കറിവേപ്പിലയും ആടലോടകവും തുളസിയിലയും വരെ സൂക്ഷിക്കണം

diabetes health risk
Updated on

മാസങ്ങളായി ചെറിയൊരു ഗുളികയിൽ വൃത്തിയായി വെടിപ്പായി എല്ലാ രീതിയിലും ബ്ലഡ് ഷുഗർ നോർമലായി പോയിരുന്ന ഒരു സ്ത്രീ ഇന്ന് ഒപിയിൽ...

"ഡോക്ടറെ, രണ്ടുമൂന്ന് ആഴ്ചയായി ഷുഗർ വളരെ കൂടുതലാണ്."

(ആ സമയത്ത് അവിടെവച്ച് ഞാൻ ഗ്ലൂക്കോമീറ്ററിൽ നോക്കിയപ്പോൾ ആര്‍ബിഎസ് - 435)

ഞാൻ- "ഒരാൾക്ക് പെട്ടെന്ന് ഇങ്ങനെ കൂടണമെങ്കിൽ എന്തെങ്കിലും ഒരു വ്യക്തമായ കാരണം കാണും. ഇപ്പോൾ കുറച്ചു ദിവസായിട്ട് വീട് മാറി താമസിക്കുകയോ, ഭക്ഷണത്തിൽ വലിയ വ്യത്യാസം എന്തെങ്കിലും വന്നിട്ടുണ്ടോ?"

സ്ത്രീ - "ഒരു വ്യത്യാസവുമില്ല, എനിക്കും അതാ മനസ്സിലാവാത്തത്..."

ഞാൻ - "പിന്നെ ഒരു സാധ്യത, നിങ്ങൾ വല്ല പച്ചമരുന്ന്- ആയുർവേദം അങ്ങനെ വല്ലതും ഇപ്പോൾ കഴിക്കാൻ തുടങ്ങിയിട്ടുണ്ടോ?"

ആ സ്ത്രീയുടെ കൂടെ വന്ന മകൾ-" ഡോക്ടർ, ഞങ്ങൾക്കൊരു ആയുർവേദ കടയുണ്ട്. ഇപ്പൊ അത് ഒഴിവാക്കാൻ നിൽക്കുകയാണ്. അപ്പോൾ കുറച്ച് അരിഷ്ടം ഒക്കെ ബാക്കി വന്നപ്പോൾ ആരോഗ്യം നന്നായി കൊള്ളട്ടെ എന്ന് കരുതി കുറച്ചു ദിവസമായിട്ട് കഴിക്കുന്നുണ്ട്... "

ഞാൻ - " അരിഷ്ടം ആണെങ്കിൽ ആൽക്കഹോളും ഉണ്ടാവും. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണവും കുറച്ചു കൂടിയിട്ടുണ്ടാവും. കാഴ്ചയിൽ മുമ്പത്തെക്കാളും കുറച്ചുകൂടെ തടി കൂടിയിട്ടുണ്ടല്ലോ... "

സ്ത്രീ - "ഒരു മൂന്നാല് കിലോ കൂടി".

ഞാൻ - "ആ കൂടിയ മൂന്നാല് കിലോ കുറഞ്ഞാൽ നിങ്ങടെ പ്രശ്നം തീരും. മരുന്നു പോലും കൂട്ടണ്ട. ഏതരിഷ്ടമാണ് ഇപ്പോൾ കഴിക്കുന്നത്?"

മകൾ- " ബാലാരിഷ്ടം "

ഞാൻ- "എന്റെ ഓർമ്മ ശരിയാണെങ്കിൽ അതിൽ അശ്വഗന്ധ ഉണ്ട്. ഒന്നാന്തരം ലിവർ ടോക്സിക് ആണ്. പിന്നെ ഇപ്പോൾ ഇവരുടെ ബിപി കൂടിയിട്ടുണ്ട്. സാധാരണ അശ്വഗന്ധ ബിപി കുറയ്ക്കുകയാണ്. അറിഞ്ഞോ അറിയാതെയോ adulteration ഉണ്ടായതാണോ എന്നറിയില്ല... ചിലപ്പോൾ തടി കൂടിയതുകൊണ്ട് BP കൂടിയതാവാം"

മകൾ- "ആയുർവേദം അത്രയ്ക്ക് പ്രശ്നമാണോ?"

ഞാൻ - "അങ്ങനെ ചോദിച്ചാൽ, ഞാനും ആദ്യമൊക്കെ കുഴപ്പമില്ലാത്തതെന്നാണ് കരുതിയത്. കുറെ കാലമായിട്ട് പലതും കണ്ടുകണ്ട് ഇപ്പോൾ നല്ല പേടിയാണ്. പിന്നെ നമ്മുടെ യുക്തിക്ക് ചേരാത്ത കാര്യങ്ങൾ ഉണ്ടല്ലോ... അശോകമരത്തിന് വംശനാശം വന്നതുകൊണ്ട് അതുമായി കാഴ്ചയിൽ സാമ്യമുള്ള വേറെ ഏതോ ചെടി വെച്ചിട്ടാണ് അശോകാരിഷ്ടം കുപ്പി കണക്കിന് മാർക്കറ്റിൽ ഇറക്കുന്നത്. ഇതിൽ എവിടെയാണ് ആയുർവേദ വിധി? ചില പ്രശസ്ത സ്ഥാപനങ്ങൾ ഒക്കെ പരമാവധി ഗുണനിലവാരം നിലനിർത്താൻ ശ്രമിച്ചു മരുന്നുകൾ നിർമ്മിക്കുന്നുണ്ട്. എന്നാലും വിദേശത്ത് ഒക്കെ പലയിടത്തും ആയുർവേദം 'ഇത് ഫുഡ് സപ്ലിമെന്റ് ആണ്' എന്ന ലേബൽ ഒട്ടിച്ചിട്ടാണ് വിൽക്കേണ്ടി വരുന്നത്. നിങ്ങൾ ഇന്റർനെറ്റിൽ വെറുതെ സെർച്ച് ചെയ്തു നോക്കൂ... Ayurveda drug toxicity ഇന്ത്യയിലും വിദേശത്തൊക്കെ നടന്ന പല കാര്യങ്ങളും കണ്ടാൽ നിങ്ങൾക്ക് തന്നെ ഞെട്ടൽ വരും ... കണ്ടു പരിചയമായ ചില കാര്യങ്ങളും ഉണ്ട് - കറിയിൽ ഇടുന്ന നാലഞ്ച് കറിവേപ്പില ഇല പ്രശ്നമില്ല... അതേസമയം നിങ്ങൾ കുറെ കറിവേപ്പില പച്ചക്കെടുത്ത് അരച്ച് കലക്കി കുടിച്ചു നോക്കൂ... ഷുഗർ മിക്കവാറും 400 എത്തും. പിന്നെ ചുമയൊക്കെ കുറക്കാൻ വേണ്ടി നിങ്ങൾ ആടലോടമൊക്കെ കഴിക്കാറില്ലേ... കുറച്ചില പിഴിഞ്ഞെടുത്ത് അത് കഴിച്ചാലും ഇതു തന്നെ ഉണ്ടാവും. ഇങ്ങനെ പച്ചിലയും പച്ചമരുന്നും കഴിച്ച് ഷുഗർ കൂടുന്നവർക്ക്‌ ഷുഗർ 500 ആയാലും സാധാരണ ഒരു ക്ഷീണവും കാണാറില്ല. അതേസമയം ഇൻസുലിനും ഗുളിക ഉപയോഗിച്ചാലും അത് കുറഞ്ഞു വരാൻ ദിവസങ്ങൾ എടുക്കുന്നതും കാണാറുണ്ട്. ഇതൊക്കെ സ്വന്തം അനുഭവങ്ങളിൽ നിന്ന് പറയുന്നതാണ്. എവിടെയും വായിച്ചിട്ടും അന്വേഷിച്ചിട്ടും ഒന്നുമില്ല"

അതുകേട്ട സ്ത്രീ - "ഡോക്ടർ പറഞ്ഞത് ശരിയാണ്. രണ്ടാഴ്ചയായിട്ട് ടെസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ കാണും എന്നല്ലാതെ എനിക്ക് ഒരു ക്ഷീണവും ഒന്നും അറിയുന്നില്ല".

മകൾ ആശ്ചര്യത്തോടെ എന്നെ നോക്കി.

ഞാൻ തുടർന്നു - " ഇപ്പോൾ നിങ്ങൾ യൂട്യൂബിൽ വെറുതെ സെർച്ച് ചെയ്താൽ കറ്റാർവാഴ ജ്യൂസ് പ്രമേഹത്തിന്, കൊളസ്ട്രോളിനൊക്കെ നല്ലതാണെന്ന് പറയുന്ന ഒരു 10 - 20 വീഡിയോ കണ്ടേക്കും... ഒരു ആറുമാസമെങ്കിലും ഉപയോഗിച്ചാൽ തന്നെ ലിവർ കാൻസർ വരും എന്ന് എല്ലാ രീതിയിലും തെളിയിക്കപ്പെട്ട സാധനമാണ് കറ്റാർവാഴ ജ്യൂസ്. അതിലുള്ള 'Aloin' ആണ് പ്രശ്നക്കാരൻ. അതുകൊണ്ടാണ് ലോകത്ത് പലയിടത്തും ഉള്ളിൽ കഴിക്കുന്ന അലോവേര പ്രിപ്പറേഷൻസ് എല്ലാം നിരോധിച്ചത്.നെല്ലിക്കാ ജ്യൂസിന്റെ കാര്യവും അങ്ങനെതന്നെ."

മകൾ- "നെല്ലിക്ക... അതു പ്രമേഹത്തിന് നല്ലതാണെന്നല്ലേ എല്ലാവരും പറയുന്നത്. മുമ്പ് കാണിച്ച ഒരു ഡോക്ടറും പറഞ്ഞു, ദിവസവും നെല്ലിക്ക ജ്യൂസ് കുടിച്ചോളാൻ..."

ഞാൻ- "ഒരു 10 നെല്ലിക്ക വച്ച് രണ്ടാഴ്ച തുടർച്ചയായി ജ്യൂസ് അടിച്ചു കുടിച്ചു നോക്കൂ... മിക്കവാറും മൂത്രം വഴി ചോര പോകും. അതിലെ ഓക്സലേറ്റാണ് കാരണം. പോരാത്തതിന് ബ്ലഡ് ഷുഗറിൽ വലിയ fluctuations ഉണ്ടാവും. നിങ്ങൾ ഉപയോഗിക്കുന്ന ത്രിഫലയിൽ നെല്ലിക്കയല്ലേ പ്രധാന ഘടകം. ആയിരക്കണക്കിന് കൊല്ലങ്ങളുടെ നിരീക്ഷണ ഫലമാവാം, ഒരു യോഗം എന്ന രീതിയിൽ ഇങ്ങനെ കോമ്പിനേഷൻ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ പാർശ്വഫലങ്ങൾ ന്യൂട്രലൈസ് ചെയ്തു പോകുന്നുണ്ടാവാം... പക്ഷേ നെല്ലിക്കാ ജ്യൂസ് എന്നും കഴിക്കുന്നത് പ്രശ്നമാണ്, സംശയമേയില്ല... പേരക്കയിലയും പാഷൻ ഫ്രൂട്ട് ഇല കഴിക്കുന്നവർക്കും ഇതേ പോലെ blood sugar fluctuations കാണാറുണ്ട്. എപ്പോഴും കരിങ്ങാലി വെള്ളം കുടിക്കുന്നവരുണ്ട്. അതിലൊക്കെ വെട്ടിത്തറിച്ചിരിക്കുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് പാക്ക് ചെയ്യുന്നവർക്ക് പോലും ചിലപ്പോൾ നിശ്ചയം ഉണ്ടാവില്ല. അത്യാവശ്യം നല്ല അളവിൽ ഈ പറയുന്ന കരിങ്ങാലി ചേർത്ത് വെള്ളം കുടിച്ചു നോക്കൂ... മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ മിക്കവർക്കും ഉണ്ടാവും. പിന്നെ തുളസി വെള്ളം കുടിക്കുന്നവരുണ്ടല്ലോ... അതും നന്നാവില്ല. അതിലെ Eugenol തെളിയിക്കപ്പെട്ട ലിവർ ടോക്സിൻ ആണ്.... കൃഷ്ണതുളസി കഫ് സിറപ്പ് എന്ന പേരിൽ കിട്ടുന്നതിൽ മിക്കവാറും രാമതുളസി ആയിരിക്കും ഉണ്ടാവുക എന്നത് വേറെ കാര്യം. അതാണ് ലാഭം,അതാണ് എളുപ്പം....

ചുമക്ക് ഉപയോഗിക്കുന്ന ആടലോടകത്തിലുള്ള bromhexine നമ്മൾ മോഡേൺ മെഡിസിൻകാരും ഉപയോഗിക്കുന്നുണ്ട്... പക്ഷേ അതിനൊക്കെ കൃത്യമായ കണക്കും കാര്യവുമുണ്ട്. നിങ്ങൾ പിഴിഞ്ഞെടുക്കുന്ന ആടലോടകത്തിൽ ഓരോ സ്ഥലത്തുള്ള ചെടിയിലും ഓരോ വിത്തിനങ്ങളിലും എത്ര അളവിൽ എങ്ങനെയൊക്കെ bromhexine ഉണ്ട് എന്നത് ആർക്കും നിശ്ചയം ഇല്ല. അതാണ് പ്രശ്നം. പോരാത്തതിന് അങ്ങനെ കഴിക്കുമ്പോൾ ആ ചെടിയിലുള്ള മറ്റു പല ടോക്സിനുകളും ശരീരത്തിൽ എത്തുകയും ചെയ്യും... പിന്നെ നിങ്ങളൊക്കെ ഉണ്ടാക്കുന്ന ആയുർവേദ മരുന്നുകളിൽ നിങ്ങൾ പോലും അറിയാതെ കിടക്കുന്ന മറ്റൊരു പ്രശ്നമുണ്ട്- ഹെവി മെറ്റൽസ്... ഹെവി മെറ്റൽസ് കാരണം ശരീരത്തിന് പലപ്പോഴും ഉണ്ടാകുന്നത് irreversible damage ആണ്... "

സ്ത്രീ- " എന്തെങ്കിലും ടെസ്റ്റ് ചെയ്യണോ? "

ഞാൻ- "തൽക്കാലം നിങ്ങൾക്ക് വേറെ ലക്ഷണം ഒന്നുമില്ലാത്ത സ്ഥിതിക്ക് ഒന്നും ഇപ്പോൾ വേണ്ട. ഒരു രണ്ടാഴ്ച ഈ പറഞ്ഞ ഇലകളും അരിഷ്ടവും ഒക്കെ മാറ്റിവെച്ച് രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ബ്ലഡ് ഷുഗർ വീട്ടിൽ തന്നെ ഒന്ന് നോക്കൂ... അതുകഴിഞ്ഞ് നമുക്ക് കാണാം

Disclaimer: Statements and observations made are strictly personal and may be prone to various cognitive biases and logical fallacies.

(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com