രാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ) സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കാം. കൂടാതെ എച്ച്എംപി വൈറസ് വൃക്കകളെയും ബാധിക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
എച്ച്എംപിവി വൃക്കയെ ബാധിക്കുമോ?
അടുത്തിടെ എച്ച്എംപി വൈറസ് ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അക്യൂട്ട് കിഡ്‌നി ഇന്‍ജുറി(എകെഐ)യുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതായി സിലിഗുരിയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജി, സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ആയ ഡോ. ബി വിജയ്കിരൺ ചൂണ്ടിക്കാണിക്കുന്നു. പ്രായമാകുന്തോറും എകെഐ അപകട സാധ്യത വര്‍ധിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. അതേസമയം വൃക്കയുടെ പരിക്ക് ശ്വസന പ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.
വൃക്ക, കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ എച്ച്എംപിവി ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകും. ഇത് ഗുരുതരമായ ശ്വാസകോശ അണുബാധകള്‍ക്കും സങ്കീര്‍ണതകള്‍ക്കും അക്യൂട്ട് റെസ്‌പിറേറ്ററി ഡിസ്‌ട്രെസ് സിൻഡ്രം എന്നിവയ്ക്കുമുള്ള സാധ്യത വർധിപ്പിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഇമ്മ്യൂണോഫ്ലൂറസെൻസ് അല്ലെങ്കിൽ ആർടി-പിസിആർ പരിശോധന നിര്‍ബന്ധമാക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ വൈറൽ വ്യാപനം തടയുന്നതിന് ഉചിതമായ അണുബാധ നിയന്ത്രണ രീതികൾ നടപ്പിലാക്കുന്നത് ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
എച്ച്എംപിവി മൂലം നേരിട്ടുള്ള വൃക്ക തകരാറുകൾ വ്യാപകമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന അപകട സാധ്യതയുള്ള വിഭാഗങ്ങളിൽ (പ്രായമായർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ) വൈറസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനം
കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് എച്ച്എംപിവി രോഗലക്ഷണങ്ങള്‍. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം.
മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം. കുട്ടികളും പ്രായമായവരുമാണ് ഈ രോഗത്തിന് കൂടുതല്‍ ഇരകളാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക