'പുകവലി ആരോഗ്യത്തിന് ഹാനികരം'- എന്ന വാചകം സിഗരറ്റ് പാക്കറ്റുകളിൽ തന്നെ എഴുതി പതിപ്പിച്ചാലും സിഗരറ്റ് വിൽപ്പനയും പുകവലിയും തകൃതിയിൽ നടക്കും. പുകവലി ആരോഗ്യത്തിന് എത്ര ഹാനികരമാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നതാണ് അടുത്തിടെ ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകർ നടത്തിയ പുതിയ പഠനം.
ഒരു സിഗരറ്റ് ഒരു വ്യക്തിയുടെ ആയുസിന്‍റെ ഏകദേശം 20 മിനിറ്റ് വെട്ടിച്ചുരുക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസ്സിന്റെ ഏഴ് മണിക്കൂർ കുറയ്ക്കും. ഒരു ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ 2025 ജനുവരി ഒന്നിന് പുകവലി ഉപേക്ഷിക്കുകയാണെങ്കിൽ ജനുവരി എട്ടോടെ ഒരു ദിവസത്തെ ആയുസും, ഫെബ്രുവരി 20-ഓടെ ഒരു ആഴ്ചയും, ഓഗസ്റ്റ് അഞ്ചോടെ ഒരു മാസവും നഷ്ടപ്പെടുന്നത് തടയാൻ കഴിയും. വർഷാവസാനത്തോടെ, അവർക്ക് 50 ദിവസത്തെ ആയുസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നും ഗവേഷകര്‍ പറയുന്നു.
പുകവലി പ്രാഥമികമായി ഒരാളുടെ ആരോഗ്യകരമായ മധ്യവർഷങ്ങളെയാണ് ബാധിക്കുക. ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പഠനം വ്യക്തമാക്കുന്നു. യുകെയിൽ പ്രതിവർഷം ഏകദേശം 80,000 മരണങ്ങൾക്കും കാൻസർ മരണങ്ങളിൽ നാലിലൊന്നിനും കാരണം പുകവലിയാണെന്ന് മുന്‍പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
1996 മുതൽ സ്ത്രീകളുടെ ആരോഗ്യം നിരീക്ഷിച്ചുവരുന്ന മില്യൺ വിമൻ എന്ന പഠനത്തിൽ നിന്നുമുള്ള ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2000-ൽ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഒരു സിഗരറ്റ് വലിക്കുന്നത് ശരാശരി 11 മിനിറ്റ് ആയുർദൈർഘ്യം കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ജേണൽ ഓഫ് അഡിക്ഷനിൽ പ്രസിദ്ധീകരിച്ച പഠനം ഈ കണക്ക് ഇരട്ടിയാക്കുന്നതാണ്. അതായത് ഒരു സിഗരറ്റ് പുരുഷന്മാര്‍ക്ക് 17 മിനിറ്റ് വീതവും സ്ത്രീകൾക്ക് 22 മിനിറ്റ് വീതവും നഷ്ടമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
വാർദ്ധക്യം പലപ്പോഴും വിട്ടുമാറാത്ത രോഗങ്ങളോ വൈകല്യങ്ങളോ കൊണ്ട് അടയാളപ്പെടുത്തപ്പെടുന്നതിനാൽ, ജീവിതത്തിലെ കുറച്ച് വർഷങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ ചില ആളുകൾക്ക് പ്രശ്‌നമില്ലെന്ന് തോന്നിയേക്കാം. എന്നാൽ പുകവലി ജീവിതാവസാനത്തിലെ അനാരോഗ്യകരമായ കാലഘട്ടത്തെയല്ല കുറയ്ക്കുന്നത്. ഇത് പ്രാഥമികമായി മധ്യവയസിലെ താരതമ്യേന ആരോഗ്യകരമായ വർഷങ്ങളെയാണ് ബാധിക്കുന്നത്. ഇത് അനാരോഗ്യത്തിന്റെ ആരംഭത്തിലേക്ക് നയിക്കുന്നു. അതായത് 60 വയസുള്ള ഒരു പുകവലിക്കാരന് സാധാരണയായി 70 വയസുള്ള പുകവലിക്കാത്ത ഒരാളുടെ ആരോഗ്യ പ്രൊഫൈൽ ഉണ്ടായിരിക്കും.- പഠനത്തിന് നേതൃത്വം നല്‍കിയ ജാക്‌സൺ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക