഗാവസ്ഥ തിരിച്ചറിയുക.

ദൈനംദിന പ്രവർത്തനത്തെയും ജീവിത നിലവാരത്തെയും തടസപ്പെടുത്തുന്ന ലക്ഷണങ്ങൾ കുറയ്ക്കാനുള്ള ചികിത്സയാണ് ഓട്ടിസം ബാധിതരായ കുട്ടികൾക്ക് നൽകുന്നത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ എല്ലാവരും ഒരേ ലക്ഷണമല്ല കാണിക്കുന്നതെന്നതിനാൽ ചികിത്സകളിലും വ്യത്യാസമുണ്ടാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ പെരുമാറ്റ വ്യത്യാസത്തിലൂടെയാണ് ഓട്ടിസം ആദ്യം തിരിച്ചറിയുക. ഓരോ കുട്ടിയിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യ കാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ ഇടപഴകുകയോ ചെയ്യാറില്ല. പ്രതികരണ ശേഷിയും കുറവായിരിക്കും. അച്ഛനമ്മമാരോട് പോലും അടുപ്പം കാണിക്കുകയോ പരിചയത്തോടെ ചിരിക്കുകയോ ചെയ്യാറില്ല.

സംസാര വൈകല്യവും കുട്ടികളിൽ പ്രകടമാകാറുണ്ട്. ആദ്യം സംസാരശേഷി ഉള്ള കുട്ടികളിലും ചിലപ്പോൾ പതിയെ സംസാരം കുറയാം. ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ചില കുട്ടികൾ അപരിചിതരോട് പരിചിത ഭാവത്തിൽ പെരുമാറാറുമുണ്ട്. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com