ഹൃദയം തകര്‍ക്കും, പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം വില്ലന്‍- പഠനം

ഏകദേശം 20000ത്തോളം രാസവസ്തുക്കളുടെ സാന്നിധ്യമാണ് പ്ലാസ്റ്റികില്‍ അടങ്ങിയിട്ടുള്ളത്
image of food takeway on plastic containers
Updated on

പ്ലാസ്റ്റിക് ടേക്ക്ഔട്ട് പാത്രങ്ങളില്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരാണോ, കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം. പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടുള്ള ഉത്പനങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക് ഉത്പനങ്ങളില്‍ നിന്നും ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന രാസവസ്തുക്കള്‍ കുടലിലെ രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ള വീക്കത്തിന് കാരണമാകുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച 'പ്ലാസ്റ്റിക് ടേക്ക്ഔട്ട് പാത്രങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും' ചര്‍ച്ച ചെയ്യുന്ന പഠനത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള 3179 പേരിലാണ് പ്ലാസ്റ്റിക് ഉപയോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (സിവിഡി) അപകടസാധ്യതയും തമ്മിലുള്ള പരസ്പരബന്ധം പരിശോധിച്ചത്. വലിയ തോതില്‍ പ്ലാസ്റ്റിക് ടേക്ക്ഔട്ട് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഹൃദയ സ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

heart attack
ഹൃദയാഘാതം- പ്രതീകാത്മക ചിക്രം

ഏകദേശം 20000ത്തോളം രാസവസ്തുക്കളുടെ സാന്നിധ്യമാണ് പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ളത്. ഇതില്‍ ബിപിഎ (ബിസ് ഫിനോള്‍ എ), ഫ്താലേറ്റുകള്‍, പോളിഫ്‌ലൂറോഅല്‍കൈല്‍ വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണത്തിലൂം ഭക്ഷണ പാക്കേജുകളിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്ന രാസ വസ്തുക്കള്‍ കാന്‍സര്‍ മുതല്‍ പ്രത്യുല്‍പാദന ശേഷിയെ വരെ പ്രതികൂലമായി ബാധിക്കുന്നവയാണ്. എന്നാല്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കള്‍ പ്രത്യേകമായി പഠനം അടയാളപ്പെടുത്തുന്നില്ല.

പ്ലാസ്റ്റിക് ചെറിയ രീതിയില്‍ തന്നെ ചൂടാകുമ്പോള്‍ ഇതില്‍ നിന്നും അപകടകരമായ രാസവസ്തുക്കള്‍ പുറംതള്ളപ്പെടുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കള്‍ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. മൈക്രോവേവ് ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ചതുരശ്ര സെന്റിമീറ്ററില്‍ 4.2 ദശലക്ഷം മൈക്രോപ്ലാസ്റ്റിക് കണികകള്‍ വരെ ചോര്‍ന്നൊലിക്കുന്നു എന്ന മുന്‍ കണ്ടെത്തലുകളും പുതിയ പഠനത്തില്‍ പരാമര്‍ശിക്കുന്നു. പ്ലാസ്റ്റിക് കണികകള്‍ കലര്‍ന്ന വെള്ളം നല്‍കി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇവയുടെ സാന്നിധ്യം കുടലിലെ ബാക്ടീരിയകളെ ബാധിക്കുന്നതായും ഇത് മെറ്റബോളിസത്തെ തകരാറിലാക്കുന്നതായും കണ്ടെത്തിട്ടുണ്ട്. പരീക്ഷണം നടത്തിയ എലികളുടെ ഹൃദയ പേശികളിലെ കോശഘടനയെ തകരാറിലാക്കിയെന്നും പഠനം പറയുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും ഇത്തരം സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കാനാകും എന്നതിനെ കുറിച്ച് പഠനം പറയുന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയും ഗ്ലാസ്, മരം അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗം വര്‍ധിപ്പിച്ചും ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്നും ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com